Progressing
09/02/2023
കോട്ടയം: ചിന്തയിലെ ബഹുസ്വരതയ്ക്ക് പ്രാധാന്യം ഏറിവരുന്ന ഇന്നത്തെ സമൂഹത്തില്‍ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ യഥാര്‍ഥ ദൈവവചനം നല്കുന്നതില് ശ്രദ്ധേയമായ സ്വാധീനമാണ് സമൂഹത്തില്‍ ചെലുത്തേണ്ടതെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപും പൗരസ്ത്യവിദ്യാപീഠത്തിന്റെ ചാന്‍സലറുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രൈസ്തവ ദൗത്യം സാക്ഷാത്കരിക്കാന്‍ വൈദികവൃത്തി സ്വീകരിക്കുന്നവര്‍ ക്രിസ്തുവിനോടും സഭയോടുമാണ് കടപ്പെട്ടിരിക്കുന്നതെന്ന കാര്യം മറക്കരുതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയം വടവാതുര്‍ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഒട്ടോണമസ് ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
വ്യത്യസ്ത മതവിഭാഗങ്ങളും സംസ്കാരങ്ങളും നിറഞ്ഞുനിൽക്കുന്ന സമൂഹത്തില്‍ ക്രിസ്തുവിന്റെ മുഖമാകാനും ക്രിസ്തുവചനം പ്രഘോഷിക്കാനും കഴിയുന്നവരായി നാം മാറണം. പൗരോഹിത്യ സന്യസ്ത പരിശീലനത്തില്‍ തത്വശാസ്ത്ര അടിത്തറ പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. പൗരസ്ത്യവിദ്യാപീഠം വൈസ് ചാന്‍സലർ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനായിരുന്നു. തത്വശാസ്ത്ര പഠനവിഭാഗത്തെ ഒട്ടോണമസ് സംവിധാനമായി പ്രഖ്യാപിച്ചുകൊണ്ട് റോമിലെ കത്തോലിക്ക വിദ്യാഭ്യാസ കാര്യാലയം പുറത്തിറക്കിയ ഉത്തരവ് സീറോ മലബാര്‍സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ വായിച്ചു. തുടര്‍ന്നു പൗരസ്ത്യ വിദ്യാപീഠത്തിന്റെ സ്റ്റാറ്റ്യൂട്ട്സ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാ ശനം ചെയ്തു.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, സെമിനാരി റെക്ടര്‍ റവ. ഡോ. സ്കറിയ കന്യാകോണില്‍, രജിസ്ട്രാർ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത്, ഡയറക്ടർ റവ. ഡോ. ജോണ്സണ് നീലാനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രം, പൊന്തിഫിക്കൽ ഇൻസ്റ്റി റ്റ്യൂട്ട് ആലുവ പ്രസിഡന്റ് റവ. ഡോ. സുജൻ അമൃതം, എം.റ്റി. സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. വി.എസ്. വറുഗീസ്, എംജി യൂണിവേഴ്സിറ്റി പൗലോസ് മാർ ഗ്രിഗോറിയസ് ചെയർ പ്രഫസർ ഫാ. ഡോ. കെ.എം. ജോർജ് എന്നിവർ സന്നിഹിതനായിരുന്നു. നേരത്തേ കോട്ടയം വടവാതുർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി വജ്രജൂബിലിയുടെയും പൗരസ്ത്യ വിദ്യപീഠം റൂബി ജൂബിലിയുടെയും സ്മാരകമായി നിര്‍മിച്ച കമാനത്തിന്റെ ഉദ്ഘാടനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.
തത്വശാസ്ത്രം, ദൈവശാസ്ത്രം, പൗരസ്ത്യ കാനോൻ നിയമം എന്നീ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ ഗവേഷണം വരെ നടത്താനുള്ള സാധ്യതകളാണ് ഇപ്പോൾ പൗരസ്ത്യവിദ്യാപീഠത്തിലുള്ളത്.