Progressing

25

DEC '24

On : 11 Mar 2025

Diocesan Update

പൂക്കിപ്പറമ്പ് അപകടത്തില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കായി ആറ് ഭവനങ്ങള്‍ നിര്‍മിച്ച് ജീസസ് യൂത്ത്

News

പൂക്കിപ്പറമ്പ് ബസ് അപകടം 25-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അപകടത്തില്‍ മരിച്ച സഹപ്രവര്‍ത്തകരുടെ ഓര്‍മ്മയ്ക്കായി ആറു വീടുകള്‍ നിര്‍മിച്ച് സ്മരണാഞ്ജലിയേകുകയാണ് ജീസസ് യൂത്ത്. വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി കൂടത്തായിയില്‍ നിര്‍മിച്ച നാലു വീടുകളുടെ വെഞ്ചരിപ്പു കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. കൂരാച്ചുണ്ടിലും താമരശ്ശേരിയിലുമാണ് മറ്റു രണ്ടു വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.

'വലിയ സന്തോഷത്തിന്റെ നിമിഷമാണിത്. വിലങ്ങാട്ടിലെ സഹോദരങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍ സ്‌നേഹപൂര്‍വം അവരെ ചേര്‍ത്തു നിര്‍ത്താന്‍ ജീസസ് യൂത്തിനായി. വിലങ്ങാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളുടെ പണി ആദ്യമായി പൂര്‍ത്തീകരിച്ചത് ജീസസ് യൂത്തിന്റെ നേതൃത്വത്തിലാണെന്നത് കൃതജ്ഞതയോടെ ഓര്‍ക്കുന്നു. പൂക്കിപ്പറമ്പ് അപകടം നമ്മുടെ മനസില്‍ നിന്ന് ഒരിക്കലും മായില്ല. അന്ന് മരണപ്പെട്ട സഹോദരങ്ങള്‍ നമുക്കായി സ്വര്‍ഗ്ഗത്തില്‍ മാധ്യസ്ഥം വഹിക്കുന്നുണ്ട്.'' അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവച്ചാണ് വീട് നിര്‍മാണത്തിനായുള്ള തുക കണ്ടെത്തിയത്. ആറു വീടുകള്‍ക്കായി 87 ലക്ഷം രൂപയോളം ചെലവായി. ജീസസ് യൂത്ത് ആനിമേറ്റര്‍ റെജി കരോട്ടിന്റെ നേതൃത്വത്തിലായിരുന്നു വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗംഗാധരന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുന്‍ ജീസസ് യൂത്ത് ഇന്റര്‍ നാഷണല്‍ ആനിമേറ്റര്‍ ഫാ. അബ്രഹാം പള്ളിവാതുക്കല്‍, കൂടത്തായി ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. അഗസ്റ്റിന്‍ കണിവേലില്‍, റെജി കരോട്ട്, ജീസസ് യൂത്ത് ഇന്റര്‍ നാഷണല്‍ ആനിമേറ്റര്‍ മിഥുന്‍ പോള്‍, കേരള കോ-ഓര്‍ഡിനേറ്റര്‍ ഗോഡ്‌വിന്‍ ഇഗ്നേഷ്യസ്, ആന്‍സി എന്നിവര്‍ പ്രസംഗിച്ചു.

2001 മാര്‍ച്ച് 11-നാണ് നിറയെ യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസ് മലപ്പുറം പൂക്കിപ്പറമ്പില്‍ വച്ച് കാറിലിടിച്ച് മറിഞ്ഞ് കത്തിയമര്‍ന്നത്. 44 പേര്‍ അപകടത്തില്‍ മരിച്ചു. അതില്‍ അഞ്ചു പേര്‍ താമരശ്ശേരി രൂപതയിലെ ജീസസ് യൂത്ത് പ്രവര്‍ത്തകാരായിരുന്നു. ഇടുക്കി രാജപുരം ഇടവകയില്‍ പത്തു ദിവസത്തെ മിഷന്‍ ഔട്ട് റീച്ച് പ്രവര്‍ത്തനങ്ങള്‍ക്കുശേഷം തിരിച്ചു വരുകയായിരുന്ന റോയി ചുവപ്പുങ്കല്‍ (കൂരാച്ചുണ്ട്), രജനി കാവില്‍പുരയിടം, ടിജി കറുത്തപാറയ്ക്കല്‍, ബിന്ദു വഴിക്കടവത്ത്, റീന പാലറ (നാലുപേരും ചെമ്പനോട സ്വദേശികള്‍) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.