Progressing
29/03/2023
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കാന്‍ വികാരി തയാറാകുമ്പോള്‍, ബസിലിക്ക തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
ഇതിനായി ബസിലിക്ക ഇടവകാംഗങ്ങള്‍ ഒന്നിച്ചു നിന്നാല്‍ തടസങ്ങളെ അതിജീവിക്കാനാകും. ആവശ്യമെങ്കില്‍ പോലീസ് സഹായമടക്കം നിയമപരമായ നടപടികള്‍ തേടേണ്ടതാണെന്നും മാര്‍ താഴത്ത് ബസിലിക്ക ഇടവകാംഗങ്ങള്‍ക്കായി പുറപ്പെടുവിച്ച കത്തില്‍ വ്യക്തമാക്കി.
ബസിലിക്ക തുറക്കേണ്ടത് സഭയുടെയും അതിരൂപതയുടെയും ആവശ്യമാണ്. മാര്‍പാപ്പയും സിനഡും വ്യക്തമാക്കിയിട്ടുള്ളതുപോലെ ബസിലിക്കയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണരീതി മാത്രമാണ് അനുവദനീയം.
മാര്‍പാപ്പയോടും സഭയോടും അനുരഞ്ജനപ്പെട്ട് ബസിലിക്കയില്‍ അനുവദനീയമായ ഏകീകൃത കുര്‍ബാനയര്‍പ്പണരീതി പ്രായോഗികമാക്കി ഈസ്റ്ററിന് ഒരുങ്ങാമെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആഹ്വാനം ചെയ്തു.
സീറോമലബാര്‍ സിനഡ് തീരുമാനങ്ങളെക്കുറിച്ചും അതിരൂപതയെക്കുറിച്ചും ബസിലിക്ക ദേവാലയത്തെക്കുറിച്ചും തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്തുകൂടിയാണ് ഇടവകാംഗങ്ങള്ക്കായുള്ള മാര്‍ താഴത്തിന്റെ കത്ത്.