Progressing
The First Bishop
ജീവിതത്തിലെ 65 വസന്തങ്ങള്‍ ദൈവഹിതത്തിന് സമര്‍പ്പിച്ച് നിത്യസമ്മാനത്തിനായി കടന്നുപോയ അഭിവന്ദ്യ മാര്‍ മങ്കുഴിക്കരി പിതാവ്, തണ്ണീര്‍മുക്കത്ത് പുന്നയ്ക്കല്‍ നിന്നും മങ്കുഴിക്കരിയായ പുത്തന്‍ തറ തറവാട്ടില്‍, ജോസഫ്-റോസമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ മൂന്നാമനായി 1929 മാര്‍ച്ച് 2 ന് വെള്ളിയാഴ്ച ജനിച്ചു. എറണാകുളം അതിരൂപതയില്‍പ്പെട്ട വെച്ചൂരായിരുന്നു അഭിവന്ദ്യപിതാവിന്റെ ഇടവക. ഇടവകപരിധിയിലുള്ള കോട്ടയം രൂപതയുടെ കണ്ണങ്കര സെന്റ് മാത്യൂസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.1944ല്‍ ചേര്‍ത്തല ഗവ.ഹൈസ്കൂളില്‍ നിന്ന് ഋ.ട.ഘ.ഇ പാസ്സായി. 1945ല്‍ എറണാകുളം അതിരൂപത മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിനായി ചേര്‍ന്നു. മോണ്‍.തോമസ് മൂത്തേടനായിരുന്നു റെക്ടര്‍. മലേറിയ പിടിപെട്ട് വൈദ ികപഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ബഹു. മൂത്തേടനച്ചന്റെ പ്രത്യേക താല്പര്യം മൂലം പഠനം പുനഃരാരംഭിച്ചു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലായിരുന്നു അഭിവന്ദ്യപിതാവിന്റെ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍. വൈദീക വിദ്യാര്‍ത്ഥിയായിരിക്കെ സാഹിത്യം അഭിവന്ദ്യപിതാവിന് പ്രിയപ്പെട്ട വിഷയമായിരുന്നു.
മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായിരുന്ന ഫാ.സക്കറിയാസ് ഒ.സി.ഡി. അദ്ദേഹത്തിന് സാഹിത്യ രചനകള്‍ നടത്തുന്നതിന് പ്രോത്സാഹനം നല്കി. വ്യാകുലമാതാവിന്റെ പ്രത്യേകഭക്തനായ പിതാവ് ശോകാംബികാദാസ് എന്ന തൂലികാനാമത്തില്‍ വിമര്‍ശനപരമായ നിരവധി ലേഖനങ്ങള്‍ എഴുതി. എറണാകുളം രൂപതാ മെത്രാപോലീത്തയായിരുന്ന മാര്‍ അഗസ്റ്റിന് കണ്ടത്തിലിന്റെ സഹായമെത്രാനും പിന്നീട് അതിരൂപതാദ്ധ്യക്ഷനും കര്‍ദ്ദിനാളുമായ അഭിവന്ദ്യ മാര്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍ നിന്നും 1955 മാര്‍ച്ച് 12-ാം തീയതി പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ച ശേഷം ഉപരിപഠനാര്‍ത്ഥം റോമിലേക്ക് പോയി. റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. ടാഗോറിന്റെ സത്താദര്‍ശനത്തെ പുരസ്ക്കരിച്ചായിരുന്നു ഗവേണഷണ പ്രബന്ധം. റോമില്‍ നിന്ന് മടങ്ങി വന്ന ശേഷം സെമിനാരിയില്‍ പത്തുവര്‍ഷം അഭിവന്ദ്യപിതാവ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. സത്താദര്ശനമായിരുന്നു സെമിനാരിയില്‍ പ്രധാനമായും പിതാവ് പഠിപ്പിച്ചിരുന്നത്. തത്ത്വശാസ്ത്രത്തിന് ആമുഖം, തത്ത്വശാസ്ത്ര ചരിത്രം, അസ്തിത്വവാദം, ഭാഷാവിശകലനം, പൗരസ്ത്യ പഠനങ്ങള്‍ക്ക് ആമൂഖം, സുറിയാനി ഭാഷ എന്നീ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. 1964ല്‍ അധ്യാപക ജീവിതത്തിനിടയില്‍തന്നെ, ബെല്‍ജിയത്തിലെ പ്രസിദ്ധമായ ലുവെയിന് സര്‍വ്വകലാശാലയില്‍ ഉപരിപഠനം നടത്തുവാനും മങ്കുഴിക്കരി പിതാവിന് കഴിഞ്ഞു. 1969 നവംബര്‍ 15ന് എറണാകുളം അതിരൂപത മെത്രാന് ഡോ. ജോസഫ് പാറേക്കാട്ടിലിന്റെ സഹായമെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1970 ജനുവരി 6ന് സി.ബി.സി.ഐ സമ്മേളനത്തിന്റെ തലേന്ന് പൗരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന ആര്‍ച്ച് ബിഷപ്പ് ബ്രീനി, സി.ബി.സി.ഐ. പ്രസിഡണ്ടും ബോംബെ ആര്‍ച്ച് ബിഷപ്പുമായ കാര്‍ഡിനല്‍ വലേറിയന്‍ ഗ്രേഷ്യസ് എന്നിവരുടെയും സി.ബി.സി.ഐ. അംഗങ്ങളായ ഇതരമെത്രാന്മാരുടേയും സാന്നിധ്യത്തില്‍ ഡോ. സെബാസ്റ്റ്യന്‍ മങ്കുഴിക്കരി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
