Progressing
കോഴിക്കോട് മലപ്പുറം ജില്ലകളിലായി വാലില്ലാപ്പുഴ ഇടവക സ്ഥിതി ചെയ്യുന്നു കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാത ഈ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത് പ്രകൃതിക്ഷോഭത്തിലൂടെ രൂപപ്പെട്ട ജലാശയത്തിന് പഴമക്കാർ കൊടുത്ത പേരാണ് വാലില്ലാ പുഴ
1942 ലാണ് വാലില്ലാപുഴയിൽ ആദ്യ കുടിയേറ്റം നടന്നത് .ചങ്ങനാശ്ശേരിക്കാരൻ കരിങ്ങഴ തൊമ്മൻ ജോസഫ്. മലമ്പനിയോട് പിടിച്ചുനിൽക്കാനാവാതെ ജോസഫ് മടങ്ങിപ്പോയി. രണ്ടാംഘട്ട കുടിയേറ്റം 1947 ൽ ആരംഭിച്ചുവെങ്കിലും വരവും തിരിച്ചുപോക്കും നടന്നതിനാൽ 1953 എത്തുമ്പോഴേക്കും 12 പേരിൽ ഒതുങ്ങി നിന്നു കുടിയേറ്റം. 1956 നു ശേഷമാണ് കൂടുതൽ കുടുംബങ്ങൾ ചങ്ങനാശ്ശേരി തൊടുപുഴ പാലാ എന്നിവിടങ്ങളിൽ നിന്നെത്തി ഈ പ്രദേശത്ത് താമസമാക്കിയത്.
വാലില്ലാപുഴയിലെ ആദ്യകാല കുടിയേറ്റക്കാർ ആധ്യാത്മിക ആവശ്യങ്ങൾക്ക് 16 കിലോമീറ്റർ അകലെയുള്ള തിരുവമ്പാടി, കൂടരഞ്ഞി എന്നീ പള്ളികളെ ആശ്രയിച്ചിരുന്നു. ഓടയംകുന്നിൽ ഒരു കുരിശു പള്ളി സ്ഥാപിക്കാൻ നാട്ടുകാർ ശ്രമം നടത്തി. 1951 ൽ കൂടരഞ്ഞിയിൽ നിന്ന് ഫാദർ ബർണാഡിൻ ഇവിടെയെത്തി ദിവ്യബലി അർപ്പിച്ചുവെങ്കിലും അത് തുടരുവാൻ കഴിഞ്ഞില്ല. പിന്നീട് മലപ്പുറം പള്ളിയിൽ നിന്ന് എത്തിയ ബഹു .റൊസാരിയോ അച്ചനാണ് വാലില്ലാപുഴയിൽ ദിവ്യബലി അർപ്പിച്ചത്. പാലക്കുടി വർക്കി സംഭാവന നൽകിയ രണ്ടേക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് പണിത് ദിവ്യബലി അർപ്പിച്ചു. ബഹു. റൊസാരിയോ അച്ചൻ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയതോടെ ബലിയർപ്പണം മുടങ്ങി. പിന്നീട് 1962-ൽ തോട്ടുമുക്കത്ത് ദേവാലയം സ്ഥാപിതമായതോടെ ഈ പ്രദേശവും അതിൻറെ പരിധിയിൽ പെട്ടു .തോട്ടുമുക്കത്ത് വിശുദ്ധ കുർബാന ആരംഭിച്ചതോടെ വാലില്ലാപ്പുഴയിലെ കുരിശുപള്ളി അപ്രസക്തമായി. 1979 വരെ ഈ സ്ഥിതി തുടർന്നു. 1965 ൽ വാലില്ലാപുഴയിൽ കുടുംബ കൂട്ടങ്ങൾ രൂപീകരിക്കുകയും മാസക്കൂട്ടങ്ങൾ ആരംഭിക്കുകയും ചെയ്തു. അത്തരം ഒരു മാസക്കൂട്ടത്തിൽ പനയ്ക്കൽ റോസ കുട്ടി കുരിശുപള്ളി സ്ഥാപിക്കാൻ 10 സെൻറ് സ്ഥലം സംഭാവന ചെയ്തു. അവിടെ ഉയർന്ന ഷെഡ്ഡിൽ 1965 സെപ്റ്റംബർ അഞ്ചിന് തോട്ടുമുക്കം പള്ളി വികാരി ഫാദർ ജോൺ കച്ചറമറ്റം ദിവ്യബലി അർപ്പിച്ചു. തുടർന്ന് മതപഠന ക്ലാസ് ആരംഭിച്ചു. 1967 ൽ മുതൽ ബഹു. അബ്രഹാം തോണക്കര അച്ചനും 1969 മുതൽ ബഹു. ജോസഫ് മാമ്പുഴയച്ചനും 1970 മുതൽ ബഹു. ജോർജ് തെക്കഞ്ചേരിയച്ചനും തോട്ടുമുക്കത്ത് നിന്നെത്തി ദിവ്യബലി അർപ്പിച്ചു. മാസത്തിൽ ഒരിക്കൽ മാത്രം ഉണ്ടായിരുന്ന ദിവ്യബലി ബഹു തെക്കഞ്ചേരിയച്ചൻ്റെ കാലത്ത് ഒന്നിടവിട്ടുള്ള ഞായറാഴ്ചകളിലായി.
