Progressing
21/04/2023
തൃശൂര്‍ : ഫിയാത്ത് മിഷന്‍ തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ജിജിഎം മിഷന്‍ കോണ്‍ഗ്രസിന് വർണ്ണാഭമായ തുടക്കം. സീറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും മറ്റു ബിഷപ്പുമാരും ദീപം തെളിയിച്ച് നാലാമത് ഫിയാത്ത് മിഷന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ കര്‍ദ്ദിനാള്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, ആര്‍ച്ച് ബിഷപ് ഡോ ജോണ്‍ മൂലേച്ചിറ, ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍, ആര്‍ച്ച് ബിഷപ് വിക്ടര്‍ ലിംഗ്ഡോ, ആര്‍ച്ച് ബിഷപ് തോമസ് മേനാംപറമ്പില്‍, ബിഷപ് ജോണ്‍ തോമസ്, ബിഷപ് തോമസ് പുല്ലാപ്പള്ളില്‍, ബിഷപ് ജെയിംസ് തോപ്പില്‍, എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികത്വം വഹിച്ചു. കേരളത്തിലെ ക്രിസ്ത്യന്‍ സഭയുടെ തൊട്ടിലാണ് തൃശൂര്‍ അതിരൂപതയെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മിഷന്‍ കോണ്‍ഗ്രസിലേക്ക് വിശ്വാസി സമൂഹത്തെ സ്വാഗതം ചെയ്ത് കൊണ്ട് പറഞ്ഞു.ദിവ്യബലിയ്ക്ക് ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മിഷന്‍ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു.
സെമിനാരിയന്‍സിനും സന്യാസിനിമാര്‍ക്കുമുള്ള ക്ലാസുകള്‍ ഉച്ചയ്ക്ക് 2 വരെ നടന്നു. ജെറുസലേം ധ്യാന കേന്ദ്രത്തില്‍ വച്ച് അഭിവന്ദ്യ പിതാക്കന്‍മാരുടെ മഹനീയ സാന്നിധ്യത്തില്‍ നടത്തപ്പെടുന്ന ജിജിഎം മിഷന്‍ കോണ്‍ഗ്രസ് മിഷനെ അറിയാനും സ്നേഹിക്കാനും വളര്‍ത്താനും കേരള സഭയ്ക്ക് ലഭിക്കുന്ന അവസരമാണ്.