Progressing
27/04/2023
കൊച്ചി: വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ മെത്രാന്മാര് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ കക്ഷി-രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മുമ്പില്‍ പങ്കുവച്ചത് രാഷ്ട്രീയമല്ലെന്നും സഭാപരവും ജനകീയവുമായ വിഷയങ്ങളാണെന്നും സഭാപിതാക്കന്മാര്‍തന്നെ പ്രസ്താവനകളിലൂടെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ രാഷ്ട്രീയമായും വരാന്‍പോകുന്ന തെരഞ്ഞെടുപ്പുമായും ഈ കൂടിക്കാഴ്ചയെ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. അറിവും പഠനവും ബോധ്യങ്ങളുമുള്ള വിശ്വാസിസമൂഹത്തിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടുകളുമുണ്ട്. കാര്‍ഷിക, തീരദേശ, സാമൂഹ്യ വിഷയങ്ങള്‍ സഭാംഗങ്ങള്‍ മാത്രമല്ല, പൊതുസമൂഹമൊന്നാകെ നേരിടുന്ന ജനകീയ പ്രശ്നങ്ങളാണ്.
ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സഭാപിതാക്കന്മാര് ഒറ്റക്കെട്ടായി ശ്രമിച്ചതു ക്രൈസ്തവ സഭാവിഭാഗങ്ങളിലുള്ള ഒരുമയാണു വ്യക്തമാക്കുന്നത്. നിലനില്പിനായി ഭാവിയിലും കൂടുതല്‍ യോജിച്ചുള്ള സഭാനേതൃത്വ കൂട്ടായ്മകള്‍ ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ ശക്തിപ്പെടുത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.