1976-ൽ ബഹു.ജോസഫ് അറക്കപ്പപറമ്പിലച്ചനും തോട്ടുമുക്കത്ത് വികാരിയായപ്പോൾ വാലില്ലാപ്പുഴ ഇടവകയാക്കി മാറ്റുന്നതിൽ പ്രത്യേക താൽപര്യമെടുത്തു. 1977 മെയ് 24- ന് തോട്ടുമുക്കത്ത് സന്ദർശനം നടത്തിയ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപള്ളി പിതാവിനെ വാലില്ലാപ്പുഴയിൽ കൊണ്ടുവരികയും ഇടവകയുടെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തു. ഇടവകയ്ക്ക് അഞ്ചേക്കർ സ്ഥലം വേണമെന്ന് അഭിവന്ദ്യ പിതാവിന്റെ നിർദ്ദേശം അനുസരിച്ച് 9 പേരുടെ ആധാരം പണയപ്പെടുത്തി ഇപ്പോൾ പള്ളിയിരിക്കുന്ന അഞ്ചേക്കർ സ്ഥലം വാങ്ങി. വിശ്വാസികളുടെ സ്വപ്നം പൂവണിയിച്ചുകൊണ്ട് 1979 ഏപ്രിൽ 1 ന് വാലില്ലാപ്പുഴ ഇടവകയാക്കി കൊണ്ടുള്ള കൽപ്പന പ്രഖ്യാപനം. ബഹു. മാത്യു മാവേലിയച്ചൻ പ്രഥമ വികാരിയായി നിയമിതനായി. അന്ന് 70 കുടുംബങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യ കൈകാരന്മാരായി കൊള്ളികുളവിൽ വർക്കി, മാന്തോട്ടത്തിൽ ചാക്കോ, കപ്പലുമാക്കൽ വർക്കി എന്നിവരെ തിരഞ്ഞെടുത്തു. പുതിയ സ്ഥലത്ത് പള്ളി പണിയുക എന്ന ദൗത്യം ആ വർഷം തന്നെ പൂർത്തിയായി. പള്ളിയോട് ചേർന്ന് തന്നെ ബഹു. അച്ചന് താമസിക്കാനുള്ള മുറിയും പണിതീർത്തു. അടിസ്ഥാന സൗകര്യങ്ങൾ ആക്കിയതിനു ശേഷം ബഹു. മാവേലിയച്ചൻ 1981 ൽ സ്ഥലം മാറി .തുടർന്ന് വികാരിയായ ബഹു. ദേവസ്യ വലിയപറമ്പിൽ അച്ചൻ്റെ കാലത്താണ് പള്ളി സ്ഥലത്ത് റബർകൃഷി ചെയ്തതും പള്ളിയോട് ചേർന്ന് കുശിനി നിർമ്മിച്ചതും. 1986 ൽ വികാരിയായ ബഹു. ജോസഫ് മണിയങ്ങാട് അച്ചൻ സെമിത്തേരി നിർമ്മാണത്തിന്റെ പദ്ധതികൾ തയ്യാറാക്കിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചു. ഫാദർ ജോസഫ് കച്ചറമറ്റം, ഫാദർ അലക്സ് താരാമംഗലം ,ഫാദർ ജോസഫ് കീലത്ത് എന്നിവർ ബഹു. മണിയങ്ങാട്ടാച്ചൻ്റെ അഭാവത്തിൽ സേവനമനുഷ്ഠിച്ചു. സെമിത്തേരി നിർമ്മാണം ഈ കാലഘട്ടത്തിൽ നടന്നു. 1987 ൽ ഫാദർ ആൻറണി കൊഴുവനാൽ വികാരിയയായി. അച്ചൻ്റെ സംഘാടക പാടവം ഇടവകയെ സജീവമാക്കി സെമിത്തേരിക്ക് ചുറ്റു മതിൽ കെട്ടുകയും ഗ്രോട്ടോ പണിയുകയും ചെയ്തു. 1988 ൽ ഡോട്ടേഴ്സ് ഓഫ് ദി ചർച്ച് സന്യാസിനി സമൂഹം മഠം ആരംഭിച്ചു.1988 ൽ വികാരിയായ ബഹു മാണി കണ്ടനാട്ടച്ചന്റെ കാലഘട്ടം ആത്മീയവും ഭൗതികവുമായ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു
1989 ഡിസംബർ 10 മുതൽ 16 വരെ തീയതികളിൽ നടത്തപ്പെട്ട ബഹു. മാത്യു നായ്ക്കം പറമ്പിൽ അച്ചൻ്റെ നേതൃത്വത്തിലുള്ള കരസ്മാറ്റിക് കൺവെൻഷൻ ഒരു ചരിത്ര സംഭവമായിരുന്നു.പള്ളിക്ക് മുൻപിലുള്ള മൈതാനം സൺഡേസ്കൂൾ കെട്ടിടം പഴയ പള്ളിമുറി എന്നിവ ഇക്കാലത്താണ് പണികഴിപ്പിക്കപ്പെട്ടത്.
