Progressing

25

DEC '24

On : 15 Mar 2025

Diocesan Update

മരിക്കേണ്ടി വന്നാലും കര്‍ഷകരോടൊപ്പം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

News

കര്‍ഷകരുടെ ശത്രുക്കളായ വനംവകുപ്പിനെ നേരിടാന്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ നാട്ടില്‍ ശക്തിപ്പെടണമെന്നും മരിക്കേണ്ടി വന്നാല്‍ പോലും കര്‍ഷക പോരാട്ടത്തില്‍ താന്‍ ഒപ്പമുണ്ടാകുമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മുതുകാട്ടില്‍ സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

മുമ്പെങ്ങുമില്ലാത്ത വിധം വന്യജീവികളുടെ അക്രമണം ദുസ്സഹവും ഭീതി ജനകവുമായിരിക്കുന്ന സാഹചര്യത്തില്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകരോട് വനം വകുപ്പ് പുലര്‍ത്തുന്നത് കാട്ടുനീതിയാണ്. നിസ്സ ഹായവസ്ഥയെക്കാള്‍ നിസംഗത മലയോര ജനതയില്‍ പിടിമുറുക്കിയിരിക്കുന്നു. ഇത് അപകടമാണ്. വനവുമായി ബന്ധപ്പെട്ടുള്ള പുതിയ പ്രശ്‌നങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നത് മൂഢ വിശ്വാസമാണെന്ന കാര്യം ഓരോരുത്തരും തിരിച്ചറിയണം. ബഫര്‍സോണ്‍ എന്ന കാട്ടുനീതിന ടപ്പിലായ ഗൂഡല്ലൂരിലെ ജനത്തിന്റെ ദുരനുഭവങ്ങള്‍ നേരില്‍ കണ്ടാല്‍ സ്ഥിതിയുടെ ഗുരുതരാവസ്ഥ ബോധ്യമാകും. ജീവിതം മൊത്തം അവിടെ മരവിച്ച നിലയിലാണ്. വികസന പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുന്നു. കൃഷിയിടങ്ങള്‍ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളാണ്. ജീവിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന 2000 രൂപയാണു ഏക വരുമാനം. ഇവിടെയും തല്‍സ്ഥിതി സൃഷ്ടിക്കാനാണ് വനപാലകരുടെ ശ്രമം. ജീവിക്കുന്നിടത്തുനിന്ന് നമ്മളെയും ഇറക്കി വിടാനാണ് വനപാലകര്‍ ഉന്നമിടുന്നത്. നമുക്ക് പോകാന്‍ വേറൊരിടമില്ല. സ്വാതന്ത്ര്യത്തിനായി നമ്മുടെ മുന്‍തലമുറ ബ്രിട്ടീഷുകാരോട് നടത്തിയ പോരാട്ടവീര്യം നമുക്ക് ഓര്‍മയുണ്ട്. അതു വീണ്ടും പ്രയോഗിക്കാന്‍ സമയമായിരിക്കുന്നു. വിദേശ ശക്തികളല്ല നമ്മുടെ മുന്നില്‍ ശത്രുക്കളായി നില്‍ക്കുന്നത്. ഫോറസ്റ്റ് വകുപ്പാണ്. മിത്രം ചമഞ്ഞ് അവര്‍ വന്നാല്‍ വിശ്വസിക്കരുത്.

വനനിയമം നടപ്പാക്കാന്‍ അത് വായിച്ചു മനസിലാക്കാത്ത മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ നാം കണ്ടു. നമ്മള്‍ എതിര്‍ത്തതു കാരണം നടപ്പാക്കുന്നത് അവര്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു. ജാഗരൂഗതയില്ലെങ്കില്‍ ഇനിയും അവര്‍ വരും. ഇവര്‍ വനപാലകരല്ല. കര്‍ഷക ഘാതകരാണ്. കര്‍ഷകരെ ഭയപ്പെടുത്താന്‍ അവര്‍ തുടരെ ശ്രമിച്ചുകൊണ്ടിരി ക്കും. മത-രാഷ്ട്രീയത്തിനധിതമായ ഭയമില്ലാത്ത കൂട്ടായ്മകൊണ്ടു മാത്രമേ ഇവരെ നേരിടാന്‍ പറ്റൂ. അന്താരാഷ്ട്രതലത്തില്‍ വന്യമൃഗ നിയന്ത്രണമുണ്ട്. ഇവിടെ എന്താണ് അത് നടപ്പാക്കാത്തത്?

പൂര്‍വകുടിയേറ്റ പിതാക്കന്മാര്‍ ഏറുമാടത്തിലിരുന്ന് വന്യമൃഗങ്ങളെ തുരത്തി. സ്വാതന്ത്ര്യ സമരഘട്ടത്തില്‍ ബ്രിട്ടീഷുകാരുടെ മുമ്പില്‍ തല കുനിഞ്ഞപ്പോഴൊക്കെ അവര്‍ നമ്മളെ തൊഴിച്ചു. ഇപ്പോള്‍ ആ സ്ഥാനത്ത് വന പാലകരാണു നമ്മളെ തൊഴിക്കുന്നത്. ഇനി കുനിയാനും തൊഴി വാങ്ങാനും പാടില്ല. അവരെ നമ്മള്‍ ദൂരെ നിര്‍ത്തണം. പോരാടാനും ജയില്‍ നിറക്കാനും നമ്മള്‍ തയാറാകും. ഇതിനിടയില്‍ ഒറ്റുകാരായി പ്രത്യക്ഷപ്പെ ടുന്നവരെ കൈകാര്യം ചെയ്യും. കപട പ്രകൃതി സംരക്ഷണ വാദികളുടെ മുഖം മൂടി വലിച്ചു കീറണം. കര്‍ഷകരാണ് യഥാര്‍ഥ പ്രകൃതി സ്‌നേഹികള്‍. മലയോര കര്‍ഷകരെ കയ്യേറ്റക്കാരായി മുദ്ര കുത്താന്‍ ശ്രമം നടത്തുന്നത് വനം ഉദ്യോഗസ്ഥരാണ്. ഇതും വിലപ്പോവില്ല.

വനത്തില്‍നിന്ന് നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി യായ വന്യമ്യഗങ്ങളെ വെടിവെച്ചു കൊല്ലുമെന്ന് തീരുമാനമെടുത്ത ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും പ്രസിഡന്റ് കെ. സുനിലിന്റെയും തീരുമാനം ശ്ലാഘനീയവും ശക്തവുമാണ്. ജനം ഒന്നാകെ പഞ്ചായത്തിനു പിന്തുണ നല്‍കി ഒപ്പം നില്‍ക്കണം. പ്രസിഡന്റിനെ വിരട്ടാനുള്ള വനംവകുപ്പിന്റെ നീക്കം വിലപ്പോവില്ല. നിയമം ലംഘിച്ചുകൊണ്ടിരിക്കുന്നത് വനം വകുപ്പു മന്ത്രിയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം വരാന്‍ പോവുകയാണ്. ഇതിന്റെ മുന്‍ നിരയില്‍ മരിക്കേണ്ടി വന്നാല്‍ പോലും ശക്തമായി താനുണ്ടാകും.