മാനന്തവാടി രൂപതയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ആമുഖമായി നടത്തപ്പെടുന്ന രൂപതാ അസംബ്ലിയുടെ രണ്ടാം ഘട്ടമായ ഫൊറോനാതല അസംബ്ലികള്ക്ക് ഇന്ന് ചുങ്കക്കുന്ന് ഫൊറോനയില് തുടക്കം കുറിച്ചു. 9.28-ന് രംഗപൂജയോടുകൂടി ആരംഭിച്ച സമ്മേളനത്തില് ചുങ്കക്കുന്ന് ഫൊറോനാ വികാരി റവ. ഫാ. ജോയി തുരുത്തേല് സ്വാഗതം ആശംസിച്ചു. രൂപതാദ്ധ്യക്ഷന് മാര് ജോസ് പൊരുന്നേടം നിലവിളക്ക് തെളിച്ച് യോഗം ഉദ്ഘാടനം ചെയ്യുകയും ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു. തുടര്ന്ന് രൂപതയുടെ സുവര്ണജൂബിലി കമ്മറ്റി കണ്വീനര് റവ. ഫാ. ബിജു മാവറ തുടര്ന്ന് നടക്കാനിരിക്കുന്ന പേപ്പര് അവതരണങ്ങള്ക്ക് മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കി. ഫൊറോനാ കോഡിനേറ്റര് ശ്രീ സുനില് മാത്യു തെങ്ങുംതോട്ടത്തില് ഫൊറോനാതല റിപ്പോര്ട്ട് അവതരണം നടത്തി. രൂപത ചര്ച്ച ചെയ്യാന് നല്കിയ എല്ലാ വിഷയങ്ങളും വിവിധ ഇടവകകളുടെ റിപ്പോര്ട്ടുകള് പരിഗണിച്ചുകൊണ്ട് സമഗ്രമായി തയ്യാറാക്കിയതായിരുന്നു ഫൊറോനാതല റിപ്പോര്ട്ട് അവതരണം. തുടര്ന്ന് വിവിധ ഇടവകകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അവതരണങ്ങള് ശ്രീ ജെയ്സണ് നിരപ്പത്ത്, ശ്രീ അബ്രഹാം കച്ചിറയില്, ശ്രീ സിജോ അറക്കല് എന്നിവര് നടത്തി. തുടര്ന്ന് ശ്രീ ജില്സ് മേയ്ക്കല്, ശ്രീ ബാബുക്കുട്ടി തെങ്ങുംതോട്ടത്തില്, ശ്രീ വില്സന് കല്ലടയില് എന്നിവര് വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ഇന്റര്വെന്ഷന്സ് നടത്തി. റിപ്പോര്ട്ടുകളുടെയും ഇന്റര്വെന്ഷന്സിന്റെയും പകര്പ്പുകള് രൂപതാസമിതിക്ക് കൈമാറി.
ഓരോ ഇടവകയും ചര്ച്ച ചെയ്ത ജൂബിലി ആഘോഷത്തെ സംബന്ധിക്കുന്ന വിവരങ്ങള് ഇടവകാ കോഡിനേറ്റര് അവതരിപ്പിക്കുകയും അത് എഴുതിത്തയ്യാറാക്കി രൂപതാസമിതിക്ക് കൈമാറുകയും ചെയ്തു. രൂപത വികാരിജനറാള് മോണ്. പോള് മുണ്ടോളിക്കല് സമാപനസന്ദേശം നല്കി. കൊട്ടിയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകവും പേരാവൂര് എം.എല്.എ. അഡ്വ. സണ്ണി ജോസഫും ആശംസകളര്പ്പിച്ച് സംസാരിച്ചു.
ചുങ്കക്കുന്ന് ഫൊറോനയിലെ പത്ത് ഇടവകകളിലും രൂപതയില് നിന്ന് നല്കിയ വിഷയങ്ങള് ചര്ച്ച ചെയ്ത റിപ്പോര്ട്ടുകളും ഫൊറോനാതലത്തില് വിഷയങ്ങള് വിഭജിച്ചെടുത്ത് തയ്യാറാക്കിയ മൂന്ന് റിപ്പോര്ട്ടുകളും ഫൊറോനാതലത്തിലുള്ള ഒരു പ്രധാനറിപ്പോര്ട്ടും രൂപതാസമിതിക്ക് കൈമാറി. രൂപതാ സുവര്ണജൂബിലിയുടെ ചുങ്കക്കുന്ന് ഫൊറോനാ തല കണ്വീനര് റവ. ഫാ. കുര്യന് വാഴയില് യോഗത്തിന് നന്ദി പറഞ്ഞു. ഉച്ചഭക്ഷണത്തോടെ യോഗം സമാപിച്ചു.