Progressing
കൽക്കുണ്ട് കുടിയേറ്റ ചരിത്രത്തിലേയ്ക്ക് ഒരു ധന്യയാത്ര
ചരിത്ര പഠനം ഒരുവനെ വിജ്ഞാനിയും വിവേകിയുമാക്കുന്നുവെന്ന് ചിന്തകർ പറ യാറുള്ളതു പൊലെതന്നെ കൽക്കുണ്ടിൻ്റെ ചരിത്രം അറിഞ്ഞുകഴിയുമ്പോൾ നമ്മുടെ പ്രദേശത്തെ ആഴമായി സ്നേഹിക്കാനും പരിപാലിക്കാനും നമുക്കു കഴിയും.
ഈ കൽക്കുണ്ട് പ്രദേശത്തെ ദൈവം എത്രമാത്രം അനുഗ്രഹിച്ചുവളർത്തി. റോഡും യാത്രാസൗകര്യങ്ങളും, വെള്ളവും വെളിച്ചവും ഇല്ലാതിരുന്ന ഒരുകാലം മൈലുകൾ കാൽനടയായി നടന്ന് കഷ്‌ടപ്പാടുകൾ സഹിച്ച് രക്തം വിയർപ്പാക്കി അധ്വാനിച്ചു മുന്നേറിയ പൂർവ്വികർ. ഇന്നു നാം അനുഭവിക്കുന്ന ജീവിതസൗകര്യങ്ങളുടെയും കൈവരിച്ച പുരോഗതിയുടെയും പിന്നിലെ ത്യാഗത്തിൻറെ കഥ നമ്മുടെ ഇളംതലമുറയ്ക്ക് അറിഞ്ഞുകൂടാ, കുടിയേറ്റത്തിൻറെ 63 വർഷങ്ങൾ പിന്നിടുമ്പോൾ കുടിയേറ്റ പിതാക്കൻമാർ നടത്തിയ കഠിനാധ്വാനത്തിൻറെ, സഹകരണത്തിന്റെ, വിശ്വാസ ജീവിതത്തിൻറെ ദൈവപരിപാലനയിലുള്ള പരിപൂർണ്ണ ആശ്രയത്വത്തിന്റെ വഴിത്താരകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണിവിടെ .
മലപ്പുറം ജില്ലയുടെ തെക്കുകിഴക്കു പശ്ചിമഘട്ടമലനിരകളാൽ ചുറ്റപ്പെട്ട് പ്രശസ്തമായ സൈലൻറ് വാലിയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൽക്കുണ്ട് അതീവ സുന്ദരമായ ഭൂപ്രകൃതി കൊണ്ടും ഹൃദ്യമായ കാലാവസ്ഥ കൊണ്ടും അളവില്ലാത്ത പ്രകൃതിസമ്പത്തുകൊണ്ടും അനുഗ്രഹീതമാണ് ഈ നാട്. ജീവിതത്തിന് എറ്റവും സുഖപ്രദമായ ശുദ്ധവായു, ശുദ്ധജലം, ഇമ്പമാർന്ന ഭൂഘടന എന്നിവകൊണ്ട് അലംകൃതമായ കൽക്കുണ്ട് ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്ന കേരളത്തെക്കുറിച്ചുള്ള ജനഹ്യദയങ്ങളിലെ സ്വപനം മുഴുവൻ ഒന്നുചേർന്ന പ്രദേശമാണ്. ശുദ്ധജലം കണ്ടെത്തുന്നതിന് നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങളിൽ കൽക്കുണ്ടിലെ ജലമാണ് കേരളത്തിലെ ഏറ്റവും നല്ല ശുദ്ധജലം എന്ന കണ്ടെത്തൽ കൽക്കുണ്ട് പ്രദേശത്തെ കേരളത്തിനു മുൻനിരയിലേയ്ക്ക് എത്തിച്ചു.
ഇന്നത്തെ കൽക്കുണ്ടിൻറെ ചരിത്രം കുടിയേറ്റ ജനതയുടെ ചരിത്രമാണ്. തെങ്ങും, കമുങ്ങും, റബ്ബറും, ജാതിയും, കൊക്കൊയും മറ്റു കാർഷിക വിളകളും യഥേഷ്ടം വളരുന്ന ഈ മലയോര മേഖല കാട്ടാനയും, കടുവയും മറ്റ് വന്യജീവികളും വിഹരിച്ചിരുന്ന വനഭൂമിയായിരുന്നു. കൽക്കുണ്ടിന്റെ ചരിത്രത്തെ വേണമെങ്കിൽ കൂടിയേറ്റത്തിനു മുമ്പും പിമ്പും എന്നിങ്ങനെ രണ്ടായി തിരിക്കാൻ കഴിയും. 1949 - ൽ കരുവാരകുണ്ട് - കൽക്കുണ്ട് പ്രദേശത്തേയ്ക്ക് കുടിയേറ്റക്കാരായി വന്ന 4 ക്രൈസ്തവ കുടുംബങ്ങളിൽ വള്ളിക്കാപ്പിൽ ദേവസ്യയുടെ കുടുംബമാണ് മാമ്പറ്റ പുഴയ്ക്ക് ഇക്കരെ കൽക്കുണ്ട് ഭാഗത്തേയ്ക്ക് കുടിയേറിയ ആദ്യകുടുംബം. കൽക്കുണ്ട് പാവ് എന്ന സ്ഥലത്ത് 1954 ൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
1949 ന് മുമ്പ് ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്നതിന് പല തെളിവു കളും ഉണ്ട്. ലക്ഷദ്വീപിൽ നിന്നു വന്നവർ ഇവിടെ മലംകൃഷി ചെയ്‌തിരുന്നതായും അറിയപ്പെടുന്നു. കൽക്കുണ്ട് മുതൽ ഇരിങ്ങാട്ടിരി വരെ കൃഷി ആവശ്യത്തിനായി വലിയ കനാൽ തീർത്തിരുന്നു. 1954 കളിൽ പ്രകടമായിരുന്ന കനാലുകളുടെ ഭാഗങ്ങൾ ഇന്നും തെളിവായി നിലനിൽക്കുന്നുണ്ട്. തുണിനെയ്ത്‌ത് ഇവിടെ ഉണ്ടായിരുന്നു എന്നതിന്ന് തെളിവാണ് പാവ് എന്ന സ്ഥലനാമം തന്നെ. തുടർന്ന് കനാല് തകർന്നതിനാൽ ദ്വീപ്കാര് ഇവിടം വിട്ട് പോവുകയാണ് ചെയ്തതെന്ന് ചരിത്രം. ടിപ്പുവിന്റെ പടയോട്ടകാലത്ത് മൈസൂരിൽ നിന്ന് ഊട്ടികൂടി കൽക്കുണ്ട് മഞ്ഞളാംചോല - മണലിയാംപാടം ഫോറസ്റ്റിലൂടെ ഫുട്‌പാത്ത് വഴി പാലക്കാട് പോയി രുന്നുവെന്നും പാലക്കാട് ടിപ്പു സുൽത്താന്റെ കോട്ട അങ്ങനെതീർത്തതാണെന്നും പറയുന്നു. മാത്രമല്ല, കൽക്കുണ്ടിലെ ചില സ്ഥലങ്ങളിൽ മരിച്ച് അടക്കം ചെയ്‌തിരുന്നുവെന്ന് പറയപ്പെടുന്ന കൂടങ്ങളും മറ്റ് അവശിഷ്ടങ്ങളും ധാരാളമായി കാണപ്പെടുന്നുവെന്നതിൽ നിന്നും മുമ്പ് ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു.
