Progressing

25

DEC '24

On : 27 Nov 2024

Diocesan Update

ദീപിക ദിനപത്രത്തിന്റെ 138-ാം വാര്‍ഷികാഘോഷം നടത്തി

News

ദീപികയുടെ 138-ാം വാര്‍ഷികാഘോഷവും പുരസ്‌കാരദാന ചടങ്ങും പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്തെ അനഭിലഷണീയമായ പ്രവണതകളുടെ കാലത്ത് അടിസ്ഥാന തത്വങ്ങള്‍ മുറുകെപിടിച്ച്, നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ ജനവികാരം പ്രതിഫലിപ്പിക്കുന്ന ദീപികയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും വ്യാജ വാര്‍ത്തകളുടെ കാലത്ത് മാധ്യമ ധര്‍മ്മം മറക്കാതെ ദീപിക നടത്തുന്ന പ്രവര്‍ത്തനം ശ്‌ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ദീപിക ലോകത്തിന്റെ പ്രകാശമാണെന്ന് ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ഇന്ന് നാം ശ്വസിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വായു ദീപികയുടെ പ്രവര്‍ത്തനഫലമാണ്. ഇതുപോലൊരു പത്രം സമൂഹത്തിന് അനിവാര്യമാണ്. ദീപിക സമൂഹത്തിനു മാതൃകയാണെന്നും മാര്‍ റെമീജിയോസ് പറഞ്ഞു.

മനുഷ്യ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ നടത്തേണ്ടതെന്നും ദീപിക ഇക്കാര്യം പാലിക്കുന്നുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. ദീപികയുടെ മുഖപ്രസംഗങ്ങള്‍ വായിച്ചാല്‍ മനുഷ്യമനസുകളില്‍ ധാര്‍മ്മീക ബോധവും മൂല്യങ്ങളും കൈവരും. സകല മനുഷ്യര്‍ക്കുമുള്ള സദ്വാര്‍ത്തയാണ് ദീപിക. മൂല്യച്യുതി, അധാര്‍മ്മീകത എന്നിവയില്‍ നിന്നു മാറിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനം ദീപികയ്ക്ക് എക്കാലവും തുടരാന്‍ കഴിയട്ടെയെന്നും ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആശംസിച്ചു.

അക്ഷരം വായിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍ വായിച്ചുതുടങ്ങിയ പത്രമാണ് ദീപികയെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ബത്തേരി ബിഷപ് ഡോ. ജോസഫ് മോര്‍ തോമസ് പറഞ്ഞു. സമൂഹത്തെപ്പറ്റി നല്ലകാഴ്ചപ്പാട് ദീപികയ്ക്കുണ്ട്. അടിസ്ഥാനവര്‍ഗത്തിന്റെ പ്രശ്‌നങ്ങളാണ് ദീപിക പ്രതിഫലിപ്പിക്കുന്നത്. ശക്തമായ വാള്‍ പോലെയാണ് ദീപികയിലെ ലേഖനങ്ങളെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

ഇലാന്‍സ് ലേണിംഗ് പ്രൊവൈഡര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അരുണ്‍കുമാര്‍, മാതൃകാ കര്‍ഷകന്‍ വയനാട് പനമരം നീര്‍വാരം സ്വദേശി വില്ലാട്ട് ജോസ്, വയനാട് കേണിച്ചിറ കാര്യമ്പാടി റിഫോം റിക്കവറി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡീന ജോര്‍ജ്, പാലാക്കാരന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ലിജോ അനീഷ്, ജെസ്പെയ്ഡ് സാന്‍ഡല്‍വുഡ് പ്ലാന്റേഷന്‍ പ്രോജക്ട് മാനേജിംഗ് ഡയറക്ടര്‍ ഡോ. നിഷാദ് ടി.എ., മോട്ടോമി ഭാരത് നിധി ചെയര്‍പേഴ്സണ്‍ അഡ്വ. പി.ആര്‍. വന്ദന, സിനിമാതാരം ഹരീഷ് കണാരന്‍, ബാങ്ക് ഓഫ് ബറോഡ കാലിക്കട്ട് റീജണല്‍ ഹെഡ് ബി. കണ്ണന്‍ എന്നിവര്‍ക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ദീപികയുടെ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മെത്രാഭിഷേകത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, രണ്ടാം തവണയും സിബിസിഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്, സീറോ മലബാര്‍ സിനഡില്‍ വിവിധ കമ്മീഷനുകളില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, സിനിമാതാരം ഹരീഷ് കണാരന്‍, ഡിസിഎല്‍ ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, ഡിഎഫ്‌സി മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് കളമ്പുകാട്ടില്‍, ഡിഎഫ്‌സി താമരശേരി രൂപതാ പ്രസിഡന്റ് സെബാസ്റ്റിയന്‍ ലാമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.
രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് സ്വാഗതവും ദീപിക കോഴിക്കോട് യൂണിറ്റ് റെസിഡന്റ് മാനേജര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍ നന്ദിയും പറഞ്ഞു.