Progressing

Parish History

ലിറ്റിൽ ഫ്ലവർ സീറോ മലബാര്‍ കത്തോലിക്കാ പള്ളി, കോട്ടക്കൽ

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ പ്രദേശത്ത് 1970 മുതൽ ജോലിയാവശ്യങ്ങൾക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സീറോ മലബാർ വിശ്വാസികൾ കടന്നുവരികയുണ്ടായി. ഈ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് തിരൂർ സെന്റ്. മേരീസ് പള്ളിയിലും, കോട്ടയ്ക്കൽ ആയുർനികേതൻ ലത്തീൻ പള്ളിയിലുമായിരുന്നു.


1986-ൽ താമരശ്ശേരി രൂപത സ്ഥാപിതമായതിനുശേഷം കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്ന സുറിയാനി (ക്രിസ്ത്യാനികളുടെ ഒരു കൂട്ടായ്മ‌ രൂപീകരിക്കുന്നതിന് ഇവിടുത്തെ വിശ്വാസികൾ അതീവമായി അഗ്രഹിക്കുകയുണ്ടായി. അന്ന് തിരൂർ വികാരിയായിരുന്ന ബഹു. മാത്യു മുതിരചിന്തിയിലച്ചന്റെ ശ്രമഫലമായി 1997 നവംബർ 2 ആം തീയതി അന്നത്തെ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ. പോൾ ചിറ്റിലപ്പിള്ളി പിതാവ് ഡോ. ഫ്രാൻസിസ് വടക്കൂട്ടിന്റെ ഭവനത്തിൽ ദിവ്യബലിയർപ്പിച്ച് കോട്ടയ്ക്കൽ ഇടവകയുടെ രൂപീകരണത്തിലേക്കുള്ള ആദ്യചുവട് വയ്ക്കുകയുണ്ടായി.


തേഞ്ഞിപ്പലം ഇടവക വികാരിയായിരുന്ന ബഹു. ജോസ് മണിമലത്തറപ്പിലച്ചനെ ഈ കൂട്ടായ്‌മയുടെ നേതൃത്വം ഏൽപ്പിച്ചപ്പോൾ വി. കൊച്ചുത്രേസ്യയെ പ്രത്യേക മദ്ധ്യസ്ഥയായി സ്വീകരിച്ച് വി. കുർബ്ബാന വിവിധ താത്കാലിക കേന്ദ്രങ്ങളിൽ അർപ്പിച്ചുവന്നു. തുടർന്ന് കോട്ടയ്ക്കൽ പുതുപ്പറമ്പിൽ തിരുഹൃദയ സന്ന്യാസിനിസമൂഹത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ആരംഭിച്ചതുമുതൽ വി. കുർബ്ബാനയും അനുബന്ധ സംവിധാനങ്ങളും ഈ സ്‌കൂളിനോട് ചേർന്നാണ് പ്രവർത്തിച്ചു വന്നത്.


2000 ആം ആണ്ടിൽ ഊരകത്തിൻെ ഒരു കുരിശുപള്ളിയായി കോട്ടയ്ക്കലിനെ നിശ്ചയിക്കുകയും ഇടവക വികാരിയായിരുന്ന ബഹു. വർക്കി ചെറുപിള്ളേട്ട് അച്ചൻ നേതൃത്വത്തിൽ വിശ്വാസികളുടെയും രൂപതയുടെയും സഹകരണത്തോടെ പുതുപ്പറമ്പ് ചീനിപ്പടിയിൽ ദൈവാലയനിർമ്മാണത്തിനായി സ്ഥലം വാങ്ങുകയും ചെയ്തു. ഊരകം വികാരിയായിരുന്ന ബഹു. ജോൺസൺ കൊച്ചീലാത്തച്ചനാണ് ഇടവക സമൂഹ രൂപീകരണത്തിനുവേണ്ട അജപാലനപ്രവർത്തനങ്ങൾ നടത്തിയത്.