പണ്ട് ഇവിടെ ജന്മി വ്യവസ്ഥയായിരുന്നു നിലനിന്നിരുന്നത്. കൽക്കുണ്ട് പ്രദേശം മുഴുവൻ കോഴിക്കോട് സാമൂതിരി കോവിലകം രാജകുടുംബത്തിൻതായിരുന്നു. തുടർന്ന് ബി.വി ആൻറണി കാലിക്കറ്റ്, ഡോ. ഈപ്പച്ചൻ കാഞ്ഞിരപ്പള്ളി, മൊയ്‌തീൻ കോയ ഹാജി കാലിക്കറ്റ്, ദേവദാസൻ കാലിക്കറ്റ് എന്നിവർ ചേർന്ന് കൽക്കുണ്ട് പ്രദേശം മുഴുവൻ 37 അവകാശികൾ ഉണ്ടായിരുന്ന കോവിലകം രാജകുടുംബത്തിൽ നിന്നും വില യ്ക്കുവാങ്ങുകയാണ് ചെയ്തത്. രാജകുടുംബത്തിൻറെ അധീനതയിൽ ആയിരി ക്കുമ്പോൾ തന്നെ ലോറിയും പോത്തുംവണ്ടിയും ഇന്നത്തെ 'അട്ടി' വരെ എത്തിയിരുന്നു. അട്ടി എന്ന പേര വരാൻ തന്നെ കാരണം ഇവിടെനിന്ന് മുള, ഈറ്റ, തടി എന്നിവ കയറ്റിക്കൊണ്ടുപോകുവാൻ കൂട്ടി ഇട്ടിരുന്നു എന്നതിൽ നിന്നുമാണ്. കൽക്കുണ്ട് ചരിത്രത്തിൻറെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് തിരുവിതാംകൂറിൽ നിന്നുള്ള കർഷക ജനതയുടെ കുടിയേറ്റത്തോടുകൂടിയാണ്. ഈ പ്രദേശത്തെ കുടിയേറ്റത്തെ കണക്കിലെടുക്കുമ്പോൾ നാലുഘട്ടമയി തിരിക്കാം. ഒന്നാം ഘട്ടം 1949 ൽ ചേരി പാവിൽ ഭാഗം. രണ്ടാം ഘട്ടം 1000-67 കളിൽ അട്ടിപുഴയ്ക്ക് ഇക്കരെ കൽക്കുണ്ട് മണലിയാംപാടം, മഞ്ഞളാംചോല ഭാഗങ്ങൾ. മൂന്നാം ഘട്ടം 1069 ൽ ആർത്തലഭാഗം നാലാം ഘട്ടം ആർത്തലക്കുന്ന് കോളനിഭാഗം.
1949 ൽ കുടിയേറ്റം ആരംഭിച്ചെങ്കിലും ഒന്നരപതിറ്റാണ്ടിനുശേഷം 1967 കാലഘട്ടത്തിലാണ് കുടിയേറ്റം സ്ഥിരപ്പെടുന്നത്. 1947 ൽ തിരുവിതാംകൂറിലെ ഇലഞ്ഞിയിൽ നിന്നും കോഴിക്കോട് തിരുവമ്പാടിയിൽ കുടിയേ റിയിരുന്ന കുരീക്കാട്ടിൽ വർക്കിയുടെ കുടുംബമാണ് ശക്തമായ കുടിയേറ്റത്തിൻ്റെ ആരംഭത്തിൽ 1967 ൽ കൽക്കുണ്ടിൽ താമസം തുടങ്ങിയ ആദ്യ കുടുംബം മൊയ്‌തീൻ കോയയുമായുള്ള ബന്ധമാണ് കുരിക്കാട്ടിൽ കുടുംബത്തിന് കൽക്കുണ്ടിലേക്കുള്ള വരവിന് നാന്ദിയായത്. തുടർന്ന് 67 ൽ തന്നെ കൽക്കുണ്ടിലേക്ക് കുടിയേറ്റക്കാരുടെ ഒരു പ്രവാഹമായിരുന്നു. പതിയിൽ ജോൺ, തെങ്ങുംപള്ളിക്കുന്നേൽ മാത്തച്ചൻ. തെങ്ങുംപള്ളിക്കുന്നേൽ ചാണ്ടിക്കുഞ്ഞ്, ഉപ്പുമാക്കൽ സെബാസ്റ്റ്യൻ, മറ്റത്തിൽ ജോസഫ്, മറ്റത്തിൽ തോമസ്, പൂതക്കുഴി ദേവസ്യാ, കടമപ്പുഴ ജേക്കബ്ബ്, നെടുമ്പള്ളിൽ ജോസ്, പുളിക്കാട്ട് ഫ്രാൻസിസ്, മടലിയാങ്കൽ ആഗസതി, പള്ളിക്കുന്നേൽ മാത്യു. പള്ളിക്കുന്നേൽ കുഞ്ഞുവർഗ്ഗീസ്, മൂക്കിരിക്കാട്ട് ചാക്കോച്ചൻ എന്നീ ക്രിസ്‌ത്യൻ കുടുംബങ്ങളാണ് തുടർന്ന് ഇവിടെ എത്തിച്ചേർന്നത്. 37 അവകാശികളുള്ള ചെറുവണ്ണൂർ കോവിലകം മാനവേദൻ ഉണ്ണിരാജയിൽ നിന്നും കുറച്ച് അവകാശികളുടെ സ്ഥലം മൊയ്‌തീൻ കോയ മാനേജരായി നാലുപേരുടെ പാർട്‌ണർഷിപ്പിൽ കമ്പനിപോലെ രജിസ്റ്റർ ചെയ്തിരുന്നതാണ് കൽക്കുണ്ട് പ്രദേശം. ഈ സ്ഥലമാണ് കൽക്കുണ്ടിലെ ആദ്യകുടിയേറ്റക്കാർ വാങ്ങുന്നത്.
