Progressing
21/02/2023
കാഞ്ഞിരപ്പള്ളി: വിശ്വാസത്തിൻ്റെ ബന്ധമാണ് പാസ്റ്ററല്‍ കൗണ്‍സിലിൻ്റെ അടിസ്ഥാനം. ഈ ബന്ധത്തിലടിയുറച്ച കൂട്ടായ്മ സമൂഹനന്മയ്ക്ക് കാരണമാകുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. അമല്‍ ജ്യോതി കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന രൂപതയുടെ 12-ാം പാസ്റ്ററല്‍ കൗണ്‍സില്‍ ദ്വിദിനസമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനപരിപാടികളും പദ്ധതികളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാരും സെക്രട്ടറിമാരുമായി യഥാക്രമം ഫാ.തോമസ് കുന്നത്തുപുരയിടം, ഫാ.സെബാസ്റ്റ്യന്‍ പെരുനിലം, ഫാ.ഡോമിനിക് അലയൂപ്പറമ്പില്‍, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, ഫാ.ജോണ്‍ മതിയത്ത്, ഫാ. കുര്യാക്കോസ് വടക്കേടത്ത്, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. ഫിലിപ്പ് തടത്തില്‍, ബേബി കണ്ടത്തില്‍, ഡോ.ജോസ് കല്ലറയ്ക്കല്‍, സിജോ പുത്തനങ്ങാടി, വി.ജെ.തോമസ് വെള്ളാപ്പള്ളി, റെജി ജോസഫ് പുല്ലുതുരുത്തിയില്‍, കെ.സി.എബ്രാഹം കുമ്പുക്കല്‍, ഡോ.സാജു കൊച്ചുവീട്ടില്‍, വര്‍ഗീസ് പുതുപ്പറമ്പില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
അല്മായരുടെ സഭയിലുള്ള പങ്കാളിത്തത്തെക്കുറിച്ച് കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി ഡോ.കെ.എം.ഫ്രാന്‍സീസ് ക്ലാസ്സുകള്‍ നയിച്ചു. വികാരിജനറാളും ചാന്‍സലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി, പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം, വികാരി ജനറാള്‍ റവ.ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പ്രൊക്യൂറേറ്റര്‍ ഫാ ഫിലിപ്പ് തടത്തില്‍, റവ.ഫാ.മാത്യു പായിക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ജൂബി മാത്യു തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.