പതിനഞ്ചു വര്‍ഷം രൂപതയുടെ സഹായ മെത്രാനായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. അതിരൂപതയുടെ വികാരി ജനറാള്‍ പദവിക്കു പുറമെ കെ.സി.ബി.സി. സെമിനാരി കമ്മീഷന്, പി.ഒ.സി.കമ്മീഷന്, ലിറ്റര്‍ജിക്കല്‍ കമ്മീഷന്, ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബോഡി എന്നിവയില്‍ അംഗമായിരുന്നു. കൂടാതെ ആലുവ, കോട്ടയം മേജര്‍ സെമിനാരികളുടെ കമ്മീഷന്, ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ഇന്റര്‍വ്യൂ ബോര്‍ഡ്, സീറോ-മലാബാര്‍ ലിറ്റര്‍ജിക്കല്‍ കമ്മീഷന് എന്നിവയുടെ ചെയര്‍മാനായും ദീര്‍ഘകാലം പിതാവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984 ഏപ്രില്‍ 1 ന് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ വിരമിച്ചപ്പോള്‍ മങ്കുഴക്കരി പിതാവ് അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി. 1986 ഏപ്രില്‍ 28 ന് താമരശേരി രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ മങ്കുഴിക്കരിയെ പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന് നിയമിച്ചു. 1986 ജൂലൈ 3ന് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവ് തിരുവമ്പാടി പ്രോ-കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് പുതിയ രൂപതയുടെ ഇടയസ്ഥാനം ഏറ്റെടുത്തു. പുതിയ ഇടയന്റെ ആസ്ഥാനമായ താമരശേരിയില്‍ രൂപതയ്ക്കുവേണ്ടി ഒന്‍പത് ഏക്കര്‍ സ്ഥലം ഒരു കൊച്ചു വീടോടുകൂടി നേരത്തേ വാങ്ങിയിരുന്നു. അല്‍ഫോന്‍സാ ഭവന് എന്നു പേരു നല്കപ്പെട്ട ഈ വീട് പുതിയ ഇടയന്റെ ഭവനവും രൂപതാകേന്ദ്രവുമായി മാറി. കോഴിക്കോട്,മലപ്പുറം ജില്ലകളിലായി 6000 ചതുരശ്ര കിലോമിറ്റര്‍ വിസ്തീര്‍ണവും ഒരു ലക്ഷത്തിലധികം കത്തോലിക്കരും 65 ഇടവകകളും 30 കുരിശുപള്ളികളും 70വൈദികരും 21 ഹൈസ്കൂളുകളും 22 യു.പി.സ്കൂളുകളും 21 എല്‍.പി.സ്കൂളുകളും ഒട്ടനവധി ഇതരസ്ഥാപനങ്ങളും ഉള്ള ഒരു രൂപതയുടെ ഭരണമാണ് മങ്കുഴിക്കരി പിതാവ് ഏറ്റെടുത്തത്. പുതിയ രൂപത എന്ന നിലയില്‍ അടിസ്ഥാന സംവിധാനങ്ങള്‍ പലതും ഉണ്ടാകേണ്ടിയിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രൂപതാഭവനമായിരുന്നു. തന്റെ ജനത്തിന്റെ ഉദാരമനസ്കതയില്‍ വിശ്വാസമര്‍പ്പിച്ച പിതാവ് രൂപതയുടെ ആവശ്യങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുവാന്‍ തന്നെ തീരുമാനിച്ചു. ഇതിനു വേണ്ടി ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ഇടവകകളും അദ്ദേഹം സന്ദര്‍ശിച്ചു. ചുരുങ്ങിയ ചിലവില്‍ പണിതീര്‍ത്ത രൂപതാഭവന്റെ വെഞ്ചരിപ്പ് 1989 മെയ് 20ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ പിതാവ് നിര്‍വ്വഹിച്ചു. സ്ഥാപനങ്ങള്ക്കെന്നതിനെക്കാള് അജപാലനപ്രവര്ത്തനങ്ങള്ക്കാണ് അനുഭവസമ്പന്നനായ അഭിവന്ദ്യ മങ്കുഴിക്കരി പിതാവ് മുന്‍ഗണന നല്‍കിയത്.