ആദ്യകാല കുടിയേറ്റക്കാർ അനുഭവിച്ചിട്ടുള്ള യാതനകളും പ്രയാസങ്ങളും ഒട്ടനവധിയാണ്. പൂർണ്ണമായ ഈറ്റക്കാടായി രുന്നു അന്ന് കൽക്കുണ്ട്. കാട്ടുമൃഗങ്ങളോടും വന ത്തോടും കല്ലിനോടും മണ്ണി നോടും പടവെട്ടി കൽക്കുണ്ടിനെ കനകക്കുന്നാക്കി മാറ്റാൻ ആദ്യ പിതാമഹൻമാർക്ക് കഴിഞ്ഞു. ഇത് അവരുടെ സ്നേഹവും ഐക്യവും ഒത്തൊരുമയുമാണ് വിളിച്ചോതുന്നത്. പുതിയ മണ്ണിൽ നിലനിൽപ്പിനു വേണ്ടി അധ്വാനിച്ച കുടിയേറ്റ ക്രൈസ്‌തവരെ അർത്ഥം കൊണ്ടും ആരോഗ്യം കൊണ്ടും സഹായിച്ച മഹത് ക്തി യായിരുന്നു എൻ.യു കുഞ്ഞലവി മൗലവി, ഔദാര്യ പൂർവ്വം റോഡിനുള്ള സ്ഥലം അദ്ദേഹം പതിച്ചുനൽകി. മാത്രമല്ല, ക്രൈസ്തവ കുടിയേറ്റക്കാരുടെ എല്ലാ വിധ ആവശ്യങ്ങളിലും പൂർണ്ണ പിന്തുണയും പിൻബലവും നൽകി അദ്ദേഹം കുടിയേറ്റക്കാർക്കൊപ്പം നിലകൊണ്ടു. കൽക്കുണ്ട് പ്രദേശത്തെ ക്രൈസ്‌തവ ജനതയുടെ ഉയർച്ച നിറഞ്ഞ മനസ്സോടെ നോക്കിക്കണ്ട കുഞ്ഞലവി മൗലവി കുടിയേറ്റ ജനതയുടെ മനസ്സിൽ എക്കാലവും ജീവിക്കുന്നു.
1967 105 കുടിയേറ്റത്തിൻറെ ആരംഭത്തിൽ തന്നെ ഭക്ഷ്യക്ഷാമം ഇവിടെ രൂക്ഷമായി. അരി കിട്ടാതെയായപ്പോൾ മണ്ണാർക്കാടുനിന്ന് കാട്ടിൽ കൂടി സൈലന്റ് വാലി വഴി തലച്ചുമടായി അരികൊണ്ടുവന്നാണ് പട്ടിണി മാറ്റിയിരുന്നത്. ഉടൻ തന്നെ എല്ലാവരും ഒന്നുചേർന്ന് കാട്ടു മൃഗങ്ങളോട് മല്ലടിച്ച് ഈറ്റക്കാട് വെട്ടിത്തെളിച്ച് നാട്ടിൽ നിന്നും 'താണ്യൻ' നെൽവിത്ത് കൊണ്ടുവന്ന് വിതച്ച് സമ്യദ്ധിയിൽ കൽക്കുണ്ടിന് മാത്രമല്ല, കരുവാരകുണ്ട് പ്രദേശത്തിനും ആവശ്യമായ നെൽകൃഷിചെയ്തും കപ്പ ഇട്ടും ഒറ്റക്കൊല്ലത്തെ കൃഷികൊണ്ട് ബുദ്ധിമുട്ട് മാറി, ഇവിടം കൊണ്ടു തന്നെ ജീവിക്കുവാൻ സാധിക്കു മെന്ന ഉറപ്പോടെ കുടിയേറ്റത്തെ പിടിച്ചു നിറുത്താൻ നമ്മുടെ പൂർവ്വികർക്കു കഴിഞ്ഞു. അങ്ങനെപുരോഗതി യുടെ പടവുകൾ ചവിട്ടിക്കയറുകയായി.
തുടർന്ന് റബ്ബറും, തെങ്ങും, കമുങ്ങും, ജാതിയും, കൊക്കൊയും, കുരുമുളകും ഇടതൂർന്ന് കൃഷി ചെയ്ത‌് സമ്പൽസമ്യദ്ധമായ മറ്റൊരു തിരുവിതാംകൂറായി മാറാൻ കൽക്കുണ്ടിന് കഴിഞ്ഞു. കാടുവെട്ടിത്തെളിച്ച് നാടാക്കുന്നതിന് - ഫലഭൂയിഷ്‌ഠിയുള്ള കൃഷിയിടം ആക്കുന്നതിന് വന്യമൃഗങ്ങളോട് പൊരുതിജയിക്കാൻ പാടുപെട്ട സംഭവങ്ങൾ ഒട്ടനവധിയാണ്. എല്ലാവരും കൂടി ഒന്നിച്ച് കാട്ടുമൃഗങ്ങളോട് നേരിട്ട് പൊരുതി കൃഷി നിലനിർത്തി എന്നതാണ് എറ്റവും പ്രശംസനിയമായ കാര്യം. അന്നൊക്കെ നായാട്ട് നടത്താൻ അനുവാദം ഉണ്ടായിരുന്നുവെന്നത് ഒരു പരിധിവരെ കൃഷിയെ പിടിച്ചുനിർത്താൻ സഹായിച്ചു. സമ്പൽസമൃദ്ധിയുടെ നാടായി മാറിയിരുന്ന കൽക്കുണ്ടിലെ കാർഷിക മേഖല 1981 ആഗസ്റ്റ് 22 ന് ഉണ്ടായ ഉരുൾപൊട്ടലോടെ അലപം ഒരു ബലക്ഷയ ത്തിലേക്ക് നീങ്ങി. സമ്പൽസമൃദ്ധിയുടെ വിളനിലത്തിൽ ഒരു വലിയ വിള്ളലുണ്ടാക്കി. ഏഴുപേരുടെ ജീവൻ അപഹരിച്ചുകൊണ്ട് പ്രകൃതി ഉരുൾപൊട്ടലിന്റെ രൂപത്തിൽ സംഹാരതാണ്ഡവമാടിയപ്പോൾ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷകളും പരീക്ഷിക്കപ്പെടുക യായിരുന്നു. കൽക്കുണ്ടിനെസംബന്ധിച്ച് അതൊരു തീരാനഷ്ടവും വേദനയുമായിരുന്നു. കൽക്കുണ്ടിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായം എന്ന് നമുക്കതിനെവിളിക്കാം. എങ്കിലും ദൈവത്തിലുള്ള അചഞ്ചലമായ ആശ്രയബോധം വീണുപോയിടത്തുനിന്ന് എഴുന്നേൽക്കാനും വീണ്ടും സന്തോഷവും സമൃദ്ധിയും നിറഞ്ഞുനിൽക്കുന്ന ഒരു ജീവിതം പടുത്തുയർത്താനും കൽക്കുണ്ടുകാരെ സഹായിച്ചു.
