Progressing
25/03/2023
കൊച്ചി : കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ ജ്വാലയിൽ റബറിന് 300 രൂപ വില നൽകണമെന്ന ശക്തമായ നിലപാടെടുത്ത തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ അധിക്ഷേപിക്കുകയും, സാമൂഹ്യ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കുകയും ചെയ്ത കെ.ടി. ജലീൽ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നു കത്തോലിക്കാ കോൺഗ്രസ്.
ജലീലിനെതിരേ വധഭീഷണി, വ്യക്തിഹത്യ, രാജ്യദ്രോഹം എന്നീ കുറ്റകൃത്യങ്ങൾ ചുമത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ബിജെപി നൽകുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ടു വേണ്ടേ? എന്ന ജലീലിന്റെ പ്രസ്താവന അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ ഉളവാക്കുന്നതാണ്. ഉത്തരേന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഭരണകക്ഷിയുടെ എംഎൽഎയായ ജലീലിന്റെ തുടർച്ചയായ ഇത്തരം ഭീഷണികളിൽ സിപിഎമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം.
ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിച്ചുകൊണ്ട് പരസ്യമായ കലാപത്തിന് ആഹ്വാനം നടത്തിയ എംഎൽഎ ആ സ്ഥാനത്തിന് അപമാനമാണ്. ആർച്ച്ബിഷപ്പിനെതിരേയുള്ള പ്രസ്താവന പിൻവലിച്ച് ജലീൽ നിരുപാധികം മാപ്പു പറയണം. മാർ പാംബ്ലാനിക്കു ശക്തമായ പിന്തുണ നൽകുമെന്നും കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.