Progressing

Parish History

ഇൻഫന്റ് ജീസസ് ചർച്ച്, വെണ്ടേക്കുംപൊയിൽ

മലപ്പുറം ജില്ലയില്‍പ്പെട്ട ചാലിയാര്‍ - ഊർങ്ങാട്ടിരി പഞ്ചായത്തുകളിലായി വെണ്ടേക്കുംപൊയില്‍ ഇടവക വ്യാപിച്ചുകിടക്കുന്നു. 1970 കളിലാണ്‌ വെണ്ടേക്കുംപൊയില്‍ പ്രദേശത്ത്‌ കുടിയേറ്റം ആരംഭിക്കുന്നത്‌. ഈ കാലങ്ങളിലെല്ലാം ഇവിടുത്തെ വിശ്വാസികള്‍ തങ്ങളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കിട്ടുന്നതിന്‌ 6 കിലോമീറ്റര്‍ ദൂരെയുള്ള കക്കാടംപൊയില്‍ പള്ളിയെയാണ്‌ ആശ്രയിച്ചിരുന്നത്‌. 

1975 ല്‍ പേടിക്കാട്ട്‌ വര്‍ഗ്ഗീസ്‌ കുരിശുപള്ളിക്കുള്ള സ്ഥലം വെണ്ടേക്കുംപൊയില്‍ അങ്ങാടിക്കടുത്ത്‌ സംഭാവനയായി നല്‍കി. ഈ സ്ഥലത്ത്‌ നിര്‍മ്മിച്ച ഷെഡ്ഡ് 1993 ല്‍ ഫാ. ജോർജ് താമരശ്ശേരിയുടെ ശ്രമഫലമായി കക്കാടംപൊയില്‍ ഇടവകയുടെ കുരിശു പള്ളിയായി ഉയര്‍ത്തപ്പെടുകയും എല്ലാ ഞായറാഴ്ചകളിലും വി. കുര്‍ബാന അര്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു. 

2000 ത്തില്‍ ഫാ. ജോണ്‍ ഒറവങ്കര കക്കാടംപൊയില്‍ വികാരിയായിരിക്കുമ്പോള്‍ മുന്‍ വികാരിയായിരുന്ന ഫാ. മാത്യു തെക്കെക്കുളത്തിന്റെ സഹായത്താല്‍ വെണ്ടേക്കുംപൊയില്‍ പള്ളിക്ക്‌ ആവശ്യമായ നാല് ഏക്കര്‍ സ്ഥലം തരണിയില്‍ ജോസില്‍ നിന്നും വാങ്ങി തുടർന്ന് വന്ന വികാരി ഫാ. പോള്‍ പുത്തന്‍പുരയുടെ ശ്രമഫലമായി പള്ളിയുടെയും പള്ളിമുറിയുടെയും പണി ആരംഭിച്ചു. 

2003 മെയ്‌ മാസത്തില്‍ വെണ്ടേക്കുംപൊയിലിനെ ഇടവകയായി അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ്‌ പ്രഖ്യാപിക്കുകയും ഫാ. ജോസ്‌ പെണ്ണാപറമ്പിലിനെ ആദ്യ വികാരിയായി നിയമിക്കുകയും ചെയ്തു. ബഹു അച്ചന്റെ ശ്രമഫലമായി 2004 ഫെബ്രുവരി 21 ന്‌ ഉണ്ണിമിശിഹായുടെ നാമത്തിലുള്ള പുതിയ ദൈവാലയം ആശീര്‍വദിച്ചു. 

2005 മെയ്‌ മാസത്തില്‍ വികാരിയായ ഫാ. ജോര്‍ജ്ജ്‌ വരിക്കാശ്ശേരി പള്ളിപ്പറമ്പില്‍ റബ്ബര്‍ കൃഷി തുടങ്ങുകയും പള്ളിമുറി വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 2008 ല്‍ വികാരിയായ ഫാ. സൈമണ്‍ കിഴക്കെകുന്നേല്‍ പള്ളിമുറി പണി പൂര്‍ത്തിയാക്കുകയും പള്ളിക്ക്‌ പോര്‍ട്ടിക്കോയും റോഡിനു സമീപം ഉണ്ണിമിശിഹായുടെ മനോഹരമായ ഗ്രോട്ടോയും പണിയുകയും ചെയ്തു. ബഹു. അച്ചന്റെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റിയാണ്‌ 2009 ഏപ്രിലിൽ വെണ്ടേക്കുംപൊയിലില്‍ ആദ്യമായി വൈദ്യുതി എത്തിച്ചത്‌.