കൽക്കുണ്ടിൻറെ വികസനത്തിൻറെ മുഖമുദ്രയെന്നോണം വിവിധ റോഡുകളും പാലങ്ങളും ഇതിനകം പണിതീർത്തിട്ടുള്ളതിനാൽ ഭേദപ്പെട്ട യാത്രാസൗകര്യമാണ് ഇന്നിവിടെയുള്ളത്. എന്നാൽ ആദ്യനാളുകളിൽ കരുവാരകുണ്ട് മാമ്പറ്റ പാലം ഇല്ലാതിരുന്നതിനാ വ്യാപാരത്തിനും ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതിനും രോഗാവസ്ഥയിലും മറ്റും ഈ പ്രദേശത്തുകാർ ഒത്തിരി ബുദ്ധിമുട്ടിയിരുന്നു രോഗികളെ എടുത്ത് പുഴനീന്തിക്ക ടന്നിരുന്ന അനുഭവങ്ങളും കണ്ണീരോടെ ഓർക്കാതെ വയ്യ. പിന്നീട് ബ്ലോക്കിൻറേയും പഞ്ചായത്തിന്റേയും സഹകരണത്തോടെ കൽക്കുണ്ട് കുടിയേറ്റക്കാർ പണി കഴിപ്പിച്ചതാണ് ഇന്നു കാണുന്ന മാമ്പറ്റപ്പാലം. തുടർന്ന് എല്ലാ കാലത്തും വാഹനങ്ങൾ അട്ടി വരെ എത്തിയിരുന്നത് യാത്ര സുഖകരമാക്കിത്തീർത്തു. ആദ്യനാളുകളിൽ കരുവാരകുണ്ടുവരെ കാൽനടയായി യാത്രചെയ്യുകയായിരുന്നു പതിവ്. തുടർന്ന് 1975 കളിൽ വാൻ സർവ്വീസ് തുടങ്ങി. 1980 കളിൽ ബസ്റ്റ് സർവ്വീസ് തുടങ്ങി. ഇന്ന് 14 ട്രിപ്പ് ബസ്സ് സർവ്വീസ് കൽക്കുണ്ടിന് ഉണ്ട് എന്നത് യാത്രാസൗകര്യം വളരെ എളുപ്പമാക്കിത്തീർക്കുന്നു. 1978 ഡിസംബർ 8 ന് കൽക്കുണ്ടിൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായി. ഈ കാലഘട്ടത്തിൽ തന്നെ ടെലഫോണും ലഭ്യമായിരുന്നത് ഈ നാടിൻറെ ഒരു നേട്ടമായിരുന്നു. 1986 കളിൽ കറൻറും ലഭ്യമായി കൽക്കു ണ്ടിന്റെ ഗതാഗത മാധ്യമ മേഖലകളുടെ വികസനത്തിന് എക്കാലവും ശക്തമായ നേതൃത്വവും സാമ്പത്തിക സഹകരണവും നൽകിയവരാണ് ആനത്താനം ജോസും മാത്തച്ചനും. 2009-2010 ൽ കൽക്കുണ്ട് അട്ടി റോഡ് വീതികൂട്ടി ടാറിംഗ് നടന്നപ്പോൾ തെങ്ങും പള്ളി ക്കുന്നേൽ ലാലിച്ചനും ജോജോയും റോഡിന് ആവശ്യമായ സ്ഥലം വിട്ടുനൽകി പള്ളിയുടെ സ്ഥലം പോകാത സംരക്ഷിച്ചു.
കൽക്കുണ്ട് അട്ടി തോട് മഴക്കാലങ്ങളിൽ കരക വിഞ്ഞൊഴുകിയിരുന്നതിനാൽ ആർത്തല ഭാഗക്കാർ നന്നേ ക്ലേശിച്ചിരുന്നു. മുളകൊണ്ടുള്ള തൂക്കുപാലം ആയിരുന്നു ഉണ്ടായിരുന്നത്. വലിയ മഴയ്ക്ക് അതും ഒഴുകിപ്പോകുമായിരുന്നു. ഇതിനുവിരാമമിട്ടുകൊണ്ട് 2010 ൽ കേന്ദ്രഗവൺമെൻറിൻറെ പദ്ധതിയിൽ പൂർത്തികരിക്കപ്പെട്ട പുതിയ പാലവും നവീകരിക്കപ്പെട്ട റോഡും കൽക്കുണ്ടിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചു. പഞ്ചായത്ത്, ബാങ്കിംഗ്, ആശുപത്രി, വാർത്താ വിനിമയം, ട്രഷറി, കൃഷിഭവൻ, എക്സ്ചേഞ്ച് തുടങ്ങിയ ഗവൺമെന്റ്റ് ഓഫീസുകളും സാമൂഹിക - സാംസ്കാരിക - മാധ്യമ മേഖലയുമായുള്ള ബന്ധവും കൽക്കുണ്ടിന്റെ ധ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സഹായകമായി
കൂടിയേറ്റത്തിന്റെ ആരംഭം മുതലേ വിദ്യാഭ്യാ സത്തിനായി കരുവാരകുണ്ട് ഗവൺമെന്റ് സ്‌കൂളിനെ യാണ് ആശ്രയിച്ചിരുന്നത്. ആദ്യം യൂ.പി. സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും എല്ലാവരുടേയും സഹകരണത്തോടെ ഹൈസ്‌കൂളായി. ഇവിടെ നിന്നും ദീർഘദൂരം 7 കിലോമീറ്ററോളം നടന്നുപോയാണ് പഠിച്ചിരുന്നത്. എന്നാൽ ആദ്യനാളുകളിൽ കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ മാതാപിതാക്കൾ ഒത്തിരി ബുദ്ധിമുട്ടിയിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിലും, കോഴിക്കോട് സിൽവർഹിൽസ് സ്കൂളിലും, പ്രൊവിഡൻസ് സ്‌കൂളിലും കോളേജിലും, കോഴിക്കോട് തിരുവമ്പാടി ഇൻഫൻറ് ജീസ്സസ് മുതലായ സ്‌കൂളുകളിലുമായാണ് പുതിയ തലമുറ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയിരുന്നത്. ഈ സ്ഥാപനങ്ങളിൽ പഠിച്ച കുട്ടികൾ ഇന്ന് നല്ല നിലയിൽ ജീവിക്കുന്നു.