ൂപതാഭവന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി, ഒരു പാസ്റ്ററല്‍ സെന്റര്‍ സ്ഥാപിക്കുവാനുള്ള ശ്രമവുമായി അഭിവന്ദ്യപിതാവ് മുന്നോട്ടിറങ്ങി. രൂപതാഭവന്റെ വെഞ്ചരിപ്പു നടന്ന അന്നു തന്നെ ജ.ങ.ഛ.ഇ (ജമേെീൃമഹ അിറ ങശശൈീിമൃ്യ ഛൃശലിമേശേീി ഇലിൃേല) എന്ന പേരില്‍ കോഴിക്കോട്, മേരിക്കുന്ന് ആസ്ഥാനമായി രൂപതാ പാസ്റ്ററല്‍ സെന്റര്‍ നിലവില്‍ വന്നു. ദൈവജനത്തിന്റെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്കുള്ള പരിശീലനപരിപാടികള്‍ ഈ കേന്ദ്രത്തില്‍ ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് നൂറിലധികം പേര്‍ക്ക് താമസിച്ചു പരിശീലനം നേടാന്‍ കഴിയുന്ന ഒരു സ്ഥാപനമായി ഇത് വളര്‍ന്നു. മൈനര്‍ സെമിനാരിക്കുവേണ്ടി ആദ്യം മരുതോങ്കരയിലും പിന്നീട് പുല്ലൂരാംപാറയിലും ലഭ്യമായ താത്ക്കാലിക കെട്ടിടങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ഭാവി വൈദികരുടെ പരിശീലനത്തില്‍ മെത്രാനും രൂപതയിലെ വൈദികര്‍ക്കും ക്രിയാത്മകമായ പങ്കുണ്ടായിരിക്കണമെന്ന പിതാവിന്റെ വീക്ഷണമാണ് രൂപതാഭവനത്തോട് ചേര്‍ന്ന് സെമിനാരി സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്. 1989ല്‍ സെമിനാരി കെട്ടിടത്തിന്റെ പണി ആരംഭിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെയും ഉദാരമതികളായ സുഹൃത്തുക്കളുടെയും സഹായത്തോടെ, കെട്ടിടത്തിന്റെ പണി അതിവേഗത്തില്‍ പൂര്‍ത്തിയാക്കി 1992 മെയ് 23 ന് വെഞ്ചരിപ്പു കര്‍മ്മം നിര്‍വ്വഹിച്ചു. രൂപതയ്ക്ക് സ്ഥിരവരുമാനമുണ്ടാകുന്നതിനായി കോഴിക്കോട് മാവൂര്‍ റോഡില്‍ പണികഴിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്സ് എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നാണ്. തലശേരി രൂപതയില്‍ നിന്നു കിട്ടിയ പത്രമേനികൊണ്ടാണ് ഇതിനുവേണ്ട 30 സെന്റ് സ്ഥലം വാങ്ങിയത്. ഏഴു നിലകള്‍ക്ക് അടിത്തറയിട്ടു പണിയാരംഭിച്ച ഈ കെട്ടിടത്തിന്റെ രണ്ടു നിലകള്‍ പൂര്‍ത്തിയായി. പാവങ്ങളോടും അനാഥരോടും അങ്ങേയറ്റം കരുണാര്‍ദ്രമായ ഒരു ഹൃദയമാണ് മങ്കുഴിക്കരി പിതാവിനുണ്ടായിരുന്നത്. രൂപതയ്ക്കു ദൈവാനുഗ്രഹത്തിന്റെ ചാനലാകത്തക്കവണ്ണം, നിരാലംബരായ രോഗികളെ മരണം വരെ സംരക്ഷിക്കുന്നതിനായി രൂപതവക ഒരു ഭവനമുണ്ടാകണമെന്ന് അഭിവന്ദ്യ പിതാവ് അതിയായി അഗ്രഹിച്ചു. കരുണാഭവന് (ഒീാല ീള ഇീാുമശൈീി)എന്ന പേരില്‍ ഒരു സ്ഥാപനം അഭിവന്ദ്യ പിതാവ് ചുരുങ്ങിയ കാലം കൊണ്ട് പടുത്തുയര്‍ത്തി. സജ്ജീകരണങ്ങളെല്ലാം തയ്യാറാകുന്നതിനുമുമ്പ്, ഉള്‍പ്രേരണയുടെ ശക്തിയാലെന്നവണ്ണം, പ്ലാന്‍ ചെയ്തിരുന്നതിനേക്കാള്‍ നേരത്തെ, ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1994 ഏപ്രില്‍ 7 ന് തികച്ചും അനാര്‍ഭാടമായി നിര്‍വ്വഹിക്കപ്പെട്ടു.
