Progressing

Parish History

സെൻ്റ് ജോർജ്ജ് ചർച്ച് അടയ്ക്കാക്കുണ്ട്

അടയ്ക്കാക്കുണ്ട്, സെന്റ് ജോർജ് ഇടവക


മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ (ഇ പ്പോൾ നിലമ്പൂർ താലൂക്ക്) കാളികാവ് ഗ്രാമപഞ്ചായത്തിൽപ്പെട്ട ചെങ്കോട് മലവാരത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് അടയ്ക്കാണ്ട്. 1967 കാലഘട്ടത്തിൽ ഈ പ്രദേശത്ത് ക്രൈസ്‌തവർ കുടിയേറ്റം ആരംഭി ച്ചു. മറ്റു മതവിഭാഗക്കാർ വളരെക്കാലം മുമ്പുതന്നെ ഈ പ്രദേശത്തു താമസമുറപ്പിച്ചിരുന്നു. അതിൽ ഭൂരിപക്ഷവും മുസ്ലിംകളും അവരുടെ തൊഴിലാളികളായ

ഹരിജനങ്ങളുമായിരുന്നു.


ആദ്യകുടിയേറ്റക്കാർ കവലയ്ക്കൽ മത്തച്ചൻ, കുഞ്ഞുതോമാച്ചൻ, ചാക്കമ്മ, കുറ്റിയാനിക്കൽ ജോസഫ്, ദേവസ്യ, ഫ്രാൻസിസ്, മത്തായി, ജേക്കബ്, തൈപ്പറമ്പിൽ തോമസ് എന്നിവരാണ്. കാടുവെട്ടിത്തെളിച്ച് പ്രകൃതിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് നെല്ല്, കപ്പ, തെങ്ങ്, കവുങ്ങ്, കുരുമുളക്, റബ്ബർ എന്നി വയാണ് ആദ്യകാലത്ത് കൃഷി ചെയ്തിരുന്നത്.


ആദ്യകാല ക്രൈസ്‌തവ കുടിയേറ്റക്കാർ അവരുടെ ആദ്ധ്യാത്മികകാര്യങ്ങൾക്ക് ആശ്രയിച്ചിരുന്നത് നിലമ്പൂർ, തുവ്വൂർ പള്ളികളെയാണ്. കുടിയേറ്റക്കാർ വർധിച്ചുവന്നപ്പോൾ സ്വന്തമായി ഒരു ഇടവക ദൈവാലയം എന്ന ആഗ്രഹവുമായി കത്തോലിക്കർ, അന്നത്തെ നിലമ്പൂർ പള്ളി വികാരി ബഹു. ജോർജ് കഴിക്കച്ചാലിൽ അച്ചൻ മുഖാന്തിരം തലശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിനെ സമീപിച്ചു. പള്ളിയ്ക്കുവേണ്ട സ്ഥലം ആരെങ്കിലും സംഭാവനയായി തന്നാൽ അനുവാദം നൽകാമെന്ന് പിതാവ് അറിയിച്ചു.


അക്കാലത്ത് ചെങ്കോട് മലവാരത്തിൽപ്പെട്ട 282 ഏക്കർ സ്ഥലം കേളച്ചന്ദ്രയുമായി കേസ് നടത്തി കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ റോസമ്മ പുന്നൂസിന് ലഭിച്ചു. ഇതിൽ നിന്നും 34 ഏക്കർ സ്ഥലം വെളുത്തേടത്തുപറമ്പിൽ വർക്കി, പൂവ്വക്കോട്ടിൽ വർക്കി, കളരിപ്പറമ്പിൽ വർക്കി എന്നിവർ 1500 രൂപാ പ്രകാരം വാങ്ങി. പള്ളിയുണ്ടങ്കിലേ കൂടുതൽ ക്രിസ്ത്യാനികൾ തിരുവിതാംകൂറിൽ നിന്ന് വരികയുള്ളൂ എന്നതിനാൽ പള്ളിക്കുവേണ്ട സ്ഥലം സംഭാവനയായി നൽകണമെന്ന് മേൽപറഞ്ഞവർ ആവശ്യപ്പെട്ടത് റോസമ്മ പുന്നൂസ് അംഗീകരിച്ചു. മൊത്തം സ്ഥലത്തിൻ്റെ മുക്ത്യാറായി ചുമതലപ്പെടുത്തിയിരുന്ന കുറ്റിയാനിക്കൽ ദേവസ്യ മൂന്ന് ഏക്കർ സ്ഥലം പള്ളിക്കുവേ ണ്ടി എഴുതിക്കൊടുത്തു.


പ്രസ്‌തുത സ്ഥലത്ത് 1970 ൽ ഒരു ഷെഡ് പണിതീർത്ത് ഓഗസ്റ്റ് 15 ന് മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ദിനം നിലമ്പൂർ പള്ളിവികാരിയായിരുന്ന ബഹു. ജോർജ് കഴിക്കച്ചാലിൽ അച്ചൻ പ്രഥമ ദിവ്യബലി അർപ്പിച്ചു. ഇടവക ദൈവാലയത്തിന് സ്വർഗ്ഗീയ മദ്ധ്യസ്ഥനായി വി.ഗീവർഗീസിനെ സ്വീകരിച്ചു. ഇലവുങ്കൽ ഐസക്, ചേമ്പാലയിൽ കുര്യാക്കോസ്, വെളത്തേടത്തുകുന്നേൽ കുഞ്ഞ്, താനിക്കാമറ്റം കുഞ്ഞ്, കൊല്ലംപറമ്പിൽ ജോസഫ്, മുഞ്ഞനാട്ട് വൈദ്യർ എന്നിവരും ആദ്യകാല ഇടവകാംഗങ്ങളായിരുന്നു. ആദ്യത്തെ കൈക്കാരന്മാരായി വെളുത്തേടത്തുപറമ്പിൽ വർക്കി, കളരിപ്പറമ്പിൽ വർക്കി, പൂല്ലക്കോട്ടിൽ വർക്കി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാളികാവ്, അരിമണൽ, പാറശ്ശേരി, എഴുപതേക്കർ എന്നീ പ്രദേശങ്ങൾ ഇടവകാപരിധിയിൽ പെട്ടിരുന്നു.