2008 ൽ കോട്ടയ്ക്കൽ പ്രദേശത്തുള്ള വിശ്വാസികൾക്കുവേണ്ടി മാത്രം ഒരു വൈദികന്റെ സേവനം നൽകുവാൻ രൂപതാധികാരികൾ തീരുമാനിച്ചു. അതനുസരിച്ച് നിയമിയനായ ബഹു. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലച്ചൻ, വിശ്വാസിസമൂഹത്തിന് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്ത് ദൈവാലയം നിർമ്മിക്കണമെന്ന ആഗ്രഹത്തിന്റെയടിസ്ഥാനത്തിൽ, 2009 ൽ വിശ്വാസികളുടെയും രൂപതാകേന്ദ്രത്തിന്റെയും സഹായത്തോടെ ആയുർവേദ കോളേജ് സ്റ്റോപ്പിനടുത്ത് പുതിയ സ്ഥലം വാങ്ങു കയുണ്ടായി. ബഹു. സെബാസ്റ്റ്യൻ അച്ചന്റെയും ദൈവജനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെ ഫലമായി പണിതീർത്ത വി. കൊച്ചുത്രേസ്യയുടെ നാമത്തിലുള്ള ദൈവാലയം 2010 ജനുവരി 26 ആം തിയതി അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് കൂദാശ ചെയ്തു. അന്നു മുതൽ കോട്ടയ്ക്കൽ ഒരു സ്വതന്ത്ര കുരിശുപള്ളിയായി പ്രവർത്തിച്ചുവരികയായിരുന്നു.

തുടർന്ന് 2011 മേയ് 15 ന് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവ് കോട്ടയ്ക്കലിനെ സാധാരണ ഇടവകയായി സ്ഥാപിച്ചു നൽകി. ബഹു. ജോൺ മൂലയിലച്ചന്റെ നേതൃത്വത്തിൽ വൈദിക മന്ദിരത്തിന്റെ നിർമ്മാണവും ഇതിനിടയിൽ പൂർത്തിയായി.

 

2016 ഏപ്രിൽ 3 ആം തിയതി കോട്ടയ്ക്കൽ ചെറുപുഷ്‌പ പള്ളിയിൽ വികാരി ബഹു. ജോസഫ് പാലക്കാട്ടച്ചൻ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കോട്ടയ്ക്കലിനെ ഒരു ഇടവകയായി ഉയർത്താൻ രൂപതാദ്ധ്യക്ഷനോട് അഭ്യർത്ഥിക്കുവാൻ തീരുമാനിക്കുകയും അപേക്ഷ രൂപതാകാര്യാലയത്തിൽ സമർപ്പിക്കുകയും ചെയ്തു. 2016 ജൂൺ 21 ആം തീയതി ചേർന്ന 9 ആമത് വൈദികസമിതിയുടെ അവസാന സമ്മേളനത്തിൽ ഈ പൊതുയോഗ തീരുമാനം അംഗീകരിക്കുകയും തുടർന്ന് ഇടവകസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാനോനിക നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് അഭിവന്ദ്യ താമരശ്ശേരി രൂപതാ മെത്രാൻ ബിഷപ്പ് മാർ. റെമീജിയോസ് ഇഞ്ചനാനിയിൽ 2016 നവംബർ 13 ആം തിയതി കോട്ടക്കൽ ലിറ്റിൽ ഫ്ലവർ ഇടവകയെ ഒരു പൂർണ്ണ ഇടവകയായി ഉയർത്തി കൽപ്പന പുറപ്പെടുവിച്ചു. ബഹു. ജോസ് ഞാവള്ളിൽ അച്ചനെ കോട്ടക്കൽ ചെറുപുഷ്പ ഇടവകയുടെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു.


ഇടവകയുടെ അതിർത്തികൾ


കിഴക്ക്             : മലപ്പുറം, ഊരകം ഇടവകകൾ

(ചാപ്പനങ്ങാടി, ഒതുക്കുങ്ങൽ, കുറ്റിത്തറമ്മേൽ റോഡ്)

പടിഞ്ഞാറ്       : തിരൂർ ഇടവക (കുറുക്കോൾകുന്ന്, കുറ്റിപ്പാല റോഡ്)

വടക്ക്        : തേഞ്ഞിപ്പലം ഇടവക

(തിരൂരങ്ങാടി, കൂരിയാട്, വേങ്ങര റോഡ്)

തെക്ക്              : കുറ്റിപ്പുറം ഇടവക

(കഞ്ഞിപ്പുര, കാടാമ്പുഴ, മലയിൽ റോഡ്)