കൽക്കുണ്ടിലെ ക്രൈസ്‌തവ സമൂഹം മതവ്യത്യാസമില്ലാതെ ഹൈന്ദവ മുസ്ലിം ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചുകൊണ്ടുപോകുന്നതിൽ ബദ്ധശ്രദ്ധരാണ്. ഐക്യത്തിൻറേയും സഹകരണത്തിൻറെയും സാഹോദര്യത്തിന്റേയും മനോഭാവം ഹൈന്ദവ മുസ്‌ലിം ക്രൈസ്തവ കുടുംബങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നു. പരസ്‌പരം പങ്കുവെച്ചും കൊടുത്തും കൊണ്ടും സഹായിച്ച് ഒന്നിച്ച് ഒന്നുചേർന്ന് നീങ്ങാൻ കഴിയുന്നുവെന്നത് അസൂയാവഹവും അത്ഭുതാവകവുമായ കാര്യമാണ്. കൽക്കുണ്ട് പള്ളിയോടുചേർന്ന് നടക്കുന്ന ഏത് പരിപാ ടിയിലും ഹൈന്ദവ-മുസ്‌ലിം സഹകരണവും സാന്നിദ്ധ്യവുമുണ്ട്. ഒപ്പം അവരുടെ ഏത് വളർച്ചയ്ക്കും ജീവിത ഉന്നമനത്തിനും ക്രൈസ്‌തവ കൂട്ടായ്‌മയുടെ അകമഴിഞ്ഞ സഹകരണവും സഹായവും നൽകിവരുന്നു. കൽക്കുണ്ടിന്റെ പ്രകൃതി സൗന്ദര്യം അയൽനാ ട്ടുകാരെയും മറുനാട്ടുകാരെയും ഇങ്ങോട്ട് ആകർഷിക്കുന്നു. വെള്ളച്ചാട്ടങ്ങളും, ചോലകളും, അരുവികളും, റോഡുകളും, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും, ആകാശം തഴുകിതലോടുന്ന മലഞ്ചെരുവുകളും, വിരിഞ്ഞ് കിടക്കുന്ന പാറകളും, ഇടതൂർന്ന് നിൽക്കുന്ന കൃഷിഭൂമികളും, മനോഹരമായ വനദൃശ്യങ്ങളും കൊണ്ട് അനുഗ്രഹീതമാണിവിടം. ഇവിടേയ്ക്ക് കടന്നുവരുന്നവർ കരളും മനസ്സും കുളിർപ്പിച്ച് കടന്നുപോകുന്ന കാഴ്ച്‌ച വേറിട്ടൊരു അനുഭവമാണ്. കൽക്കുണ്ടിലെ മനോഹര ദൃശ്യമായ കേരളാക്കുണ്ട്, സ്വപ്നക്കുണ്ട് വെള്ള ച്ചാട്ടങ്ങൾ ഉൾപ്പെടുത്തി കേരള ഗവൺമെന്റ് ഇവിടെ ടൂറിസം മേഖലയായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടന്നിരിക്കുകയാണ്.
പള്ളിയും അതിനോടനുബന്ധിച്ച ചരിത്ര സത്യങ്ങളും
പള്ളിയും അതിനോടനുബന്ധിച്ച ചരിത്ര സത്യങ്ങളും വേണമെങ്കിൽ രണ്ടായി തിരിക്കാൻ കഴിയും ഒന്നാം ഘട്ടം 1949 ൽ വള്ളിക്കാപ്പിൽ കുടുംബം മഞ്ചേരി സി.എസ്.ഐ. പള്ളിയിൽ കത്തോലിക്കാ വൈദികർ വന്ന് അർപ്പിക്കുന്ന കുർബ്ബാനയിൽ സംബന്ധിച്ചിരുന്നു. തുടർന്ന് തലശ്ശേരി രൂപതയുടെ ഇടവകയായ മണിമൂളി ഇടവകയിൽ ഇടവകാംഗമായി ചേർന്നു. ഇവിടെ നിന്നുമാണ് വിവാഹത്തിന് കുറി വാങ്ങിയിരുന്നത്. ആർത്തലയിൽ പിയേഴ്സ്ലെസ്‌ലി കമ്പനിയുടെ ടീ എസ്റ്റേറ്റിൽ ജോലിക്കാരായി എത്തിയവരിൽ തമിഴ് ക്രിസ്ത്യൻസും, തമിഴിൽ നിന്ന് കൺവേർട്ട് ചെയ്യപ്പെട്ട ക്രിസ്ത്യൻസും, പറയൻമാരുടെ ഇടയിൽ കുറച്ച് ക്രിസ്ത്യൻ യാക്കോബായ കുടുംബങ്ങളും 1954 കളിൽ ഉണ്ടായിരുന്നു. ഇവരുടെ ഇടയിൽ കാലിക്കറ്റിൽ നിന്നും ജെസ്യൂട്ട് ഫാദേഴ്‌സ് വന്ന് കുർബാനയും മറ്റ് ആത്മിയ കാര്യങ്ങളും നടത്തിയിരുന്നു. ബഹു. വൈദികർ കാൽനടയായി ദീർഘദൂരം കാട്ടിലൂടെ യാത്രചെയ്‌താണ് ഇവരുടെ ഇടയിൽ എത്തിച്ചേർന്നിരുന്നത്. ഈ എസ്റ്റേറ്റിൽപ്പെട്ട ക്രിസ്‌ത്യൻ കുടുംബങ്ങളിൽ കിഴക്കേമുറി ഏശയ്യായുടെ കുടുംബം പിന്നീട് ആർത്തല കോളനി എസ്റ്റേറ്റിൽ സ്ഥലം വാങ്ങി സ്ഥിരതാമസമാകി. വിശ്വാസികൾ ആത്മീയ കാര്യങ്ങൾക്കായി മലപ്പുറം സെന്റ് ജമ്മാസിലും നിലമ്പൂർ ലിറ്റിൽ ഫ്ളവർ പള്ളിയിലും പോയിരുന്നുവെന്നും കാണുന്നു. ഓണാട്ട് കുടുംബത്തിലെ കുഞ്ഞ് മരിച്ചപ്പോൾ നിലമ്പൂർ പള്ളിയിലാണ് അടക്കം ചെയ്‌തത് എന്ന ചരിത്രവുമുണ്ട്. ആരാധനാപരമായ രണ്ടാം ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ 1960 ജനുവരി 1 ന് ധർമ്മഗിരി സിസ്റ്റേഴ്സിൻറെ മഠം തൂവ്വൂർ ആരംഭിച്ചതുമുതൽ ഇവിടെയാണ് കുർബാനയ്ക്കും മറ്റ് ആത്മീയ കാര്യങ്ങൾക്കും പോയിരുന്നത്. പിന്നീട് കരുവാരകുണ്ടിൽ ആനത്താനംകാരുടെ ബിൽഡിംഗിൽ തൂവ്വരുനിന്നും അച്ചൻ വന്ന് കുർബാന അർപ്പിച്ചിരുന്നു. തുടർന്ന് ഇവിടെ പോകാൻ തുടങ്ങി.