പിന്നീട് വികാരിയയായി വന്ന ഫാദർ പോൾ പുത്തൻപുരയുടെ നേതൃത്വത്തിലാണ് ജീർണിച്ചു തുടങ്ങിയ പള്ളിക്കെട്ടിടം പൊളിച്ചു നന്നാക്കി സൺഡേസ്കൂൾ കെട്ടിടത്തിന്റെ മുകളിൽ മാറ്റി സ്ഥാപിച്ചത്. തുടർന്ന് സ്ഥാനമേറ്റ ഫാദർ മാത്യു തെക്കുംചേരിക്കുന്നേൽ ആണ് വാലില്ലാപ്പുഴ ടൗണിൽ തല ഉയർത്തി നിൽക്കുന്ന മനോഹരമായ കുരിശുപള്ളിസ്ഥാപിക്കാൻ നേതൃത്വം നൽകിയത്. മദ്യനിരോധന പ്രസ്ഥാനത്തിൻറെ സംസ്ഥാനതല അമരക്കാരനായിരുന്ന ഫാദർ ചാണ്ടി കുരിശുമൂട്ടിലിൻ്റെ കാലത്താണ് പൂവത്തി കണ്ടിയിൽ കുരിശുപള്ളി സ്ഥാപിച്ചത്.
അതിനുശേഷം ഫാദർ ജോൺ മണലിൽ വാലില്ലാപ്പുഴയിലേക്ക് സ്ഥലം മാറി എത്തി. ഇടവകയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനമായ ഒരു കാലഘട്ടമായിരുന്നു അത് ഏറെ പ്രതികൂലങ്ങൾക്കിടയിലും ഒരു പുതിയ ദേവാലയം എന്ന സങ്കല്പം അദ്ദേഹത്തിൻറെ ഭാവനയിൽ രൂപം കൊണ്ടതാണ്. ഭാവന യാഥാർത്ഥ്യങ്ങളിലേക്ക് വഴി മാറിയപ്പോൾ സംസ്ഥാന പാതയോരത്ത് ഏറ്റവും മനോഹരമായ ഒരു ദേവാലയം രൂപം കൊണ്ടു. ഇപ്പോഴുള്ള നമ്മുടെ ദേവാലയം പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ അനാരോഗ്യം കാരണം അച്ചന് അവധിയിൽ പ്രവേശിക്കേണ്ടിവന്നു. തുടർന്നുവന്ന ഫാദർ ജോൺസൺ പാഴുകുന്നേൽ. ഫാദർ ജോർജ് താമരശ്ശേരി എന്നിവരും ദേവാലയ നിർമിതി അഭഗുരം തുടരാൻ അക്ഷീണപ്രയത്നം ചെയ്തു.
2004 ൽ ഇടവകയുടെ അമരക്കാരൻ ആയി ഫാദർ ജേക്കബ് പുത്തൻപുര സ്ഥാനമേറ്റു. മന്ദഗതിയിൽ ആയിരുന്ന പള്ളിപണി അച്ചൻ്റെ നേതൃത്വത്തിൽ വേഗതയാർജിച്ചു. ഇടവകയുടെ സർവതോന്മുകമായ വളർച്ചയ്ക്കും വികസനത്തിനു വേണ്ടി അച്ചൻ നിർവഹിച്ച പങ്ക് നിസ്തുലമാണ്. 2005 ഫെബ്രുവരി 5 -ന് അഭിവന്ദ്യ പിതാവ് മാർ പോൾ ചിറ്റിലപ്പള്ളി പുതിയ ദേവാലയത്തിന്റെ ആശിർവാദകർമ്മം നിർവഹിച്ചു.
