Progressing

Diocesan News


15/03/2022

ആത്മീയപ്രഭാഷകനും ചിന്തകനുമായ സാധു ഇട്ടിയവിര (101) വിടപറഞ്ഞു.

കോതമംഗലം: വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കോതമംഗലം സെൻ്റ് ജോസഫ് (ധർമ്മഗിരി) ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന സാധു ഇട്ടിയവിര മരണമടഞ്ഞു. കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി എന്ന ഗ്രാമത്തിൽനിന്നും വളർന്ന് ലോകമാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തി പ്രശസ്തനായിമാറിയ സാധു ഇട്ടിയവിര ആധ്യാത്മിക പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വളരെയേറെ ശ്രദ്ധേയനായി. അന്താരാഷ്ട്ര പ്രസിദ്ധമായ ഷ്വൈറ്റ്സർ അവാർഡ് ജേതാവാണ്. ഒരു നൂറ്റാണ്ടിൻ്റെ വിശുദ്ധമായ ക്രിസ്തീയ പൈതൃകത്തിൻ്റെ ഉടമയാണ് അദ്ദേഹം. സംശുദ്ധമായ രീതിയിൽ ജീവിക്കുകയും ദൈവസ്നേഹം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയും ചെയ്തു. കേരളം മുഴുവൻ ഓടിനടന്ന് ദൈവസ്നേഹത്തെ കുറിച്ച് സാധുവിനെപ്പോലെ പഠിപ്പിച്ചിട്ടുള്ള ഒരു വ്യക്തിയും കേരളക്കരയിൽ കാണുകയില്ല.

101-ാം പിറന്നാൾദിനം ഈ വരുന്ന മാർച്ച് 18 ന് ശനിയാഴ്ച ആഘോഷിക്കാൻ ഇരിക്കെ ജന്മമാസത്തിൽതന്നെ തൻ്റെ ധന്യവും ശ്രേഷ്ഠവുമായിരുന്ന ജീവിതയാത്രക്ക് വിരാമം കുറിച്ചു. മാർച്ച് 15, ബുധനാഴ്ച്ച വൈകിട്ട് കോതമംഗലം സെൻ്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. ലില്ലിക്കുട്ടിയാണ് ഭാര്യ. കോതമംഗലം സെൻ്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ജിജോ ഇട്ടിയവിര ഏക മകനാണ്. ജെയ്സി ജോസ് മരുമകളും എമ്മ മരിയ പേരക്കുട്ടിയുമാണ്. അഭിവന്ദ്യനായ സാധു ഇട്ടിയവിരയുടെ വിയോഗത്തിൽ സീറോമലബാർ വിഷൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു

Related News


east