Progressing
22/02/2023
ചങ്ങനാശേരി: വിശ്വാസമുള്ള കുടുംബങ്ങളുടെ രൂപീകരണം പരമപ്രധാനമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ ആരംഭിച്ച 24ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. നോമ്പുകാലത്തോടനുബന്ധിച്ചുള്ള ഈ കണ്വന്ഷന് ജീവിതനവീകരണത്തിന് ഉപകരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍, ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ജോര്‍ജ് മാന്തുരുത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍മാരായ മോണ്‍.വര്‍ഗീസ് താനമാവുങ്കല്‍, മോണ്‍.ജെയിംസ് പാലയ്ക്കല്‍, മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍, പുളിങ്കുന്ന് ഫൊറോന വികാരി ഫാ.മാത്യു പുത്തനങ്ങാടി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന് ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ വചന പ്രഘോഷണം നടത്തി. ദൈവഭയത്തിന്റെ വേലിക്കെട്ടുകള്‍ ലംഘിക്കുന്നതാണ് ഇന്നത്തെ പ്രതിസന്ധികള്‍ക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു.
മെത്രാപ്പോലീത്തന്പള്ളിയും പരിസരങ്ങളും വിശ്വാസികളെക്കൊണ്ടു നിറഞ്ഞിരുന്നു. എല്ലാ ദിവസവും വൈകുന്നേരം 3.30ന് ജപമാല, റംശാ, 4.30ന് വിശുദ്ധ കുര്‍ബാന, 5.30ന് ഗാനശുശ്രൂഷ എന്നിവയോടെയാണ് കണ്വന്ഷന് നടക്കുന്നത്. ഇന്നു സീറോ മലബാര്‍ കുരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 25ന് സമാപിക്കും.