2010-ൽ വികാരിയായി ബഹു. ജോസഫ് മൈലാടുരാച്ചൻ സ്ഥാനമേറ്റു. ഈ കാലഘട്ടത്തിൽ ഇടവകയുടെ മറ്റൊരു സ്വപ്നം കൂടി സഫലമായി. ഇന്ന് നാം കാണുന്ന മനോഹരമായ വൈദിക മന്ദിരവും ചേർന്നുള്ള സൺഡേ സ്കൂൾ ഹാളും നിർമ്മാണം ആരംഭിക്കുന്നത്. ഈ കാലത്താണ് മൈലാടുരാച്ചൻ അനാരോഗ്യം നിമിത്തം അവധിയിൽ പ്രവേശിച്ചപ്പോൾ ഫാദർ സുബിൻ കവളക്കാട്ട് ഇടവകയെ നയിച്ചു. തുടർന്ന്ഫാദർ സൈമൺ കിഴക്കേ കുന്നേൽ വികാരിയായി ചാർജ് എടുത്തു. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കുകയും അഭിവന്ദ്യ പിതാവ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പുതിയ വൈദിക മന്ദിരത്തിന്റെയും സൺഡേ സ്കൂൾ ഹാളിന്റെയും വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കുകയും ചെയ്തു.
2016-ൽ പുതിയ വികാരിയായി ഫാദർ അഗസ്റ്റിൻ കണിവേലിൽ സിഎംഐ നിയമിതനായി. സെമിത്തേരിയുടെ വിപുലീകരണവും പുതിയ ചാപ്പലിൻ്റെനിർമ്മാണവും ഇക്കാലത്തായിരുന്നു . അച്ചൻ്റെ നേതൃത്വത്തിൽ ഇടവകയിലെ ഭവനരഹിതരായ ആളുകൾക്ക് വീടുകൾ നിർമ്മിച്ചു നൽകി. പുതിയ പാരിഷ് ഡയറക്ടറി പ്രസിദ്ധീകരിച്ചതും ഇക്കാലത്താണ്. 2019 ൽ കണിവേലിയച്ചൻ സ്ഥലം മാറി പോവുകയും ഫാദർ മാത്യു പുള്ളോലിക്കൽ വികാരിയായി ചാർജ് ഏറ്റെടുക്കുകയും ചെയ്തു ആരോഗ്യപരമായ കാരണങ്ങളാൽ അവധി പ്രവേശിക്കേണ്ടി വന്നെങ്കിലും പത്തനാപുരം, വാലില്ലാപ്പുഴ കുരിശു പള്ളികളുടെ നവീകരണം ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം പൂർത്തിയാക്കി. തുടർന്ന് നിയമിതനായ ഫാദർ വിൻസൺ മുട്ടത്തു കുന്നേലിന്റെ കാലത്താണ് തിരുനാളിനോട് അനുബന്ധിച്ച് വീടുകൾ തോറും ഉള്ള അമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചത്. 2019 ൽ ഫാദർ മൈക്കിൾ ഈറ്റതോട്ടത്തിൽ ഇടവകാ വികാരിയായി ചുമതലയേറ്റു മഹാപ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്ത് ഇടവകാ ജനത്തിന് സാന്ത്വനവും തണലുമായി അദ്ദേഹം പ്രവർത്തിച്ചു. ദുരിതാശ്വാസ കിറ്റ് വിതരണവും ചികിത്സാ ഫണ്ട് സമാഹരണവും ഈ കാലത്ത് നടന്നു.