കുറച്ചുനാളുകൾക്ക് ശേഷം അരിമണൽ ഭാഗത്ത് ഒരു കപ്പുച്ചിൻ ആശ്രമം വരികയും ആശ്രമത്തിലെ ബഹു. മാനുവലച്ചൻ അടയ്ക്കാക്കുണ്ട് പള്ളിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു‌. പിന്നീട് മാനുവലച്ചൻ കാളികാവിൽ ഒരു ദൈവാലയം പണിയുകയും അത് ഇടവകപ്പള്ളിയാവുകയും ചെയ്തു. അതിനുശേഷം അടയ്ക്കാക്കുണ്ട് പള്ളി കാളികാവ് പള്ളിയുടെ ഭരണത്തിൻ കീഴിലായി. ഇടവകാംഗങ്ങളുടെ നിർബന്ധം മൂലം ബഹു. മാനുവലച്ചൻ റോഡിന് മുകൾ ഭാഗത്ത് കരിങ്കല്ലുകൊണ്ട് കെട്ടി, ഓടുമേഞ്ഞ് ഒരു ചെറിയ പള്ളി പണിയിപ്പിച്ചു. തുടർന്ന് അടയ്ക്കാക്കുണ്ട് ഇടവകയായി ഉയർത്തുന്നതിനുവേണ്ടി മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിന് അപേക്ഷ നൽകി. 1982 ൽ ഇടവകയായി പ്രഖ്യാപിക്കപ്പെട്ട അടയ്ക്കാക്കുണ്ടിൽ പ്രഥമ വികാരിയായി ഫാ. തോമസ് കൊച്ചുപറമ്പിലച്ചൻ നിയമിക്കപ്പെട്ടു. ഇക്കാലത്ത് അമ്പതേക്കർ ഭാഗത്ത് പള്ളിക്കുവേണ്ടി 2 ഏക്കർ സ്ഥലം വാങ്ങി റബ്ബർ നട്ടുപിടിപ്പിക്കുകയും ചെയ്തു.


1992 ൽ ഇടവകയിൽ കർമ്മലീത്താ സന്ന്യാസി നീഭവനം സ്ഥാപിതമായി. ആവിലാഭവൻ എന്നറിയപ്പെടുന്ന ഈ മഠത്തിലെ മൂന്ന് സഹോദരിമാർ നഴ്‌സറി സ്‌കൂളും സ്വകാര്യ എൽ.പി. സ്‌കൂളും നടത്തുകയും കുടുംബപ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു‌.


1994 ൽ ബഹു. മാത്യു ചൂരപ്പൊയ്‌കയിലച്ചന്റെ നേതൃത്വത്തിൽ വിശ്വാസപരിശീലന ക്ലാസുകൾ നടത്തുവാനായി റോഡിനുതാഴെ 100 അടി നീളത്തിൽ സൺഡേ സ്‌കൂൾ ഹാൾ നിർമ്മിച്ചു. ഹാളിന്റെ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ച അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൻ്റെ അഭിപ്രായമനുസരിച്ച് പ്രസ്തുത സൺഡേ സ്‌കൂൾ കെട്ടിടം നവീകരിച്ച് ഇപ്പോഴുള്ള ദൈവാലയമാക്കി പ്രതിഷ്ഠിച്ചു.


1994 ൽ ഡാർളി കോടാമുള്ളിൽ പാറശ്ശേരി കവലയിൽ സംഭാവനയായി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് വി. അൽഫോൻസാമ്മയുടെ നാമത്തിൽ കുരിശുപള്ളി പണിതു. ബഹു. കളത്തൂർ ടോമി അച്ചന്റെ കാലത്ത്, ജൂലൈ 28 ന് അവിടെ ആദ്യത്തെ തിരുന്നാൾ ആഘോഷിച്ചു. പിന്നീട് അവിടെ എല്ലാ

ബുധനാഴ്‌ചയും വൈകുന്നേരം ജപമാലയും അൽഫോൻസാമ്മയുടെ നൊവേനയും ആരംഭിച്ചു.


1995 ൽ ബഹു. മാത്യു ചൂരപൊയ്കയിലച്ചന്റെ നേതൃത്വത്തിൽ ഇടവകയുടെ സിൽവർജൂബിലി ആഘോഷപൂർവ്വം നടത്തി.


2007 ഡിസംബർ 28 ന് ഇടവകയിൽനിന്നുള്ള ആദ്യത്തെ വൈദികരായി റവ. ജോർജ് ചെമ്പരത്തിയിൽ, റവ. മാത്യു തടത്തിൽ എന്നിവർ അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് നവപൂജാർപ്പണം നടത്തി.