Progressing

Diocesan News


01/02/2023

ബ്രദര്‍ ഫോര്‍ത്തുനാത്തൂസ്: രൂപതാതല നാമകരണ നടപടിക്രമം പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളി: സകലരും വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസ ബോധ്യത്തില്‍ മഹനീയമായ സുവിശേഷ സാക്ഷ്യം നലകുവാന്‍ ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന് കഴിഞ്ഞുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ദൈവദാസന്‍ ഫോര്‍ത്തു നാത്തൂസ് തന്‍ ഹേയ്‌സറിനെ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുന്ന നാമകരണ നടപടികളുടെ രൂപതാ തല സമാപനത്തോടനുബന്ധിച്ച് സന്ദേശം നല്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ പള്ളിയില്‍ മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബ്ബാനയോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍  ഔദ്യോഗിക സമാപന കര്‍മ്മം നടത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച് വിദഗ്ദരടങ്ങുന്ന നാമകരണ കോടതിയുടെയും ദൈവശാസ്ത്ര ചരിത്ര കമ്മീഷനുകളുടെ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും റോമിലേയ്ക്ക് അയയ്ക്കുന്നതിനായി  സമര്‍പ്പിച്ചു.

നിത്യ സമ്മാനത്തിനായി 2005 ല്‍ വിളിക്കപ്പെട്ട ബ്രദര്‍ ഫോര്‍ത്തുനാത്തുസിനെ 2014 നവംബര്‍ 22ന് കട്ടപ്പന ഫൊറോന പള്ളിയില്‍ വച്ച്  രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ ദൈവദാസനായി  പ്രഖ്യാപിക്കുകയും രൂപതാ തല നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. നാമകരണ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് 2022 ഡിസംബര്‍ 15- ന് കട്ടപ്പന സെന്റ് ജോണ്‍ ഓഫ് ഗോസ് ബ്രദേഴ്‌സ് സെമിത്തേരിയിലെ കബറിടം തുറന്ന് മെഡിക്കല്‍ ഫോറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ ഭൗതികാവശിഷ്ടം പരിശോധിച്ച് സെന്റ് ജോണ്‍ ഓഫ് ഗോഡ് ബ്രദേഴ്‌സ് ചാപ്പലില്‍ പുനര്‍ സംസ്‌കരിച്ചു.

ജര്‍മ്മനിയില്‍ ബര്‍ലിനില്‍ 1918- ല്‍ ജനിച്ച ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് 1936 - ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സമൂഹാംഗമായി വ്രത വാഗ്ദാനം ചെയ്തു. മലയോരമേഖലയ്ക്ക് സാന്ത്വനമായി 1969-ല്‍ കട്ടപ്പനയിലെത്തിയ ബ്രദര്‍ രോഗീ ശുശ്രൂഷയ്ക്കായി ഡിസ്‌പെന്‍സറി ആരംഭിച്ചു. പ്രസ്തുത ഡിസ്‌പെന്‍സറി നേഴ്‌സിംഗ്, ഫാര്‍മസി കോളജുകളുള്‍പ്പെടുന്ന സെന്റ് ജോണ്‍സ് ആശുപത്രിയായി പിന്നീട് വളര്‍ന്നു. വേദനയനുഭവിക്കുന്നവരുള്‍പ്പെടെയുള്ള സഹോദരങ്ങളില്‍ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് ശുശ്രൂഷിച്ച ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് അനേകര്‍ക്ക് ആശ്വാസമായി. അഗതികള്‍ക്കും അശരണര്‍ക്കും സ്‌നേഹ സ്വാന്തനമാകുവാന്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സമൂഹം 1977-ല്‍ സ്ഥാപിച്ച ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ജീവിത മാതൃക അനേകര്‍ക്ക് പ്രചോദനമേകുന്നു.

Related News


east