2020 -ൽ പുതിയ വികാരിയായി ഫാദർ മാത്യു ചെറുവേലിൽ നിയമിതനായി. കോവിഡ് മഹാമാരിയുടെ പിടിയിൽ ലോകം അമർന്നിരുന്ന കാലമായിരുന്നു അത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സാധ്യമായ രീതിയിൽ എല്ലാം ആത്മീയ ശുശ്രൂഷകൾ നടത്താനും തൻ്റെ അജഗണത്തെ വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്താനും അദ്ദേഹം കഠിനപ്രയത്നം തന്നെയാണ് നടത്തിയത്. ഇടവകയിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിൽ അദ്ദേഹം അതീവ ശ്രദ്ധ പതിപ്പിച്ചു. നിർദ്ധനരുടെ ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്കാനുള്ള കാരുണ്യ പദ്ധതി ആരംഭിച്ചത് ഈ കാലത്താണ്. ഉന്നതവിദ്യാഭ്യാസത്തിനായി അർഹരായ വിദ്യാർഥികൾക്കുവേണ്ടി സ്പോൺസർമാരെ കണ്ടെത്തി സഹായം ഉറപ്പാക്കി. പേപ്പർ ചലഞ്ച്, തേങ്ങ ചലഞ്ച് എന്നീ നൂതന മാർഗ്ഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തുന്നതിനും അദ്ദേഹം ശ്രമിച്ചു കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്നതിനായി പള്ളിയിൽ വിവിധ ഹെൽപ്പ് ഡെസ്കുകൾ രൂപീകരിച്ചു. കോവിഡ് ദുരിതാശ്വാസ കിറ്റുകൾ സഹോദര സമുദായങ്ങളിലേക്ക് കൂടി എത്തിച്ചു നൽകുന്നതിന് അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തി. ഹോം ഓഫ് ലവ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സഹായം എത്തിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. കൊയിലാണ്ടി എടവണ്ണ ഹൈവേ വികസനത്തിന്റെ ഭാഗമായി പള്ളിയുടെ റോഡ് നഷ്ടപ്പെട്ട സാഹചര്യത്തിൽ അച്ചൻ്റെ നിശ്ചയദാർഢ്യവും കഠിനപ്രയത്നവും വഴി ഗവൺമെന്റിൽ നിന്നും ഉത്തരവ് വാങ്ങി റോഡ് പുനസ്ഥാപിക്കാൻ സാധിച്ചു. പള്ളിയിൽ പുതിയ സൗണ്ട് സിസ്റ്റം സ്ഥാപിച്ചതും സെമിത്തേരിയുടെ അടുത്ത് ഗ്രോട്ടോ പണിതതും ഇക്കാലത്താണ്. കാർഷിക മേഖല ലാഭകരമല്ലാതായിത്തീർന്ന സാഹചര്യത്തിൽ ഇടവകാ ജനങ്ങളെ മറ്റ് ജീവിത മാർഗങ്ങളിലേക്ക് വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തിലാണ് ഷോപ്പിംഗ് കോംപ്ലക്സ് എന്ന ആശയം അദ്ദേഹം മുന്നോട്ട് വെച്ചത്. ഇടവകയിലെ ബഹുഭൂരിപക്ഷവും സ്വാഗതം ചെയ്ത ഈ ആശയം മറ്റ് പ്രതിബന്ധങ്ങളെ എല്ലാം അതിജീവിച്ച് പ്രത്യേക പണപ്പിരിവുകൾ ഒന്നും നടത്താതെ നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇത് ഇടവകയുടെ ഭൗതിക പുരോഗതിയുടെ ഒരു നാഴിക കല്ലായി തീർന്നു. കോവിഡ് ബാധിതനായി ചെറുവേലിയച്ചൻ അവധിയിൽ പ്രവേശിച്ചപ്പോൾ ബഹു. സിബി കുഴിവേലിൽ അച്ചനും ബഹു. ജോർജ് തീണ്ടാപ്പാറ അച്ചനും ഇടവകയെ നയിച്ചു.
2023 മെയ് മാസത്തിൽ പുതിയ വികാരിയായി ഫാദർ മാത്യു കണ്ടശാം കുന്നേലച്ചൻ നിയമിതനായി . ഷോപ്പിംഗ് കോംപ്ലക്സിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ഇടവകക്കാരായ സംരംഭകർക്ക് ഏൽപ്പിച്ച് കൊടുക്കുകയും ചെയ്തു. പള്ളിയുടെയും പള്ളിമുറിയുടെയും കുരിശുപള്ളികളുടെയും പെയിൻറിങ് ജോലികൾ അച്ചൻ്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു.
എല്ലാ ദിവസവും കുമ്പസാരം കേൾക്കുകയും മരിച്ചവർക്ക് വേണ്ടിയുള്ള ശുശ്രൂഷകൾ അർപ്പിച്ചും, യൂണിറ്റ് മീറ്റിങ്ങുകളിൽ തൻറെ സാന്നിധ്യം ഉറപ്പാക്കിയും ദൈവോന്മുഖമായ യാത്രയിൽ ഇടവക സമൂഹത്തെ നയിച്ചു കൊണ്ടിരിക്കുന്നു.