മരിക്കുന്നതിന്റെ തലേദിവസം തന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നം എന്നു പറയാവുന്ന കരുണാഭവന് സന്ദര്‍ശിക്കുകയും ഓരോ രോഗിയുടെയും അടുക്കല്‍ പോയി സുഖാന്വേഷണങ്ങള്‍ നടത്തുകയും അവരോടൊത്ത് ഫോട്ടോ എടുക്കുകയും ചെയ്തു. അവിചാരിതമായി അന്ന് അവിടെ അത്താഴവും കഴിച്ചു. അങ്ങനെ താന്‍ ഏറ്റവുമധികം സ്നേഹിച്ച അഗതികളുടെ ഭവനത്തിലായിരുന്നു പിതാവിന്റെ അന്ത്യ അത്താഴം!! രൂപതയുടെ മറ്റൊരു വലിയ ആവശ്യം അജപാലനശുശ്രൂഷയില്‍ നിന്നു വിരമിക്കുന്ന വൈദികര്‍ക്കു വേണ്ടിയുള്ള ഭവനമായിരുന്നു. പി.എം.ഒ.സി.യുടെ അടുത്ത് 40 സെന്റ് സ്ഥലം വാങ്ങിക്കുകയും കെട്ടിടത്തിന്റെ പണികള്‍ ആരംഭിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. ജൂണ്‍ 16 ന് വ്യാഴാഴ്ച കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിശ്ചയിച്ചിരുന്നതാണ്. പക്ഷെ, വിശ്രമഭവനത്തിന്റെ തറക്കല്ലിടലിനു കാത്തുനില്‍ക്കാതെ നിത്യവിശ്രമത്തിന്റെ ഭവനത്തിലേക്ക് പിതാവ് യാത്രയായി. രൂപതയ്ക്ക് ഒരു കത്തീഡ്രല്‍ പള്ളി ഉണ്ടാകണമെന്ന് പിതാവ് അത്യധികം ആഗ്രഹിച്ചിരുന്നു. താമരശേരിയുടെ ഹൃദയഭാഗത്ത് കത്തീഡ്രല്‍ പള്ളിയ്ക്കുവേണ്ടി ഒന്നേകാല്‍ ഏക്കര്‍ സ്ഥലം വാങ്ങിക്കുവാന്‍ അദ്ദേഹം മറന്നില്ല. ദൈവജനത്തിന്റെ നവീകരണത്തിനുവേണ്ടി ഒരു ധ്യാനകേന്ദ്രം വേണമെന്ന് പിതാവ് ആഗ്രഹിച്ചു. 1994 ജനുവരി 6ന് ആ സ്വപ്നവും പൂവണിഞ്ഞു. ആരാധനാ സന്ന്യാസിനീ സമൂഹം രൂപതയ്ക്ക് സൗജന്യമായി വിട്ടുകൊടുത്തതും നാലുവര്‍ഷത്തോളം രൂപതാമൈനര്‍ സെമിനാരിയായി ഉപയോഗിച്ചതുമായ കെട്ടിടത്തില്‍, ബഥാനിയ റിന്യൂവല്‍ സെന്റര്‍ എന്ന പേരില്‍ പുല്ലൂരാംപാറയില്‍ ധ്യാനകേന്ദ്രം ആരംഭിച്ചു. മിഷന് ലീഗ്, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി തുടങ്ങിയ സംഘടനകള്‍ക്ക് പുനരേകീകരണവും നവചൈതന്യവും പകര്‍ന്നതോടൊപ്പം, സി.വൈ.എം, കാത്തലിക് വിമന്‍സ് കൗണ്‍സില്‍ എന്നീ സംഘടനകള്‍ പിതാവ് മുന്‍കൈയെടുത്ത് രൂപതയില്‍ ആരംഭിച്ചു. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിനു ഇഛഉ (ഇലിൃേല ളീൃ ീ്ലൃമഹഹ ഉല്ലഹീുാലി)േ യും ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിന് വൊക്കേഷന്‍ ബ്യൂറോയും റെഗുലര്‍ സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാന്‍ കോര്‍പ്പറേറ്റു മാനേജുമെന്റും രൂപതയില്‍ സ്ഥാപിതമായി. അജപാലന പ്രവര്‍ത്തനങ്ങളുടെ മര്‍മ്മം മനസിലാക്കിയ പിതാവ്, ഇടവകകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുവാനും രൂപതയിലെ വിവിധ തലങ്ങളിലുള്ള ജനങ്ങളുമായും നാനാജാതി മതസ്തരുമായും നിരന്തരമായ സമ്പര്‍ക്കം പുലര്‍ത്താനും പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ നവീകരണപരിപാടികളും അല്മായര്ക്കു മുന്ഗണനനല്കിക്കൊണ്ട് സംവിധാനം ചെയ്യണമെന്നത് പിതാവിന്റെ ശക്തമായ നിര്‍ദ്ദേശമായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സ്കൂള്‍ അധ്യാപക സെമിനാറുകളും പി.