ക്രൈസ്തവ കുടിയേറ്റം ശക്തമായതോടെ കൽക്കുണ്ടിൽ ഒരു പള്ളി വരിക എന്നത് ഒരു ആവശ്യമായി കാണുകയും ആദ്യ കുടിയേറ്റക്കാർ ഒന്നുചേർന്ന് പള്ളിക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് എ.പി. മൊയ്‌തീൻ കോയ പള്ളിക്ക് സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്തോട് ചേർന്ന് 20 സെൻറ് സ്ഥലം കൂടി പണം മുടക്കി വാങ്ങിച്ചു. അങ്ങനെപള്ളിക്ക് സ്വന്തമായ ഒരേക്കർ സ്ഥലത്ത് 1968 ൽ ഒരു ചെറിയ ചാപ്പൽ ഷെഡ് പണിതു. 1970 ൽ ഞായറാഴ്‌ച കൂകുർബാന ചൊല്ലാൻ അനുവാദം കിട്ടി. തൂവ്വർ കോൺവെൻറ് ചാപ്ലെയിൻ ആയിരുന്ന മണ്ണുരാംപറമ്പിൽ അച്ഛനാണ് ആദ്യകാലങ്ങളിൽ ഇവിടെ കുർബാന അർപ്പിക്കാൻ എത്തിയിരുന്നത്. 1973 ൽ കരുവാരകുണ്ട് ഇടവകപ്പള്ളിയായതിന് ശേഷം അവിടെ നിന്നും ജോസഫ് പുത്തൻപുര അച്ചനും, സെബാസ്റ്റ്യൻ പുളിന്താനം അച്ചനും ഇവിടുത്തെ ആത്മീയ കാര്യങ്ങൾ അഭംഗുരം നിർവ്വഹിച്ചുപോന്നു. ബഹുമാനപ്പെട്ട പുളിന്താനത്തച്ചൻറെ കാലത്താണ് ഒരു ഇടവകയായി ഉയർത്തണമെന്ന ആവശ്യവുമായി പതിയിൽ ജോണും നല്ലനിരപ്പേൽ മാത്യുവും കൂടി തലശ്ശേരിയിൽ വള്ളോപ്പിള്ളി പിതാവിനെകണ്ടു സംസാരിച്ചുവെങ്കിലും പള്ളിക്ക് സ്ഥലം കുറവ് എന്ന കാരണത്താൽ അനുവാദം ലഭിച്ചില്ല. പിന്നീട് പള്ളിക്കായി ഒരേക്കർ സ്ഥലം കൂടി വിലയ്ക്ക് വാങ്ങി. മാത്രമല്ല, പഴയപള്ളി ഷെഡ് പുതുക്കി വെട്ടുകല്ല് കെട്ടി മറച്ച് പൂവത്തിന്റെ പലകകൊണ്ട് മേൽക്കൂര കെട്ടി ഓടിട്ട ഒരു ചെറിയ ചാപ്പലായി ഉയർത്തി.
പള്ളിക്ക് ആവശ്യമായ മണിയും മറ്റുസാധനങ്ങളും വിശുദ്ധ കുർബാനയ്ക്ക് ആവശ്യമായ വിശുദ്ധ വസ്‌തുക്കളും പതിയിൽ ജോൺ നാട്ടിലെ പള്ളികളിൽ നിന്ന് ശേഖരിച്ച് ഇവിടെ എത്തിക്കുകയാണ് ചെയ്‌തത്. വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വിശുദ്ധ വസ്‌തുക്കളെല്ലാം പള്ളിയിൽ സൂക്ഷിക്കുവാനുള്ള അസൗകര്യംമൂലം പതിയിൽ ജോൺ സ്വന്തം വീട്ടിൽ സൂക്ഷിക്കുകയാണ് ആദ്യനാളുകളിൽ ചെയ്തിരുന്നത്. പള്ളിക്ക് ഒരു വികാരിയേയും പള്ളിക്കുള്ള അംഗീകാരവും നല്ലനിരപ്പേൽ മത്തായി വള്ളോപ്പിള്ളി പിതാവിനോടുള്ള അദ്ദേഹത്തിൻറെ വ്യക്തിപരമായ ബന്ധത്താൽ നിർബന്ധപൂർവ്വം വാങ്ങിച്ചെടുത്തുവെന്നുതന്നെ പറയാം. പതിയിൽ ജോണിൻറെയും നല്ലനിരപ്പേൽ മത്തായിയുടെയും ഇടവക പള്ളിക്ക് വേണ്ടിയുള്ള ആത്മാർത്ഥമായ പ്രയത്നം കൽക്കുണ്ടിലെ ആദ്യകാല പിതാമഹൻമാർ ഒന്നടങ്കം പ്രശംസിക്കുന്ന കാര്യമാണ്. മലബാറിൻറെ മോസസ് എന്നറിയപ്പെടുന്ന അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് 1978 മെയ് 1 ന് കൽക്കുണ്ട് പള്ളിയെ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമധേയത്തിൽ തലശ്ശേരി രൂപതയുടെ ഇടവകയായി ഉയർത്തി. ആദ്യവികാരിയായി റവ: ഫാ. സെബാസ്റ്റ്യൻ വടക്കേലിനെ നിയമിച്ചു. 1986 ഏപ്രിൽ 26 നു താമരശ്ശേരി രൂപത സ്ഥാപിതമായി. അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിപ്പിതാവ് രൂപതാഭരണം ഏറ്റെടുത്തു. പിതാവ് 1991 ഡിസംബർ 23 നു കൽക്കുണ്ടിലെ പുതിയ പള്ളി വെഞ്ചിരിച്ച് വി. ബലി അർപ്പിച്ചു. ഫിദേലീസ് വയലിൽ 6 ലക്ഷം രൂപ വിദേശ സഹായം എത്തിച്ചുനൽകിയത് പ്രത്യേകം അനുസ്‌മരിക്കുന്നു. 1990 മാർച്ച് 3 നു കർമ്മലീത്താ സിസ്റ്റേഴ്‌സിൻറെ പുതിയ ശാഖ ഇവിടെ ആരംഭിച്ചു. ഇവർ സജീവമായി ഇടവകാ പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തുന്നു.
