മാനന്തവാടി രൂപതയുടെ രൂപതായോഗത്തിന്റെ രണ്ടാം ഘട്ടമായ ഫൊറോനാ അസംബ്ലി കല്പറ്റ ഫൊറോനയുടെ വാഴവറ്റ ഇടവകയില് വച്ച് നടന്നു. രാവിലെ 10 മണിക്ക് പ്രാരംഭപ്രാര്ത്ഥനയോടെ ആരംഭിച്ച ഫൊറോനാ അസംബ്ലിക്ക് കല്പറ്റ ഫൊറോനാ വികാരി റവ. ഫാ. സോമി വടയാപറമ്പില് സ്വാഗതം ആശംസിച്ചു. രൂപതായോഗത്തിന്റെയും ഫൊറോനായോഗങ്ങളുടെയും പ്രാധാന്യവും പ്രസക്തിയും വിവരിച്ചുകൊണ്ടും കല്പറ്റ ഫൊറോനയുടെ സ്ഥിതിവിവരക്കണക്കുകള് അവതരിപ്പിച്ചുകൊണ്ടുമാണ് സോമിയച്ചന് സ്വാഗതപ്രസംഗം നടത്തിയത്. തുടര്ന്ന് നിലവിളക്ക് തെളിച്ചുകൊണ്ട് ഫൊറോനാ അസംബ്ലി ഉദ്ഘാടനം ചെയ്ത അഭി ജോസ് പൊരുന്നേടം പിതാവ് ആമുഖപ്രഭാഷണം നടത്തി. മോഡറേറ്റര് ഫാ. ബിജു മാവറ പേപ്പറുകള് അവതരിപ്പിക്കുന്നതിനാവശ്യമായ മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കുകയും ചെയ്തു.
ഇടവകകളില് ചര്ച്ച ചെയ്യേണ്ടിയിരുന്ന മൂന്ന് പ്രധാനവിഷയങ്ങളെ ഫൊറോനാതലത്തില് ക്രോഡീകരിച്ച് മുന്ന് പേപ്പറുകളായാണ് അവ അവതരിപ്പിക്കപ്പെട്ടത്. ശ്രീ മത്തായി നെല്ലിക്കുന്നേല് (ജൂബിലി കണ്വീനര്, കല്പറ്റ ഫൊറോന), ശ്രീ ഷൈജു മഠത്തില് (സെ. മേരീസ് ചര്ച്ച്, കളത്തുവയല്), അഡ്വ. റെജിമോള് മണിപ്പറമ്പില് (സ്ത്രീ പ്രതിനിധി, ഫൊറോനാ ജൂബിലി കമ്മറ്റി) എന്നിവര് യഥാക്രമം വിഷയങ്ങള് അവതരിപ്പിച്ചു. തുടര്ന്ന് ഇടവകാപ്രതിനിധികളെ ഉള്പ്പെടുത്തിക്കൊണ്ട് രൂപതയുടെ ജൂബിലി ആഘോഷങ്ങളെക്കുറിച്ചുള്ള വിശദമായ ചര്ച്ച നടന്നു.
രൂപതായോഗത്തില് സംബന്ധിക്കേണ്ട ഫൊറോനയില് നിന്നുള്ള മൂന്ന് അത്മായപ്രതിനിധികളെ ഫൊറോനാ അസംബ്ലി നിര്ദ്ദേശിച്ചു. മോണ്. പോള് മുണ്ടോളിക്കല് സമാപനസന്ദേശം നല്കുകയും ഫൊറോനാ ജൂബിലി കമ്മറ്റിയുടെ കോഡിനേറ്റര് ഫാ. റെജി മുതുകത്താനിയില് കൃതജ്ഞതാപ്രകാശനം നടത്തുകയും ചെയ്തു. രൂപതാ ആന്തത്തോടെ യോഗം സമാപിച്ചു.