Progressing

25

DEC '24

On : 23 Feb 2025

Diocesan Update

ഊരകം സെന്റ് അല്‍ഫോന്‍സ സ്‌കൂള്‍ വാര്‍ഷികാഘോഷവും സീനിയര്‍ സെക്കന്‍ഡറി കെട്ടിട ഉദ്ഘാടനവും

News

മലപ്പുറത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കി മുന്നേറുന്ന ഊരകം സെന്റ് അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം പബ്ലിക്ക് സ്‌കൂളിന്റെ പതിനൊന്നാം വാര്‍ഷികാഘോഷവും സീനിയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രൗഢഗംഭീര ചടങ്ങുകളോടെ നടന്നു.

സ്‌കൂള്‍ കെട്ടിടം പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു.  കെട്ടിടത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിലെ ഫാക്കല്‍റ്റി ഓഫീസ് 'ലക്‌സ് ഓര്‍ബിസ്' ട്രസ്റ്റ് ചെയര്‍മാന്‍ ഡേവീസ് എടക്കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യായന വര്‍ഷം മുതല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും.

വാര്‍ഷികാഘോഷ പരിപാടികള്‍ സിനിമാതാരം സുധീര്‍ പറവൂര്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഊരകം പഞ്ചായത്തു പ്രസിഡന്റ് അബ്ദുള്ള മന്‍സൂര്‍ അലി തങ്ങള്‍, വാര്‍ഡ് മെമ്പര്‍ ബീന ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.

ഭാരത സംസ്‌കാരത്തില്‍ നിന്നും ഭൂതകാല പാരമ്പര്യങ്ങളില്‍ നിന്നും ഏറ്റവും ഉചിതമായ മൂല്യങ്ങള്‍ ഉള്‍കൊണ്ട്, സമഗ്രമായ മാനസിക വീക്ഷണത്തോടെയും ആത്മവിശ്വാസത്തോടെയും വ്യക്തിത്വ വികസനം ലക്ഷ്യം വെച്ച് സ്വഭാവ രൂപീകരണത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ധൈര്യശാലികളും സത്യസന്ധരും, ഭൗതിക നേട്ടങ്ങള്‍ക്കപ്പുറം സഹജീവികളെ ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2014 ല്‍ താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാലയമാണ് ഊരകം സെന്റ് അല്‍ഫോന്‍സ പബ്ലിക് സ്‌കൂള്‍.

വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ട്രസ്റ്റ് 'ലക്‌സ് ഓര്‍ബിസ്' സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗമായി.

ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളും കമ്പ്യൂട്ടര്‍, സയന്‍സ് ലാബുകളും അടങ്ങുന്നതാണ് പുതിയ കെട്ടിടം.

കേരള കോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍ അപു, ഊരകം പഞ്ചായത്തു പ്രസിഡന്റ് അബ്ദുള്ള മന്‍സൂര്‍ അലി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, പ്രിന്‍സിപ്പല്‍ ഫാ. തോമസ് ജോസഫ്, പിടിഎ പ്രസിഡന്റ് ജോളി ആഗസ്റ്റിന്‍, സ്റ്റാഫ് സെക്രട്ടറി നരേന്ദ്രകുമാര്‍, പിആര്‍ഒ ഷാജന്‍ കെ. മത്തായി, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ സാബു എന്നിവര്‍ നേതൃത്വം നല്‍കി.