Progressing

Parish History

കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശമായ വിളക്കാംതോട് പൊതുവേ അറിയപ്പെടുന്നത് പുന്നക്കൽ എന്നാണ്. പ്രകൃതിഭംഗി കൊണ്ടും  ഫലഭൂയിഷ്ഠികൊണ്ടും അനുഗ്രഹീതമാണ് ഈ കുടിയേറ്റ ഗ്രാമം. മലയോര ഗ്രാമങ്ങളുടെ  സിരാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന തിരുവമ്പാടിയിൽ നിന്നും 5 കിലോമീറ്റർ കിഴക്കോട്ട് മാറിയാണ് ഈ ഗ്രാമം നിലകൊള്ളുന്നത്. കുടിയേറ്റത്തിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വിളക്കാംതോടിന് അഭിമാനിക്കാൻ ധാരാളമുണ്ട്. രണ്ട് അങ്ങാടികളുടെ മധ്യത്തിലായി തലയുയർത്തി നിൽക്കുന്ന ദേവാലയവും എൽ. പി, യു. പി സ്കൂളുകളും ആരാധനാമഠവും അല്പം മാറിയുള്ള ഹൈസ്കൂളും ഓളിക്കലെ കുരിശുപള്ളിയും ഈ ഗ്രാമത്തിന്റെ ആധ്യാത്മിക ഭൗതിക വളർച്ചയുടെ അടയാളങ്ങളാണ്. 

*വിളക്കാംതോടും പുന്നക്കലും*

 മലയോര ഗ്രാമങ്ങളെ തൊട്ടൊഴുകുന്ന ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയായ പൊയിലിങ്ങ പുഴയാണ്( ഇന്നത്തെ വഴിക്കടവ് പുഴ) തൊട്ടടുത്ത മാതൃ ഇടവകയായ തിരുവമ്പാടിയിൽ നിന്നും വിളക്കാംതോടിനെ വേർതിരിക്കുന്നത്. 'വിളക്കാംതോട് 'എന്ന സ്ഥലനാമം രൂപപ്പെട്ടതിന് പിന്നിൽ പ്രധാനമായും രണ്ട് അനുമാനങ്ങളാണ് ഉള്ളത്. പുന്നക്കൽ അങ്ങാടിക്ക് സമീപത്തുകൂടെ ഒഴുകുന്ന ചെറുതോട് ഫലഭൂയിഷ്ഠി കൊണ്ട് കർഷകനെ കനിഞ്ഞ് അനുഗ്രഹിക്കുന്നതാണ്. ഈ ഫലഭൂയിഷ്ഠതയെ വെളിച്ചം പരത്തുന്ന വിളക്കായി സങ്കൽപ്പിച്ച് അരികെ 'തോട്' എന്നുകൂടി ഉൾപ്പെടുത്തി വിളക്കാംതോട് എന്ന നാമകരണം ചെയ്തിരിക്കാം എന്നാണ് ഒന്നാമത്തെ അനുമാനം. ഇപ്പോൾ ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിനോട് ചേർന്നുള്ള പാറപ്പുറം ആദ്യകാലത്ത് ആനകളുടെ ഊട്ടുപുര ആയിരുന്നുവത്രെ. ഊട്ടുപുരപ്പാറയുടെ നെറുകയിൽ രാത്രികാലങ്ങളിൽ വിളക്ക് വയ്ക്കാറുണ്ടായിരുന്നു.ആ വിളക്കിന്റെ പ്രകാശം സമീപത്തുകൂടി ഒഴുകുന്ന തോട്ടിലെ വെള്ളത്തിൽ പ്രതിഫലിച്ചിരുന്നെന്നും അങ്ങനെ ഈ പ്രദേശത്തെ 'വിളക്കാം തോട് 'എന്ന് വിളിച്ചു തുടങ്ങി എന്നുമാണ് രണ്ടാമത്തെ അനുമാനം. ഏതായാലും വിളക്കാംതോട് എന്ന പേര് ഈ പ്രദേശത്തിന് ആദ്യകാല മുതൽ ഉണ്ടായിരുന്നെന്ന് ആദ്യകാല കുടിയേറ്റക്കാർ സാക്ഷ്യപ്പെടുത്തുന്നു. പുന്നക്കൽ എന്ന പേർ വന്നതിന് പിന്നിലും മിത്തുണ്ട് .ഇവിടെ രണ്ടാമത്തെ അങ്ങാടിയിൽ ഒരു വലിയ പുന്നമരം നിൽപുണ്ടായിരുന്നെന്നും ആളുകൾ ഒത്തുകൂടി വൈകുന്നേരങ്ങളിൽ സൗഹൃദ സംഭാഷണങ്ങൾ നടത്തുന്നത് ഈ പുന്നമര ചുവട്ടിൽ ആയിരുന്നെന്നും ഇത് 'പുന്നക്കൽ' എന്ന പേരിലേക്ക് വഴിതെളിച്ചെന്നുമാണ് സംസാരം.