2007 ജനുവരി 22 ന് പുതിയ പള്ളിമേട, പാരിഷ്ഹാൾ എന്നിവയുടെയും, 2008 ഏപ്രിൽ 14 ന് കുരിശുപള്ളിയുടെയും വെഞ്ചിരിപ്പ് കർമ്മം അഭി വന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളിപ്പിതാവ് നിർവ്വഹിച്ച് അച്ചനും ഇടവകജനത്തിനും പ്രോത്സാഹനമേകി. ഇടവകാതിർത്തിയായ ചേരിയിൽ വള്ളിക്കാപ്പൻ രാജു സൗജന്യമായി നൽകിയ സ്ഥലത്ത് ബഹു. ചിറകണ്ടെത്തിലച്ചൻ 2009 ൽ കുരിശുസ്ഥാപിച്ചു. 2011 ആഗസ്റ്റ് 8 ന് ബഹു. വിനോയി പുരയിടത്തിലച്ചൻ പള്ളിയുടെ മുമ്പിലെ ഗ്രോട്ടോയും കൽവിളക്കും വെഞ്ചിരിച്ച് ദീപം തെളിച്ചു. രൂപതാ ജൂബിലിയോടനുബന്ധിച്ചു പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനവും വെഞ്ചിരിപ്പും 2011 സെപ്റ്റംബർ 1 ന് മോൺ. തോമസ് നാഗപറമ്പിലച്ചൻ നിർവ്വഹിച്ചു. അൾത്താര നവീകരിച്ച് പുതിയ സക്രാരി സ്ഥാപിച്ചതിന്റെ വെഞ്ചിരിപ്പു കർമ്മം 2012 ജനുവരി 2 ന് രൂപതാ ചാൻസർ ഫാ. ക്രിസ്റ്റി പള്ളിയോടി നിർവഹിച്ചു. 2012 ജൂലൈ 29 ന് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവ് ഔദ്യോഗികമായി ഇടവകാ സന്ദർശനം നടത്തുകയും വാർഡ് തിരിച്ച് ഇടവകാംഗങ്ങളുമായി കണ്ടുസംസാരിക്കുകയും ചെയ്തത് കൽക്കുണ്ട് ജനത്തിന് പുതിയ ഉണർവും ഉന്മേഷവുമേകി. 2011 നവംബർ 21 ന് ചരമമടഞ്ഞ ഊട്ടി രൂപതാംഗമായിരുന്ന കുന്നത്ത് ബേബിയച്ചന്റെ സ്മരണാർത്ഥം പണികഴിപ്പിച്ച സിമിത്തേരി ചാപ്പലിന്റെ വെഞ്ചിരിപ്പ് കർമ്മം 2012 നവംബർ 22 ന് ഊട്ടി ബിഷപ്പ് മാർ അമൽരാജ് നിർവ്വഹിച്ച് ബേബിയച്ചൻറെ ഓർമ്മയാചരിച്ചു. പള്ളിയുടെ എല്ലാ അവശ്യങ്ങളി ലേക്കും നല്ല മനസ്സോടുകൂടി ഇടവക കുടുംബങ്ങൾ അതാതു സമയങ്ങളിൽ സ്പോൺസർ ചെയ്യുകയാണ് ചെയ്യുന്നത്. എല്ലാവരേയും അനുസ്മരിക്കാൻ വാചാലമാണ് മനസ്സെങ്കിലും അവരെയെല്ലാം ദൈവാനുഗ്രഹത്തിനു സമർപ്പിച്ചു കൊണ്ട് വാക്കുകൾ പരിമിതപ്പെടുത്തുകയാണ്. നല്ല കൃഷിഭൂമി തേടി പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം തുടങ്ങിയ തിരുവിതാംകൂർ പ്രദേശത്തുകാരുടെ എസ്റ്റേറ്റുകളാണ് കൽക്കുണ്ടിലെ കൃഷിയിടങ്ങളിൽ ഭൂരിഭാഗവും. അതിനാൽ തന്നെ സമ്പന്നതയുടെ നാട്ടിൽ ഇടവകാ കുടുംബങ്ങളുടെ എണ്ണം കുറവാണ്. ഇടവകാതിർത്തിക്കുള്ളിൽ നൂറോളം ക്രൈസ്‌തവ കുടുംബങ്ങളും ഏകദേശം അറുപതോളം അക്രൈസ്‌തവ കുടുംബങ്ങളുമാണ് ഉള്ളത്. ഇതിൽ തന്നെയുള്ള തൊഴിലാളികളാണ് ചോരനീരാക്കി കൽക്കുണ്ടിന്റെ പ്രകൃതിസമ്പത്തിനെ എക്കാലത്തും അണിയിച്ചൊരുക്കുന്നതും നിലനിർത്തുന്നതും. കൽക്കുണ്ടിൻറെ ചരിത്രത്താളുകളിൽ മാത്രമല്ല, അവരുടെ അധ്വാനത്തിൻറെ ഫലം അനുഭവിക്കുന്ന ഓരോരുത്തരിലും ജീവൻ തുടിക്കുന്ന തൊഴിലാ ളികളുടെ ഓർമ്മകൾ എന്നും നിലനിൽക്കട്ടെ ആറു പതിറ്റാണ്ടിനപ്പുറം നിബിഢ വനങ്ങളും കാട്ടരുവികളും കാട്ടുമൃഗങ്ങളുടെ വിഹാരതടങ്ങളും കൊണ്ടു നിറഞ്ഞിരുന്ന കൽക്കുണ്ട് മലയോരത്തെ പൊന്നുവിളയുന്ന കാനാൻ ദേശമായി മാറ്റാൻ കഴിഞ്ഞതിന്റേയും ഇവിടുത്തെ അത്ഭുതാവഹമായ പുരോഗതി യുടേയും പിന്നിൽ കൂടിയേറ്റ പിതാക്കൻമാരോട് ചേർന്നുനിന്നു പ്രവർത്തിച്ച കർമ്മധീരരായ, ത്യാഗധനരായ വൈദികരുടെ ജീവിതം ഈ മണ്ണിൽ അലിഞ്ഞു ചേർന്ന് ഊർജ്ജം പകർന്നിട്ടുണ്ട്. നാലുമലകളാൽ ചുറ്റപ്പെട്ട് അതിൻ്റെ കേന്ദ്ര സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പള്ളി കൽക്കുണ്ടിൻറെ ദീപമായി, ആത്മീയ ശ്രോതസ്സായി ഉയർന്നു നിൽക്കുന്നു.