ടി.എ.സെമിനാറുകളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. വിവാഹത്തിനൊരുങ്ങുന്ന യുവതീയുവാക്കള്‍ക്കായി പ്രീ-കാനാ കോഴ്സുകളും വിവാഹിതര്‍ക്കുവേണ്ടി മാര്യേജ് എന്‍കൗണ്ടര്‍ പ്രോഗ്രാമുകളും മാര്യേജ് ബ്യൂറോയും ഫാമിലി കൗണ്‍സിലിംഗ് സെന്ററും ആരംഭിച്ചു. പ്രബുദ്ധമായ ആത്മായനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി മതാധ്യാപകര്‍ക്കായി ടഠഅഞഠ (ടൗിറമ്യ ടരവീീഹ ഠലമരവലൃ'െ അറ്മിരലറ ഞലഹശഴശീൗ െഠൃമശിശിഴ) എന്ന പേരില്‍ പരിശീലനപരിപാടി രൂപകല്‍പ്പന ചെയ്തു.
ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട്, സണ്‍ഡേ സ്കൂളുകളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കായി, മിനി മാസ്റ്റര്‍ ട്രെയിനിംഗ് പ്രോഗ്രാം വിഭാവനം ചെയ്തു. പി.ടി.എ സെമിനാറുകളില്‍ അഭിവന്ദ്യ പിതാവിന്റെ ക്ലാസ്സുകള്‍ നാനാജാതി മതസ്ഥരായ കേള്‍വിക്കാര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. കഥയും ഫലിതവും കവിതയും തത്ത്വചിന്തയും കലര്‍ന്ന പിതാവിന്റെ പ്രഭാഷണങ്ങള്‍ എല്ലാവരും ഇഷ്ടപ്പെട്ടു. മറ്റു മതസ്ഥരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടികള്‍ പിതാവിനു താല്പര്യമായിരുന്നു. അക്രൈസ്തവരുടെ കൂടി താല്പര്യപ്രകാരമാണ് താമരശേരിയില്‍ അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആരംഭിക്കുവാന്‍ പിതാവ് മുന്‍കൈ എടുത്തത്. അഭിവന്ദ്യ പിതാവിന്റെ നിര്യാണത്തോടെ ക്രൈസ്തവര്‍ക്കു മാത്രമല്ല, തങ്ങള്‍ക്കും ഒരു നല്ല ഇടയന് നഷ്ടപ്പെട്ടു എന്ന ദുഃഖം നാനാജാതി മതസ്തര്‍ക്കും ഉണ്ടായതിന്റെ രഹസ്യം ഈ നല്ല ബന്ധമാണ്. 2000 ത്തോളം സുറിയാനി കുടുംബങ്ങള്‍ താമസിക്കുന്ന കോഴിക്കോട്ട് അജപാലന പ്രവര്‍ത്തനത്തില്‍ സവിശേഷമായ ശ്രദ്ധ പിതാവ് പ്രദര്‍ശിപ്പിച്ചു. രൂപതയുടെ പാസ്റ്ററല്‍സെന്റര്‍ കോഴിക്കോട് സ്ഥാപിക്കാനും പാറോപ്പടി, അശോകപുരം, മാങ്കാവ് എന്നീ ഇടവകകള്‍ സ്ഥാപിക്കാനും പിതാവിന് സാധിച്ചു. ലാളിത്യം ജീവിതവ്രതമായി സ്വീകരിച്ച മാര്‍ മങ്കുഴിക്കരിപ്പിതാവ് സ്വന്തം സുഖസൗകര്യങ്ങള്‍ ഒരിക്കലും അന്വേഷിച്ചില്ല. അഭിവന്ദ്യ പിതാവിന്റെ ആത്മാര്‍ത്ഥതയും നിഷ്കളങ്കതയും വിശ്വാസദാര്‍ഢ്യവും സഭാസ്നേഹവും ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്തവിധം ധന്യമായിരുന്നു. ഈ സവിശേഷഗുണങ്ങളാണ് കാപട്യത്തിനു മുമ്പില്‍ ധാര്‍മ്മികരോഷത്തിന്റെ കത്തിജ്ജ്വലിക്കുന്ന അഗ്നിഗോളമായി പിതാവിനെ പലപ്പോഴും മാറ്റിയത്. ലളിതമായ ജീവിതവും ഉന്നതമായ ചിന്തയും മുഖമുദ്രയായിരുന്ന ആ പ്രതിഭാധനന് 1994ജൂണ്‍ 11ന് ശനിയാഴ്ച വൈകുന്നേരം 7.55ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു!
