Progressing
02/05/2023
കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിൻ്റെ ആഭിമുഖ്യത്തില്‍ അപ്നാദേശിൻ്റെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പിന് പേരൂര്‍ കാസാ മരിയ സെന്ററില്‍ തുടക്കമായി. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അള്‍ജീരിയ ടൂണീഷ്യ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിത ജീവിത ദര്‍ശനമുള്ള പുതുതലമുറയാണ് ഇന്നിൻ്റെ ആവശ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വെല്ലുവിളികളില്ലാത്ത ജീവിതം നിഷ്‌ക്രിയമായിരിക്കുമെന്നും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുവാനും തരണം ചെയ്യുവാനുമുള്ള മനക്കരുത്തും ഇച്ഛാശക്തിയും ഓരോരുത്തരും കൈവരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, ക്യാമ്പ് ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളി, ക്യാമ്പ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയ എസ്.വി.എം, സീനിയര്‍ മെന്റര്‍ മാത്യൂസ് ജെറി എന്നിവര്‍ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചകളും വിനോദപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. കാര്‍ട്ട് എക്‌സിക്യൂട്ടീവ് അംഗങ്ങളും ക്‌നാനായ സ്റ്റാര്‍സ് മെന്റേഴ്‌സും ക്യാമ്പിനു നേതൃത്വം നല്‍കുന്നു. ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ 10,11,12 ബാച്ചുകളില്‍ നിന്നായി 90 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.