കൽക്കുണ്ട് സെന്റ് മേരീസ് പള്ളി സ്ഥാപിതമാകുന്നതിനുമുമ്പും പിമ്പുമുള്ള കാലഘട്ടങ്ങളിൽ കൈക്കാരൻമാരും കമ്മിറ്റിക്കാരും അഭ്യുദയകാംഷികളുമെന്ന നിലയിൽ കഠിനാദ്ധ്വാനം ചെയ്‌ത പലരും ഇന്നും പ്രവർത്തനനിരതരായി കഴിയുന്നുണ്ട്. പള്ളിയുടെയും അനുബന്ധിച്ചുള്ള ഈ പ്രദേശത്തിൻറെ വളർച്ചയിലും അതാതു കാലഘട്ടത്തിലെ വൈദീകരോട് ചേർന്നുനിന്നു പ്രവർത്തിച്ച കൈക്കാരൻമാരുടെ സേവനം നിസ്‌തുലമാണ്. പാറേക്കുന്നേൽ ജോസഫ് പള്ളിയുടെ ആരംഭകാലങ്ങളിൽ പള്ളിശുശ്രൂഷ നിർവ്വഹിക്കുകയുണ്ടായി. റോയി ഉപ്പുമാക്കൽ, ബെന്നി കണ്ണംകുളം എന്നിവർ വളരെ വർഷങ്ങൾ മതബോധന പ്രധാന അദ്ധ്യാപകമായി സേവനം ചെയ്തു. പോയകാലത്തിൻറെ പാതയോരങ്ങളിൽ വച്ച് ജീവിതം പങ്കിട്ടനുഭവിക്കുകയും മനസ്സിൽ കീഴടക്കുകയും ചെയ്തവരും, ഓർമ്മകൾ ബാക്കിയാക്കി കടന്നുപോയവരും ഇന്നു തുടർഫലങ്ങൾ അനുഭവിക്കുന്നവരും ഒന്നുചേർന്ന കൽക്കുണ്ട് ദേവാലയകുടുംബത്തിനു ഓത്തിരിയേറെ അനുഭവങ്ങൾ പങ്കുവെയ്ക്കാനുണ്ട്. കൽക്കുണ്ടിൻറെ പുരോഗതിയ്ക്കും ഉന്നമനത്തിനും വേണ്ടി അദ്ധ്വാനിച്ചവരും ഇടവകാപ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിച്ച നല്ലവരും ഒന്നുചേർന്ന കുടുംബമാണ് കൽക്കുണ്ട് ഇടവക അധ്വാനപൂർണ്ണമായ ജീവിതത്തിൻറെ മാധുര്യം നിറഞ്ഞുതുളുമ്പുന്ന അനുഭവങ്ങൾ ഇടവകയിലേയ്ക്ക് നോക്കുമ്പോൾ കാണാൻ കഴിയുന്നു കൽക്കുണ്ട് ചരിത്രത്താളുകളിൽ ഉൾപ്പെടുത്തേണ്ടതാണെന്നു തോന്നാവുന്ന ചില സംഭവങ്ങളെയും വ്യക്തികളെയും മനഃപൂർവ്വം വിട്ടുകളഞ്ഞതല്ല. ഇടവകയുടെ ഉന്നമനത്തിനായി കൂടെനിന്നവരും സഹായിച്ചവരും താങ്ങിഉയർത്തിയവരും ഒരുപാട് പേരുണ്ട്. അതാതുകാലഘട്ടത്തിൽ അവരിൽ നിന്ന് ഫലം സ്വീകരിച്ചവർ വാക്കുകളിൽ രേഖപ്പെടുത്താനാകാത്ത അവരോടുള്ള കടപ്പാടും സ്നേഹവും മരിക്കാത്ത മനസ്സിൻറെ താളുകളിൽ സൂക്ഷിച്ച് പലപ്പോഴും അവ അടർത്തിയെടുത്ത് തമ്പുരാന് സമർപ്പിച്ച് അവരിലേയ്ക്ക് അനുഗ്രഹത്തിൻറെ നീർച്ചാൽ ഒഴുക്കുമെന്നതിൽ തർക്കമില്ല. അതിനാൽ തന്നെ ചരിത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്. എല്ലാത്തിനും ദൈവം നൂറുമേനി പ്രതിഫലം നൽകട്ടെ സർവ്വോപരി സർശക്തനായ ദൈവത്തിന്റെ പരിപാലനയും അനുഗ്രഹവും കൽക്കുണ്ടിൻറെ തുടർയാത്രയിൽ എന്നും കൂടെയുണ്ടാകട്ടെ.
Karuvarukundu
1978
St. Mary
7
September 8
Season of the :
:
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
23/07/1940 - 09/06/2024
Fr. SEBASTIAN CHEERAMATTATHIL
call****5896
call
call