Second Bishop
താമരശേരി രൂപതയുടെ രണ്ടാമത്തെ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ രൂപതാംഗവും മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനുമായിരുന്ന അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവായിരുന്നു. രൂപതയുടെ മദ്ധ്യസ്ഥനായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ സ്വന്തം ഇടവകയായ തിരുവമ്പാടി പ്രോ-കത്തീഡ്രലില്‍ വച്ച് സ്വന്തം രൂപതയുടെ മെത്രാനായി സ്ഥാനാഹോരണം ചെയ്തപ്പോള്‍ 'നിന്റെ മക്കളില്‍ ഒരുവനെ നിന്റെ സിംഹാസനത്തില്‍ ഞാന്‍ ഉപവഷ്ടനാക്കും' (സങ്കീ 132, 11) എന്ന സങ്കീര്‍ത്തകന്റെ വാക്കുകള്‍ നിറവേറുകയായിരുന്നു.
പാലാ രൂപതയിലെ വിളക്കുമാടത്ത് 1930 ഡിസംബര്‍ 13ന് ആയിരുന്നു പിതാവിന്റെ ജനനം. ചങ്ങാനാശേരി, ആലുവ, റോം എന്നിവിടങ്ങളിലെ സെമിനാരി പരിശീലനത്തിന് ശേഷം 1956 ഡിസംബര്‍ 22ന് റോമില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയശേഷം തിരിച്ചെത്തിയ പിതാവ്, തലശേരി രൂപതാധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ സെബാസ്ററ്യന് വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറി, രൂപതയുടെ ചാന്‍സലര്‍, മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്, ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. രൂപതയില്‍ തരിച്ചെത്തിയ ശേഷം വിണ്ടും മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി. പുതുതായി രൂപം കൊണ്ട മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മെയ് 1ന് ചാര്‍ജെടുത്തു. 22 വര്‍ഷത്തെ ശുശ്രൂഷയ്ക്കുശേഷം 1995 ജൂണ്‍ 7 ന് താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനാവുകയും ജൂലൈ 28ന് രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് അഭിവന്ദ്യപിതാവ് 1997 ഫെബ്രുവരി 15 ന് തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചാര്‍ജെടുത്തു.
പിതാവിന്റെ ഹൃദ്യമായ പെരമാറ്റം ആരെയും ആകര്‍ഷിക്കുന്നതാണ്. തന്റെ അടുത്തുവരുന്നവരെ വളരെയധികം സ്നേഹത്തോടെയും പരിഗണനയോടെയുമാണ് പിതാവ് സ്വീകരിക്കുന്നത്. ആരെയും വേദനിപ്പിക്കാതെ സന്തോഷപൂര്‍വ്വം സംസാരിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അസാമാന്യമാണ്. അനൗപചാരികത പിതാവിന്റെ സ്വഭാവത്തിന്റെ മുഖമുദ്രയായി കണക്കാക്കാം. ഓരോരുത്തരെയും പേരു ചൊല്ലി വിളിച്ചുകൊണ്ടുള്ള പിതാവിന്റെ പെരുമാറ്റം വളരെ ആകര്‍ഷണീയമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മെത്രാന്മാരെപ്പറ്റിയുള്ള പ്രമാണരേഖയും 16-ാം ഖണ്ഡികയില്‍ പറയുന്നതുപോലെ എല്ലാറ്റിനുമുപരി ഒരു മെത്രാനുവേണ്ടത് ഒരു പിതാവിന്റെ ഹൃദയമാണെന്ന് തൂങ്കുഴി പിതാവ് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.