*കുടിയേറ്റ പൂർവ്വകാലം*

 തിരുവിതാംകൂറിൽ നിന്ന് കുടിയേറുന്നതിനു മുമ്പ് ആദിവാസികളുടെ വാസസ്ഥലമായിരുന്നു ഈ പ്രദേശം. കൃഷിപ്പണിക്ക് വേണ്ടിയും വീട് നിർമ്മാണത്തിനുമായി ഭൂമി കുഴിച്ചപ്പോൾ ലഭിച്ചിട്ടുള്ള മൺപാത്രങ്ങളും മറ്റു വസ്തുക്കളും വളരെ വർഷങ്ങൾക്കു മുമ്പ് സംസ്കാരസമ്പന്നരായ ഒരു ജനതതി ഇവിടെ വസിച്ചിരിക്കാമെന്ന നിഗമനത്തിൽ എത്തിച്ചേരാം. എന്നാൽ വിശദമായ പഠനഗവേഷണങ്ങൾക്ക് ഈ സ്ഥലം വിധേയമായിട്ടില്ലാത്തതിനാൽ ഇവയുടെ സാധുത അംഗീകരിക്കപ്പെട്ടിട്ടില്ല. കുടിയേറ്റക്കാർ എത്തുമ്പോൾ വട്ടോളി മണലേടത്ത് ജന്മിയുടെ കൈവശത്തിൽ ആയിരുന്നു ഈ പ്രദേശം. മണലേടത്ത് ജന്മി മുക്കം പ്രദേശത്തെ മുസ്ലിം പ്രമാണിമാർക്ക് ഓടച്ചാർത്ത് ( ഓട വെട്ടുന്നതിനുള്ള കരാർ)ആയി ഈ പ്രദേശം അനുവദിച്ചു നൽകിയിരുന്നു1942 മുതൽ തിരുവമ്പാടി പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചു എങ്കിലും വഴിക്കടവ് പുഴയ്ക്ക് കിഴക്ക് ഭാഗത്ത് ഇന്നത്തെ പുന്നക്കൽ ഗ്രാമത്തിലേക്ക് ആളുകൾ താമസത്തിനായി വന്നു തുടങ്ങുന്നത് 1947 നു ശേഷമാണ് . രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിപരീത ജീവിത സാഹചര്യങ്ങളുമായിരുന്നു കുടിയേറ്റത്തിന് കാരണം. മലബാറിൽ എത്തിയ ആദ്യകാല കുടിയേറ്റക്കാരിൽ അധികവും തീവണ്ടി മാർഗ്ഗം കോഴിക്കോട്ടെത്തി റെയിൽവേ സ്റ്റേഷൻ സമീപമുള്ള 'കോർണേഷൻ' ലോഡ്ജിൽ താമസിച്ച് അവിടെയെത്തുന്ന ദല്ലാലുകൾ മുഖാന്തരം ആയിരുന്നു ഭൂമി വാങ്ങിയിരുന്നത്. മുക്കം വരെയായിരുന്നു ബസ് യാത്ര സൗകര്യമുണ്ടായിരുന്നത്.മുക്കത്ത് ബസ് ഇറങ്ങുന്ന കുടിയേറ്റക്കാരൻ തോണി കയറി മറുകരയെത്തി കുമാരനെല്ലൂർ വഴി നടന്നാണ് അന്ന് തിരുവാമ്പാടിയിൽ എത്തിയിരുന്നത്.

*കുടിയേറ്റം ആദ്യഘട്ടം*

ഈ പ്രദേശം കൈവശം വച്ചിരുന്ന മധ്യവർത്തി ജന്മി വയലിൽ മമ്മദ് ഹാജിയായിരുന്നു. വിളക്കാംതോട് പ്രദേശത്ത് ആദ്യകാലത്ത് എത്തിയ കർഷകർ താഴത്ത് പറമ്പിൽ കുര്യൻ( തീക്കോയി), മ്ലാക്കുഴി ദേവസ്യ, ഫ്രാൻസിസ് ( പ്രവി ത്താനം),കൊച്ചു കൈപ്പേൽ ചുമ്മാർ( ഉള്ളനാട്), തുറവേലിൽ ദേവസ്യ ( പിഴക്),ചിറമുഖത്ത് ആഗസ്തി ( മാറിടം),പ്ലാക്കിയിൽ ദേവസ്യ ( മുതലക്കോടം),വല്ലനാട്ട് തോമസ്( രാമപുരം), എന്നിവരായിരുന്നു. ഇവരോടൊപ്പം പല്ലാട്ട്, വട്ടപ്പലം, മുണ്ടക്കൽ, വാണിയപ്പുര, മുത്തനാട്ട്, തയ്യിൽ, പടിഞ്ഞാറയിൽ, കിഴക്കേൽ, വട്ടമല, പാമ്പാറ ,വടക്കേകുടി, ചീങ്കല്ലേൽ, മാതാളികുന്നേൽ, കുരീക്കാട്ടിൽ, പുറംചിറ, മൂശാരിയേട്ട്, വെള്ളാരം കുന്നേൽ മുതലായ കുടുംബാംഗങ്ങളും ഈ പ്രദേശത്ത് കൃഷിയും താമസവും ആരംഭിച്ചു.വഴിക്കടവ് പുഴയ്ക്ക് കിഴക്കായി ഓളിക്കൽ മലവരെയും പൊന്നാങ്കയം മുതൽ തുരുത്തു വരെയും വ്യാപിച്ചുകിടക്കുന്നതാണ് വിളക്കാംതോട്. നമ്പിപ്പറ്റ മലവാരം എന്നാണ് ഈ പ്രദേശം അക്കാലത്ത് അറിയപ്പെട്ടിരുന്നത്.

