Progressing
09/08/2022
സുവർണ്ണ ജൂബിലി വർഷത്തിൽ 23 ഭൂരഹിത കുടുംബങ്ങൾക്കായി ഭൂമി നൽകി മാനന്തവാടി രൂപത. കല്ലോടി സെന്റ് ജോർജ് ഫൊറോനപള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം സ്ഥലങ്ങളുടെ ആധാരങ്ങൾ വിതരണം ചെയ്തു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ സ്വാഗതം ആശംസിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. HB പ്രദീപ് മാസ്റ്റർ, കത്തീഡ്രൽ വികാരി ഫാ. സണ്ണി മഠത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മാനന്തവാടി രൂപതയിലെ വിവിധ ഇടവകകളിലായി ഭൂരഹിതരായി കഴിഞ്ഞിരുന്ന 23 പേർക്കാണ് കല്ലോടിയിൽ രൂപതയുടെ സ്ഥലം ദാനം ചെയ്തത്. സുവർണ്ണ ജൂബിലി വർഷത്തിൽ ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത രൂപത എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഭൂമി ദാനം ചെയ്തത്. വയനാട് സോഷ്യൽ സർവീസസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 50 കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകിയാണ് രൂപത സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തത്. 1973 നു മെയ് ഒന്നിന് ആരംഭം കുറിച്ച മാനന്തവാടി രൂപതയിൽ 13 ഫൊറോനകളിലായി 162 ഇടവകകളും 36000 കുടുംബങ്ങളും ഉണ്ട്. 50 വർഷങ്ങളിൽ മലയോര കുടിയേറ്റ മേഖലയിലെ കർഷർക്ക് അവരുടെ ഭൗതിക വളർച്ചയിൽ രൂപത നൽകിയ സംഭാവകൾ മികവുറ്റതാണ്. യോഗത്തിന് സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ ഫാ. ബിജു മാവറ നന്ദി പ്രകാശിപ്പിച്ചു