Progressing

Diocesan News


31/03/2023

ഹൈറേഞ്ച് ജനതയ്ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി കോട്ടയം അതിരൂപത

ഇടുക്കി :  കാര്‍ഷിക പ്രതിസന്ധി, വന്യജീവി ആക്രമണം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാല്‍  ക്ലേശിക്കുന്ന ഹൈറേഞ്ച് ജനതയ്ക്ക് കോട്ടയം അതിരൂപതയുടെ പരിപൂര്‍ണ്ണ പിന്തുണ തുടര്‍ന്നും കൂടുതല്‍ ശക്തമായി നല്‍കുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ വാര്‍ഷിക ആഘോഷമായ സ്വാശ്രയ ഹരിത സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഥിതരെയും പിന്നോക്കാവസ്ഥയിലുള്ളവരെയും സഹായിക്കുന്നതിന് കോട്ടയം അതിരൂപതയും അതിരൂപതയിലെ ജനങ്ങളും സാധിക്കുന്ന എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളിലെ കാര്‍ഷിക പ്രതിസന്ധികളിലും കോവിഡ്-പ്രളയകാലഘട്ടങ്ങിലും അതിരൂപത ഹൈറേഞ്ചിലെ ജനങ്ങളോടു സവിശേഷ കരുതല്‍ പുലര്‍ത്തിയിട്ടുണ്ട്.  സ്വാശ്രയഹരിതസംഗമത്തിലെ കര്‍ഷക കൂട്ടായ്മ എല്ലാവിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കി സാമൂഹ്യമുന്നേറ്റം സാധ്യമാക്കുവാന്‍ വഴിയൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഐ എ എസ് സംഗമം ഉദ്ഘാടനം ചെയ്തു.  കര്‍ഷകരോടും കാര്‍ഷിക മേഖലയോടും ചേര്‍ന്നുനിന്ന് ഗ്രീന്‍വാലി ഡെപല്പ്പ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.  കോട്ടയം അതിരൂപത വികാരി ജനറാളും ജി.ഡി.എസ് പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. ഷാജി പൂത്തറ, സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രാജി ചന്ദ്രന്‍, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി  ജോയി,  ജി ഡി എസ് സ്ഥാപക സെക്രട്ടറി ഫാ. മൈക്കിള്‍ നെടുംതുരുത്തിയില്‍, സിസ്റ്റര്‍ സോളി മാത്യു, അഡ്വ. ഫെനില്‍ ജോസ്, സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

സംഗമത്തോടനുബന്ധിച്ച് രാവിലെ നടത്തപ്പെട്ട കാര്‍ഷിക സെമിനാറിനു കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നേതൃത്വം നല്‍കി. മലയോര ജനതയുടെ നിലവിലെ സാഹചര്യത്തില്‍ ജാതിമത ചിന്തകള്‍ക്കതീതമായി, ഓരോ പഞ്ചായത്തിലെയും എല്ലാവിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കി അവകാശസംരക്ഷണത്തിനായി അണിചേരുവാന്‍ സെമിനാറിനെ തുടര്‍ന്ന് തീരുമാനമായി.  പ്രദര്‍ശന വിപണന സ്റ്റാളുകള്‍, കാര്‍ഷിക മത്സരങ്ങള്‍, തടിയമ്പാട് കാര്‍ഷിക നഴ്‌സറിയിലെ നടീല്‍ വസ്തുക്കളുടെ വിതരണം, സ്വാശ്രയസംഘാംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവയും സംഗമത്തോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.   ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന 160 സ്വാശ്രയ സംഘങ്ങളിലെ 2500 ഓളം കുടുംബങ്ങളിലെ സ്വാശ്രയ സംഘാംഗങ്ങളും പൊതുസമൂഹവും സംഗമത്തില്‍ പങ്കെടുത്തു.

Related News


east