Progressing
On : 07 Dec 2024
കാലാകാലങ്ങളില്‍ ഉടലെടുക്കുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് അതതു കാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സഭാ പ്രബോധനങ്ങളിലൂടെയാണ് മനസിലാക്കേണ്ടതെന്നും സഭാ പ്രബോധനങ്ങള്‍ സഭാ നൗകയെ മുന്നോട്ടു നയിക്കുന്നവയാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിതര്‍ക്കായി സംഘടിപ്പിച്ച നൂതന സഭാപ്രബോധനങ്ങളുടെ പഠനവും സമര്‍പ്പിത സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
ദൈവശാസ്ത്ര വിഷയങ്ങള്‍ സാധാരണക്കാരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതെന്നും വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകളിലൂടെ അത് സാധ്യമാക്കുന്നുണ്ടെന്നും ബിഷപ് അഭിപ്രായപ്പെട്ടു.
പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ബിനു കുളത്തിങ്കല്‍ സ്വാഗതം ആശംസിച്ചു. പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, എംഎസ്‌ജെ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഷീല, സിസ്റ്റര്‍ ഡോ. ആനി ദീപ എഫ്‌സിസി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് റവ. ഡോ. മാറ്റസ് കോരംകോട്ട്, റവ. ഡോ. സോജ ജോണ്‍ എംഎസ്എംഐ, റവ. ഡോ. അമല ജെയിംസ് എസ്എച്ച് എന്നിവര്‍ വിവിധ വിഷയങ്ങളിലുള്ള സഭാ പ്രബോധനങ്ങള്‍ അവതരിപ്പിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് ഗ്രൂപ്പ് ചര്‍ച്ചകളും കലാപരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.