*വിളക്കാംതോട്ടിലെ വിശ്വാസസമൂഹം*

 കുടിയേറ്റത്തിന്റെ ചരിത്രം അധ്വാനത്തിന്റെ ചരിത്രത്തോടൊപ്പം സുവിശേഷ പ്രവർത്തനത്തിന്റെ ചരിത്രം കൂടിയാണ് തിരുവമ്പാടി ഇടവകയുടെ ഭാഗമായിരുന്നു ആദ്യം വിളക്കാതോട്. തിരുവമ്പാടി ഇടവകയിൽപ്പെട്ട ഏഴാം വാർഡ് ആയിരുന്നു വിളക്കാംതോട്. 1965 കാലഘട്ടത്തിൽ പുല്ലൂരാംപാറ ഇടവകയായപ്പോൾ വിളക്കാംതോടുകാർ പുല്ലൂരാംപാറയുടെ ഭാഗമായി. അന്ന് ഇടവകയിൽ ഏകദേശം 70 കുടുംബങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. അക്കാലത്താണ് ഇവിടുത്തുകാർക്ക് സ്വന്തമായി ഒരു ദേവാലയം എന്ന ചിന്ത ഉയർന്നുവന്നത് .കൊച്ചുകൈപ്പേൽ കുടുംബം കുരിശുപള്ളി പണിയുന്നതിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തു. തലശ്ശേരി രൂപതാ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൻറെ അനുവാദത്തോടെ പണിത കുരിശുപള്ളി 1965 ഏപ്രിൽ മാസം വെഞ്ചരിച്ചു.പിന്നീട് പുല്ലൂരാംപാറയിൽ നിന്നും അച്ചൻമാർ വന്ന് ദിവ്യബലി അർപ്പിക്കാൻ ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഫാദർ അഗസ്റ്റിൻ കീലത്തായിരുന്നു.1968 ജനുവരി ഒന്നാം തീയതി വിളക്കാംതോട് ഇടവക ഔപചാരികമായി നിലവിൽ വരികയും ഇടവകയ്ക്ക് ആധ്യാത്മിക നേതൃത്വം നൽകുന്നതിന് റവ. ഫാദർ മാത്യു തെക്കഞ്ചേരിക്കുേന്നേൽ നിയമിതനാവുകയും ചെയ്തു .ആദ്യകാലത്ത് കുട്ടികളെ പഠിപ്പിക്കുക വലിയ പ്രയാസമായിരുന്നു കാടും തോടും താണ്ടി വേണമായിരുന്നു തിരുവമ്പാടിയിലെത്തി പ്രാഥമിക വിദ്യാഭ്യാസം നേടാൻ. മഴക്കാലത്ത് മാതാപിതാക്കൾ വഴിക്കടവ് പുഴക്കരയിൽ കാത്തുനിന്നാണ് കുട്ടികളെ മറുകര എത്തിച്ചിരുന്നത്. ഏറെക്കാലത്തെ ശ്രമഫലമായി 1963ല്‍ സർക്കാർ വിളക്കാം തോടിന് എൽ.പി സ്കൂൾ അനുവദിച്ചു നൽകി. വിദ്യാലയം വഴിക്കടവിൽ താഴത്ത് പറമ്പിൽ കുടുംബം നൽകിയ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.1976 - 77 ൽ നാട്ടുകാരുടെ ശ്രമഫലമായി വഴിക്കടവ് പാലം പണിതു. ഇത് പുന്നക്കലിനെയും തിരുവാമ്പാടിയെയും എളുപ്പത്തിൽ ബന്ധിപ്പിച്ചു. 1976 ൽ റവ. ഫാ. തോമസ് അരീക്കാട്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി ഈ വിദ്യാലയം യു.പി സ്കൂൾ ആയി ഉയർത്തി. റവ. ഫാദർ മാണി കണ്ടനാട്ട് പള്ളിമുറി നിർമ്മിച്ചു. 1983ല്‍ റവ. ഫാദർ മാത്യു പൊയ്യക്കരയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. റവ. ഫാദർ സെബാസ്റ്റ്യൻ പൂക്കളത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് കാണുന്ന മനോഹരമായ പള്ളി പണിതത്. റവ. ഫാദർ ജോസഫ് അറക്കപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഓളിക്കലിൽ കുരിശുപള്ളി  നിർമ്മിച്ചു. 1967 ൽ വിളക്കാംതോട്ടിൽ ആരാ ധനാമഠം പ്രവർത്തനം ആരംഭിച്ചു. മതബോധന പ്രവർത്തനരംഗത്തും തിരുകർമ്മങ്ങൾക്കും ഈ സന്യാസിനികൾ നേതൃത്വം നൽകിവരുന്നു.