ദൈവം ഏല്പിച്ച സുവിശേഷം മറ്റുള്ളവരെ അറിയിക്കുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ജോലിത്തിരക്കിനിടക്കും പിതാവ് നഷ്ടപ്പെടുത്താറില്ല. ഇന്ത്യയിലെ മിക്കാവാറും എല്ലാ രൂപതകളിലെയും വൈദികരെ അദ്ദേഹം ധ്യാനിപ്പിച്ചിട്ടുണ്ട്. ഹൃദയത്തെ സ്പര്ശിക്കത്തവിധത്തില് ദൈവവചനം വ്യാഖ്യാനിച്ചു കൊടുക്കാന്‍ ഒരു പ്രത്യേക സിദ്ധിതന്നെയുണ്ട് പിതാവിന്. പ്രസംഗങ്ങള്‍ക്ക് ഒരുങ്ങാന്‍ പുസ്തകങ്ങളേക്കാള്‍ കൂടുതലായി പ്രാര്‍ത്ഥനയാണ് അദ്ദേഹത്തെ സഹായിക്കുക. സക്രാരിയുടെ മുമ്പില്‍ പ്രാര്‍ത്ഥനാ നിരതനായിരുന്നുകൊണ്ടാണ് പിതാവ് തന്റെ പ്രധാനപ്പെട്ട പ്രസംഗങ്ങളെല്ലാം ഒരുങ്ങാറുള്ളത്. തൂങ്കുഴി പിതാവ് നന്നായി ഒരുങ്ങിയേ പ്രസംഗിക്കാറുള്ളൂവെന്നും പിതാവിന്റെ ഓരോ പ്രസംഗത്തിലും എന്തെങ്കിലും പുതിയ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാകാറുണ്ടെന്നും അഭിവന്ദ്യ മങ്കുഴിക്കരി പിതാവ് പറയാറുണ്ടായിരുന്നു. നല്ല ഒരു പാട്ടുകാരനായ തൂങ്കുഴി പിതാവിന്റെ ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും സുവിശേഷപ്രസംഗവും ആരെയും ദൈവാനുഭവത്തിലേക്ക് എളുപ്പത്തില്‍ നയിക്കുന്നതാണ്.
22 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് മാനന്തവാടി രൂപതയില്‍ ബിഷപ്സ് ഹൗസ്, മൈനര്‍ സെമിനാരി, പാസ്റ്ററല്‍ സെന്റര്‍, കോളേജ്, ആശുപത്രി, അനാഥാലയങ്ങള്‍ തുടങ്ങിയവയെല്ലാം പടുത്തുയര്‍ത്തി. മാനന്തവാടി കേന്ദ്രമാക്കി ക്രിസ്തുദാസി സന്ന്യാസിനി സമൂഹത്തിന് രൂപം കൊടുക്കുവാനും പിതാവിനെ ദൈവം ഉപകരണമാക്കി. താമരശേരിയില്‍ ഉണ്ടായിരുന്ന ഒന്നരവര്‍ഷത്തിനിടയില്‍ എല്ലാ ഇടവകകളും സന്ദര്‍ശിക്കുന്നതിനും സാധുജനക്ഷേമത്തിനുവേണ്ടിയുള്ള യേശുനിധി ആരംഭിക്കുന്നതിനും കത്തീഡ്രലിന്റെ അടിസ്ഥാനശില വെഞ്ചരിക്കുന്നതിനും നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനും പിതാവിനു കഴിഞ്ഞു. തൃശൂര്‍ അതിരൂപതയില്‍ മേജര്‍ സെമിനാരി, മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ട്രെയിനിംഗ് കോളേജ്, നേഴ്സിംഗ് കോളേജ്, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ കഴിഞ്ഞതും പിതാവിന്റെ വലിയ നേട്ടങ്ങളാണ്.
Third Bishop
1997 ഫെബ്രുവരി 13ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് താമരശ്ശേരി രൂപതയുടെ സാരഥിയായി നിയമിതനായത് മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലാണ്. 13 വര്‍ഷം രൂപതയെ പുരോഗതിയിലേക്ക് നയിച്ച പിതാവ് 2010 ഏപ്രില്‍ 8ന് രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചു.
തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഭൂജാതനായി. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസ്സായി. തേവര എസ്.എച്ച് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.
1961 ഒക്ടോബര്‍ 18ന് അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നു റോമില്‍ വച്ച് പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966 ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ എന്നീ ഇടവകകളില്‍ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
1971 ല്‍ കുണ്ടുകുളം പിതാവിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. 1988 ല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി കല്യാണ്‍ രൂപത സ്ഥആപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വര്‍ഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു.
താമരശ്ശേരി രൂപത മെത്രാനായി ചുമതലയേറ്റെടുത്തപ്പോള്‍ സ്വീകരിച്ച ആദര്‍ശവാക്യം നവീകരിക്കുക, ശക്തിപ്പെടുക എന്നതായിരുന്നു. കുടുംബങ്ങളുടെ നവീകരണത്തിലൂടെ ആദര്ശവാക്യത്തിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തി രൂപതയില്‍ കൈവരിക്കുന്നതിന് അഭിവന്ദ്യ പിതാവ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു. രൂപതയുടെ ആത്മീയ സ്രോതസ്സായ പുല്ലാരാംപാറ ബഥാനിയാ ധ്യാനകേന്ദ്രം പുതുക്കി നിര്‍മ്മിച്ചത് 2004 സെപ്തംബര്‍ 13 ന് ആയിരുന്നു. ധ്യാനകേന്ദ്രത്തോടു ചേര്‍ന്ന് 2005 ജൂലൈ 23 ന് നിത്യാരാധനകപ്പേളയും കുദാശ ചെയ്തു.
