Progressing

Diocesan News


10/03/2023

സഹനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും സ്‌നേഹം പകര്‍ന്നു നല്‍കുവാന്‍ കഴിയുന്നതാണ് സ്ത്രീകളുടെ ശ്രേഷ്ടത- മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍

ഇരിങ്ങാലക്കുട: സഹനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും സ്‌നേഹം പകര്‍ന്നു നല്‍കുവാന്‍ കഴിയുന്നതാണ് സ്ത്രീകളുടെ ശ്രേഷ്ഠതയെന്ന് ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സിഎല്‍സി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. സ്ത്രീകള്‍ സമൂഹത്തിൻ്റെയും കുടുംബത്തിൻ്റെയും കെടാവിളക്കുകളാണ്. ശാരീരികമായും മാനസീകമായും ജീവിതത്തില്‍ ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും സ്‌നേഹവും അനുകമ്പയും സഹന ശക്തിയുമാണ് അവരെ ഏറെ ഉയരങ്ങളിലെത്തിക്കുന്നതെന്ന് ബിഷപ്പ് കൂട്ടിചേര്‍ത്തു. ആലത്തൂര്‍ ലോകസഭാംഗം രമ്യ ഹരിദാസ് എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓരോ വനിതാദിനവും കടന്നുപോകുമ്പോള്‍ ഇനിയൊരു പെണ്‍കുട്ടി പോലും ചൂഷണത്തിനോ പീഢനത്തിനോ ഇരയാകരുതെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും കഴിയുന്തോറും ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇത് നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സമൂഹ മനസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് എംപി അഭിപ്രായപ്പെട്ടു. സംസ്ഥാന സിഎല്‍സി വൈസ് പ്രസിഡൻ്റ് ഷീല ജോയ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖപ്രസംഗം നടത്തി. രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ കരസ്ഥമാക്കിയ സൈബര്‍ വിഭാഗം സിറ്റി സബ്ബ് ഇന്‍സ്‌പെക്ടര്‍ അപര്‍ണ ലവകുമാറിനെയും ദേശീയ തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത റാങ്കിംഗ് കരസ്ഥമാക്കിയ സെൻ്റ് ജോസഫ്‌സ് കോളജിനെയും ചടങ്ങില്‍ ആദരിച്ചു. സെൻ്റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ, ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതിസ്, ജോയിൻ്റ് സെക്രട്ടറി നിയ തോമസ്, കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പി.എച്ച്. രഞ്ജന, യൂണിയന്‍ ജനറല്‍ സെക്രട്ടറി എഡ്വീന ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related News


east