Progressing
17/04/2023
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്. അന്നുതന്നെ മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ് മാർ ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും ഉണ്ടാകും.
മെൽബണിനടുത്തുള്ള ക്യാമ്പെൽഫീൽഡിൽ കതിരുകളുടെ നാഥയായ മറിയത്തിന്റെ പേരിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിൽ വൈകുന്നേരം അഞ്ചിനാണ് ചടങ്ങുകൾ. മെത്രാഭിഷേകത്തിന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ചാൾസ് ബാൽവോയും സീറോ മലബാർ സഭയുടെയും ഓഷ്യാനിയയിലെ വിവിധ രൂപതകളിലെയും ബിഷപ്പുമാർ സഹകാർമികരാകും. ചടങ്ങുകൾ ക്രമീകരിക്കുന്നതിന് വിവിധ കമ്മറ്റികൾക്ക് രൂപം നല്കിയതായി വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു. മാർ ജോൺ പനന്തോട്ടത്തിൽ മേയ് 23ന് മെൽബണിൽ എത്തിച്ചേരും.