രൂപതയില്‍ 13 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ പള്ളികളുടെ എണ്ണം വളര്‍ച്ചയുടെ ശക്തി വെളിപ്പെടുത്തുന്നു. നേരത്തെ ഉണ്ടായിരുന്ന ചെറിയ പള്ളികളൊക്കെ ഇടവക ദൈവാലയങ്ങളായി ഉയര്‍ത്തിയതും അവിടെയൊക്കെ വികാരിമാരെ നിയമിച്ചതും പിതാവിന്റെ മിഷനറി മനസ്സാണ്. വൈദികരുടെ എണ്ണം സാരമായി വര്‍ദ്ധിച്ചത് പിതാവിന്റെ കാലത്താണ്. സമര്‍ത്ഥന്മാരെ കണ്ടുപിടിച്ച് ഉപരിപഠനത്തിനയക്കുവാനും അവരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കുവാനും പിതാവ് പ്രത്യേകം ശ്രദ്ധിച്ചു. ഏതെങ്കിലും അച്ചന് രോഗം വന്നാല്‍ ആശ്വസിപ്പിക്കാനായി ഓടിയെത്തുന്ന ആദ്യവ്യക്തി പിതാവാണ്. അതിഥികളോടുള്ള പെരുമാറ്റം കണ്ടു പഠിക്കേണ്ടതാണ്. താമരശ്ശേരി രൂപതയുടെ കോഴിക്കോട്ടുള്ള സാന്നിദ്ധ്യം പി.എം.ഒ.സി. തന്നെയാണ്. വിശ്വാസപരിശീലനത്തിന്റെ എല്ലാ വിഭാഗങ്ങളും അവിടെ പ്രവര്‍ത്തിക്കുന്നു. സമര്‍ത്ഥരായ നമ്മുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനും ജോലിലഭ്യതയ്ക്കും വേണ്ടിയാണ് സ്റ്റാര്‍ട്ട് ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്. രൂപതയിലെ എല്ലാ ഇടവകകളിലും സന്ദര്‍ശനം നടത്തി, വാര്‍ഡ് കൂട്ടായ്മകളില്‍ പങ്കെടുക്കുകയും രോഗികളെ ഭവനങ്ങളില്‍ ചെന്ന് പ്രാര്‍ത്ഥിച്ച് ആശ്വസിപ്പിക്കുകയും ചെയ്യാന്‍ പിതാവിന് കഴിഞ്ഞു.
സന്ന്യസ്തരുടെ എണ്ണവും പ്രവര്‍ത്തന മേഖലയും വളര്‍ന്നത് പിതാവിന്റെ കാലത്താണ്. താമരശ്ശേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് വാസ്തുശില്പത്തില് മികവുപുലര്‍ത്തുന്ന കത്തീഡ്രല്‍ ദൈവാലയം വന്ദ്യപിതാവിന്റെ നേട്ടമാണ്. സീറോ-മലബാര്‍ സഭയുടെ അഭിമാനമാണ്, അഭിവന്ദ്യ പിതാവ് നേതൃത്വം കൊടുത്ത് ലിറ്റര്‍ജിക്കല്‍ കമ്മീഷന് സഭയ്ക്കുനല്‍കിയ ആരാധനാക്രമ പുസ്തകങ്ങള്‍. ഇടവക സന്ദര്‍ശനം നടത്തുമ്പോള്‍ പിതാവ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുമായിരുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന പിതാവ് എല്ലാം ദൈവദാനമായി കണ്ടിരുന്നു. മുഴുവന്‍ കൊന്തയും കനോനനമസ്കാരവും മുട്ടില്‍ നിന്നും നടന്നുമായി എന്നും ചൊല്ലും. എത്ര വൈകിയാലും പ്രാര്‍ത്ഥനപൂര്‍ണ്ണമാക്കാതെ കിടക്കാറില്ല. പ്രതിസന്ധികളുടെ മുമ്പില്‍ കഴുത്തിലെ മാലയിലെ കുരിശില്‍ പിടിച്ചു പറയും, 'ഇതല്ലേ നമ്മുടെ ആശ്രയം'. അടുത്തു നില്ക്കുന്നവരുടെ കണ്പീലികള് നനയുമായിരുന്നു.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |