Progressing
മലബാര്‍ കുടിയേറ്റ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച തിരുവമ്പാടി തിരുഹൃദയ ദൈവാലയം സഫലമായ എട്ട് പതിറ്റാണ്ട് പിന്നിടുകയാണ്. ദൈവ പരിപാലനയുടെ ഹരിതാഭമായ വഴികളിലൂടെ നടന്നു കയറിയ തിരുവമ്പാടിയിലെ വിശ്വാസി സമൂഹം, കുടിയേറ്റത്തിന്റെ 80-വർഷം പൂർത്തീകരിക്കുന്ന സന്ദര്‍ഭം, ഇന്നലെകളിലേക്കുള്ള തിരിഞ്ഞുനോട്ടവും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളുടെ തിരിച്ചറിവും, ഭാവിപദ്ധതികളുടെ തിരഞ്ഞെടുപ്പും ആയിതീരുകയാണ്.
കുടിയേറ്റത്തില്‍, പ്രാതികൂല്യങ്ങളുടെ കനല്‍വഴികള്‍ താണ്ടിയ, പൂര്‍വ്വികരുടെ സാഹസികമായ പോരാട്ടവീര്യവും, തികഞ്ഞ ദൈവാശ്രയബോധവും, ത്യാഗമനസ്ഥിതിയുമാണ്, ആധുനിക തിരുവമ്പാടിക്ക് അടിത്തറ പാകിയത്. ആത്മസമര്‍പ്പണത്തിന്റെ ജാജ്വല്യസ്മരണകളായി ഇന്നും വിശ്വാസി സമൂഹത്തിന്റെ മനസ്സില്‍ ജീവിക്കുന്നത് അതാത് കാലത്ത് തിരുവമ്പാടിയില്‍ ശുശ്രൂഷ ചെയ്ത വൈദിക ശ്രേഷ്ഠരാണ് കുടിയേറ്റ ഭൂമി നാടാക്കാനും, നാട് നഗരമാക്കാനും അക്ഷീണം പ്രയത്‌നിച്ച കുടിയേറ്റക്കാരണവന്‍മാരുടെയും, ആത്മീയ - ഭൗതീക ഉണര്‍വിന് തേര് തെളിച്ച വൈദിക ശ്രേഷ്ഠരുടെയും ദീപ്തസ്മരണകള്‍ പുതുതലമുറക്ക് പ്രകാശഗോപുരമാണ്.
നാഴികക്കല്ലുകൾ
താമരശ്ശേരി രൂപതയുടെ ആദ്യത്തെ മൂന്നു മെത്രാഭിഷേകങ്ങളും നടന്ന ദേവാലയം. താമരശ്ശേരി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ പ്രോ കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ദേവാലയം; മാര്‍ മങ്കുഴിക്കരി പിതാവിന്റെ ഭൗതിക ശരീരം അടക്കപ്പെട്ട ദേവാലയം, മലയോര വികസനത്തിന്റെ പിന്നിലെ ചാലക ശക്തിയായി, പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനും, കൃഷിഭവനും, ഗവ. മൃഗാശുപത്രിക്കും, ഗവ. ഹോമിയോ ആശുപ ത്രിക്കും, സബ് ട്രഷറിക്കും സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ ഇടവകാസമൂഹം; റോഡുകളും, പാലങ്ങളും നിര്‍മ്മിക്കുവാനും പൊതുസ്ഥാപനങ്ങള്‍ മലയോരമേഖലയിലേക്ക് കൊണ്ടുവരുവാനും നേതൃത്വം കൊടുത്ത വിശ്വാസി സമൂഹം : ഇതൊക്കെയാണ് തിരുവമ്പാടി ഇടവക . ചരിത്രത്തിനു മുമ്പേ നടക്കുകയും, ചരിത്രമായി തീരുകയും, ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ഒരു വിശ്വാസി സമൂഹത്തിന്റെ കുടിയേറ്റത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും സഫലമായ 80 വര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച ആണ് സമൂഹത്തിന് കാണുവാൻ കഴിയുന്നത്.
ഇടവക ചരിത്രത്തിനു തുടക്കം
കോഴിക്കോട് താലൂക്കിലെ നീലേശ്വരം അംശം മുതല്‍ വയനാട് ചുരത്തിലെ തകരപ്പാടി വരെ വ്യാപിച്ചു കിടന്നിരുന്ന വനമേഖലയായിരുന്നു പഴയ തിരുവമ്പാടി. തിരുവമ്പാടിയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യ ഘട്ടം 1942-44 കാലമാണ്. 1942-ല്‍ വൈക്കം സ്വദേശിയായ ചക്കുങ്കല്‍ ജോസഫ് വക്കീല്‍ കറ്റിയാടുമുതല്‍ ഇരുമ്പകം വരെയുള്ള ഭാഗത്ത് 150 ഏക്കര്‍ സ്ഥലവും പുളിങ്കുന്നുകാരന്‍ കെ.സി. നൈനാര്‍ കക്കുണ്ട് മുതല്‍ കൂടരഞ്ഞി വരെയുള്ള ഭാഗത്ത് 600 ഏക്കര്‍ സ്ഥലവും വാങ്ങിയതോടെ ബന്ധുക്കളും സുഹൃത്തുക്കളുമായ ധാരാളം ആളുകള്‍ ഇവിടെ എത്തി. 1944-ല്‍ ഇരുമ്പകം വരെയുള്ള ഭാഗത്ത് 16 വീട്ടുകാര്‍ സ്ഥലം വാങ്ങി.
കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തില്‍ കാട്ടുമൃഗങ്ങളുടെ ശല്യം നിമിത്തം ഇന്നത്തെ തിരുവമ്പാടി അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്തെ കാന ക്കോട്ടു പ്രദേശത്ത് (ഇപ്പോഴത്തെ അമ്പലപ്പാറ ഭാഗം) താമസിച്ചുകൊണ്ടാ ണ് കുടിയേറ്റക്കാര്‍ കൃഷിചെയ്തത്. അന്ന് തിരുവമ്പാടി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് ഇന്നത്തെ താഴെ തിരുവമ്പാടി ആണ്. ഇന്നത്തെ തിരുവമ്പാടി അങ്ങാടി അന്ന് നായരുകൊല്ലി എന്ന പേരില്‍ ആയിരുന്നു അറിയപ്പെട്ടിരുന്നത്. ഒരു നായരെ ഇപ്പോഴത്തെ അങ്ങാടിയുടെ ഭാഗത്ത് വെച്ച് കാട്ടാന കുത്തികൊന്നതിനാലാണ് നായരുകൊല്ലി എന്ന് പേര് ആദ്യം ഈ പ്രദേശത്തിന് ഉണ്ടായിരുന്നത്. കോഴിക്കോട് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പ്രൊ സേര്‍പ്പിയോ തിരുമേനി, പൂ ളവള്ളി-കോടഞ്ചേരി ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രൂപം കൊടുത്ത അസംപ്ഷന്‍ കോളനിയുടെ ചുമതലക്കാരനായി ബഹു. ജെയിംസ് മൊന്തനാരി എന്ന ഇറ്റാലിയന്‍ ഈശോ സഭാ വൈദികനെ നിയമിച്ചു. പൂളവള്ളിയില്‍ നിന്ന് നടപ്പുവഴി പോലുമില്ലാത്ത വനത്തിലൂടെ കോഴിക്കോട് താലൂക്ക് ഭൂപടവും, ഒരു വടക്കുനോക്കിയന്ത്രവും, തോളില്‍ സഞ്ചിയും കൈയ്യില്‍ ഊന്നുവടിയുമായി കൊടുംകാട്ടിലൂടെ തിരുവമ്പാടി അന്വേഷിച്ച് അദ്ദേഹം വന്നു.
തിരുവമ്പാടിയിലെ ആദ്യത്തെ ദിവ്യബലി ചക്കുങ്കല്‍ ജോസഫ് വക്കീലിന്റെ കുറ്റിയാട്ടെ വസതിയില്‍ മൊന്തനാരിയച്ചന്‍ അര്‍പ്പിച്ചു. മാസത്തില്‍ ഒരു ഞായറാഴ്ച വീതമായിരുന്നു കുര്‍ബ്ബാന, ഒരിക്കല്‍ കുര്‍ബ്ബാന മധ്യേ മലമ്പനി ബാധിച്ച് മൊന്തനാരിയച്ചന്‍ വിറച്ചുതുള്ളി നിലത്തു വീണു. മറ്റൊരിക്കല്‍ വെള്ളപ്പൊക്കം കാരണം തോട്ടത്തിന്‍കടവില്‍ പുഴകടക്കാന്‍ കഴിയാതെ പുഴക്കരികില്‍ രാത്രി മുഴുവന്‍ അദ്ദേഹം ഏകനായി ഉറക്കമിളച്ചിരുന്നു. ഒരു സന്ദര്‍ഭത്തില്‍ തോളിലെ ഭാരമുള്ള ഭാണ്ഡവുമായി നീലേശ്വരം കാട്ടിലെ ചതുപ്പില്‍ വീണുപോയി, ഒരിക്കൽ കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട് മരത്തിനു മുകളിൽ അഭയം തേടേണ്ടി വന്നു. സാഹസികരായ കുടിയേറ്റക്കാരുടെ മനോവീര്യമുണ്ടായിരുന്ന മൊന്തനാരിയച്ചന്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തിരുവമ്പാടിക്കാര്‍ക്ക് ആത്മീയ ശുശ്രൂഷ ചെയ്തു.
സ്ഥിരമായി ഒരു വൈദികനെ കിട്ടുന്നതിന് കുടിയേറ്റക്കാര്‍ തിരുമേനിയെ സമീപിച്ചു. ഇതനുസരിച്ച് പൊതുധാരണയില്‍ മുണ്ടമലക്കുന്നില്‍ പള്ളിപണിയാമെന്ന് തീരുമാനിച്ചു. ആനക്കല്ലേല്‍ ഈനാസ് പള്ളിക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കി. മുണ്ടമലയില്‍ പള്ളിസ്ഥാപിക്കുന്നതിന് തിരുവമ്പാടിക്കാരോടൊത്ത് നീലേശ്വരം ഭാഗത്തുണ്ടായിരുന്ന കുടിയേറ്റക്കാരും സഹകരിച്ചു. എല്ലാവരും ചേര്‍ന്ന് മുണ്ടമലയിലെ കുന്നിന്‍ മുകളിലെ കാട് വെട്ടിത്തെളിച്ച് ഇന്ന് നിലവിലുള്ള ദൈവാലയത്തിന്റെ പോര്‍ട്ടിക്കോയുടെ ഭാഗത്ത് ഒരു താല്‍ക്കാലിക ഷെഡ് പണിതുയര്‍ത്തി, 1944 സെപ്റ്റംബര്‍ 8 ന് ബഹു. മൊന്തനാരിയച്ചന്‍ ആ ഷെഡ്ഡിനു സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് എന്ന് നാമകരണം ചെയ്യുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. 42 വീട്ടുകാരാണ് തിരുവമ്പാടിയിലെ ആദ്യത്തെ ഇടവകാ സമൂഹം. മാസത്തില്‍ ഒരു കുര്‍ബ്ബാന വീതം മൊന്തനാരിയച്ചന്‍ അര്‍പ്പിച്ചുപോന്നു. 1947 ല്‍ അദ്ദേഹം സ്ഥലം മാറി പോയ ശേഷം ജോണ്‍ സെക്വീറ വികാരിയായി നിയമിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കാലത്താണ് പള്ളിഷെഡില്‍ സേക്രഡ് ഹാര്‍ട്ട് ലോവര്‍ എലിമെന്ററി സ്‌കൂള്‍ സ്ഥാപിച്ചത്. അതുവരെയും താഴെ തിരുവമ്പാടിയിലുള്ള കപ്പലാട്ട്പറമ്പില്‍ ഒരു ഷെഡ് കെട്ടി ആശാനെ നിയമിച്ചാണ് കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കിയിരുന്നത്. സെക്വീറ അച്ചനു ശേഷം ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസ് എസ്.ജെ. വികാരിയായി എത്തി. ഇദ്ദേഹത്തിന്റെ കാലത്ത് എലിമെന്ററി സ്‌കൂളിനു മദ്രാസ് സര്‍ക്കാരില്‍ നിന്ന് 1948 മാര്‍ച്ച് 24 ന് അംഗീകാരം നേടിയെടുത്തു. അച്ചന്റെ ശ്രമഫലമായി തിരുവമ്പാടിയില്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സ്ഥാപിച്ചു. 1949-ല്‍ എത്തിയ അത്തനേഷ്യസ് അച്ചന്‍ തിരുവമ്പാടിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമി ട്ടു. 50-51 കാലഘട്ടത്തില്‍ അച്ചന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയുടെ പ്രദക്ഷിണം നടത്തി, അഭിവന്ദ്യ പത്രോണി തിരുമേനി ഈ പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്നു.
തിരുവമ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റോഡുകള്‍ വെട്ടി, ഇപ്പോഴത്തെ ടൗണ്‍ കപ്പേളയുടെ മുമ്പില്‍ ഏകോപിപ്പിച്ച്, അഗസ്ത്യന്‍മുഴി മുതല്‍ തിരുവമ്പാടി വരെയും, ഇരുമ്പകം മുതല്‍ പുല്ലൂരാംപാറ വരെയും നാല്‍പതുമേനി വിളക്കാംതോട് ഭാഗങ്ങളിലേക്കും റോഡുകള്‍ വെട്ടുന്നതിന് നേതൃത്വം കൊടുത്തത് അത്തനേഷ്യസ് അച്ചന്‍ ആയിരുന്നു.
1952 കാലഘട്ടത്തില്‍ ലെവി പിരിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരോടൊപ്പം എത്തുന്ന ആയുധധാരികളായ റൗഡികള്‍ വീടുംപറമ്പും പരിശോധിച്ച് നെല്ല് മുഴുവന്‍ അപഹരിച്ചുകൊണ്ടുപോകുന്ന ഗുണ്ടായിസത്തിനെതിരെ അച്ചന്‍ കലക്ടര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതികൊടുത്ത് ഇതിന് പരിഹാരം ഉണ്ടാക്കി.
1942 മുതല്‍ 44 വരെയുള്ള കാലഘട്ടത്തെ തിരുവമ്പാടി കുടിയേറ്റത്തിന്റെ ഒന്നാം ഘട്ടമായി പരിഗണിക്കാം. അക്കാലത്ത് കുടിയേറിയവരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് പുരയിടത്തില്‍, വെട്ടിക്കല്‍, കിഴക്കേപറമ്പില്‍, കുന്നപ്പള്ളില്‍, അക്കൂറ്റ്, തറയില്‍, അമ്പലത്തിങ്കല്‍, ആനക്കല്ലേല്‍, എടത്ത നാട്ട്, പൈമ്പിള്ളില്‍ എന്നീ കുടുംബങ്ങളാണ്.
1945 മുതല്‍ 1950 വരെ തിരുവമ്പാടി കുടിയേറ്റത്തിന്റെ രണ്ടാം ഘട്ടമാണ്. അന്ന് കുടിയേറിയവരില്‍ 90 വീട്ടുകാര്‍ ഇന്നും തിരുവമ്പാടിയില്‍ ഉണ്ട്. 1952 ല്‍ തിരുവമ്പാടിയില്‍ നിയമിതനായ ഫാ. കെറുബിന്‍ സി.എം. ഐ. ഇടവകയുടെ അടിസ്ഥാന വികസനത്തില്‍ ഏറെ പങ്കുവഹിച്ചു. ഉന്നത പഠനത്തിനുവേണ്ടി ഹൈസ്‌കൂള്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചു. കലവറക്കുന്നില്‍ പുഞ്ചക്കുന്നേല്‍ ജോസഫിനോട് ഏക്കറിന് 500 രൂപ പ്രകാരം 5 ഏക്കര്‍ സ്ഥലം വാങ്ങുകയും 1954 ല്‍ കെട്ടിടം പണികള്‍ ആരംഭിക്കുകയും ചെയ്തു. 1955 ജൂണ്‍ 30 ന് സര്‍ക്കാര്‍ അംഗീകാരം വാങ്ങി, ജൂലൈ 4 ന് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ദേവാലയം ആയിരുന്ന ഷെഡ് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഇടവകക്കാര്‍ തീരുമാനിച്ചു. ദൈവാലയ നിര്‍മ്മാണത്തിന്റെ പ്രാരംഭ ചിലവുകള്‍ക്കായി 14000 രൂപ റോമില്‍ നിന്ന് സംഭാവനയായി ലഭിച്ചു. ദൈവാലയത്തിന്റെ നടുവില്‍ 20 സ്തൂപങ്ങളുള്ള ഘടന രൂപപ്പെടുത്തിയെടുക്കുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ഒറ്റ രാത്രികൊണ്ട് കെറുബീനച്ചന്റെ നേതൃത്വത്തില്‍ ഇടവകക്കാര്‍ പള്ളിയുടെ മേല്‍ക്കൂട്, മുളയും പനയോലയും കൊണ്ട് കെട്ടി ഉണ്ടാക്കി. സ്ത്രീകള്‍ രാത്രിയില്‍ ഉള്‍ഭാഗം ചാണകം മെഴുകി. രാവിലെ ദൈവാലയത്തില്‍ കുര്‍ബ്ബാന അര്‍പ്പിച്ചു പിന്നീട് മനോഹരമായ മേല്‍ക്കുരയോടെ ദൈവാലയപണി പൂര്‍ത്തീകരിക്കുകയും ചെയ്തു.
1953 ഡിസംബറില്‍ തലശ്ശേരി രൂപത സ്ഥാപിതമായി. ഈ കാലയള വില്‍ കൊറുബീനച്ചനെ സഹായിക്കുവാനായി ഫാ. ബര്‍ത്തലൂമിയോ സി.എം.ഐ. അസി. വികാരിയായി നിയമിതനായി. ഇക്കാലത്ത് ചാവറഗിരി കുരിശുമലയില്‍ സ്ഥലം വാങ്ങുകയും ഇതില്‍ അധികഭാഗവും സാധുക്കള്‍ക്ക് ദാനം ചെയ്യുകയും ബാക്കിയുള്ള സ്ഥലത്ത് മലമുകളില്‍ കുരിശ് സ്ഥാപിക്കുകയും ചെയ്തു. 1954 ല്‍ നമ്മുടെ ഇടവകയില്‍ നിന്ന് പുല്ലൂരാംപാറ, വേനപ്പാറ ഇടവകകള്‍ വേര്‍പിരിഞ്ഞു. കെറുബീനച്ചന്റെ കാലത്താണ് ആദ്യത്തെ പാരിഷ്ഹാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പള്ളിക്കുവേണ്ടി വാങ്ങിയത്. 1955 ല്‍ തിരുവമ്പാടി ഇടവക ഫൊറോന ആയി ഉയര്‍ത്തപ്പെട്ടു.
കെറുബിന്‍ അച്ചന്റെ കാലത്ത് ഹൈസ്‌കൂള്‍ ഗ്രൗണ്ട് റോഡിനു വേണ്ടി കൊല്ലംപറമ്പില്‍ മത്തായിയോട് സെന്റിന് 20 രൂപ പ്രകാരം 12 അടി വീതിയില്‍ സ്ഥലം വാങ്ങി. 1956 ജൂലൈ 10 ന് തിരുവമ്പാടിയില്‍ സി.എം. സി. കോണ്‍വെന്റ് സ്ഥാപിച്ചു. ബാലഭവന്‍ ബോര്‍ഡിങ്ങ്, ലിസ്യൂറാണി നേഴ്‌സറി സ്‌കൂള്‍, ഇന്‍ഫന്റ് ജീസസ് ജംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവ കര്‍മ്മലീത്ത മഠത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. 1959 മുതല്‍ ഇടവക യില്‍ സേവനം ചെയ്ത ഫാ. എവരിസ്റ്റസ് സി.എം.ഐ. 1959 ലെ വിദ്യാഭ്യാസ സമരത്തിന് ഉജ്ജ്വലമായ നേതൃത്വം കൊടുത്തു. പള്ളിമേടയില്‍ വലിയ മണി സ്ഥാപിച്ചതും പള്ളിക്ക് സമീപം 22 ഏക്കര്‍ സ്ഥലം വാങ്ങി റബ്ബര്‍ തോട്ടമുണ്ടാക്കുവാന്‍ നേതൃത്വം കൊടുത്തതും അച്ചന്‍ ആയിരുന്നു. എവരിസ്റ്റസ് അച്ചന്റെ കാലത്ത് 1961 നവംബറില്‍ തിരുവമ്പാടി- തോട്ടത്തില്‍ കടവ്-അഗസ്ത്യന്‍മുഴി റോഡുവെട്ടുന്നതിന് ഒരോ കുടുംബവും നാലു പണി വീതം ഏറ്റെടുത്തിരുന്നു.
അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയെ സന്ദര്‍ശിച്ച് അച്ചന്‍ നിവേദനം കൊടുത്തതിനെ തുടര്‍ന്നാണ് തിരുവമ്പാടിയില്‍ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത്. 1963 നവംബര്‍ 3 ന് പള്ളിവക റോഡ് സൈഡിലെ കെട്ടിടം പൊളിച്ച് പോസ്റ്റോഫീസ് സബ് പോസ്റ്റോഫീസ് ആക്കുന്നതിന് 1500 രൂപ ചിലവഴിക്കുന്നതിനും 64 ആഗസ്റ്റ് 16 ന് ശുചിമുറി, കിണല്‍, ഇലക്ട്രിക്ക് വര്‍ക്ക് എന്നിവയ്ക്കും തുക ചിലവഴിച്ചു. 1964 ല്‍ തിരുവമ്പാടിയില്‍ ആദ്യമായി വൈദ്യുതി എത്തിയതും എവരിസ്റ്റ് അച്ചന്റെ ശ്രമഫലമായി ആയിരുന്നു. 1965 നവംബര്‍ ഏഴിന് പഞ്ചായത്ത് ഓഫീസിന് വേണ്ടി പള്ളി 15 സെന്റ് സ്ഥലം സൗജന്യമായി നല്‍കി. 1965 - ല്‍ ഇടവകാംഗങ്ങളായ ഫാ. സെബാസ്റ്റ്യന്‍ ഇളംതുരുത്തിയും, ഫാ. കുര്യാക്കോസ് ചേബ്ലാനിയും ഇടവകയില്‍ നിന്നുള്ള ആദ്യ വൈദീകരായി കുര്‍ബ്ബാന അര്‍പ്പിച്ചു. വികാരിയായി എത്തിയ ഫാ. സെബാസ്റ്റ്യന്‍ ഇളംതുരുത്തി പള്ളിക്കും സ്‌കൂളിനും കാലോചിതമായ മാറ്റങ്ങള്‍ വരുത്തി. 1966 മുതല്‍ 71 വരെ വികാരിയായിരുന്ന ഫാ. വര്‍ക്കി കുന്നപ്പള്ളില്‍ ഇടവകയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. തിരുവമ്പാടി വില്ലേജ് ഓഫീസിനു സമീപം പൂല്ലൂരാംപാറ റോഡില്‍ ജനകീയ പങ്കാളിത്തത്തോടെ പാലം നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കി. 1968 മാര്‍ച്ച് 15 ന് കുടിയേറ്റ രജത ജൂബിലി സ്മാരകമായി ടൗണില്‍ കപ്പേളക്ക് തറക്കല്ലിട്ടു. 70 മെയ് മാസത്തില്‍ കപ്പേളനിര്‍മ്മാണം പൂര്‍ത്തീകരിച്ച് തലശ്ശേരി പിതാവ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി വെഞ്ചരിപ്പ് കര്‍മ്മം നടത്തുകയും ചെയ്തു. 1971 സെപ്തംബര്‍ 10 ന് സര്‍ക്കാര്‍ ആശുപത്രിക്ക് 1 ഏക്കര്‍ സ്ഥലവും ഗവ: മൃഗാശുപത്രിക്കും 25 സെന്റ് സ്ഥലവും സൗജന്യമായി നല്‍കുവാന്‍ പള്ളി കമ്മിറ്റി യോഗം തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രി ലഭിക്കാത്തതിനാല്‍ 1 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കേിവന്നില്ല. 1971 മുതല്‍ 74 വരെ വികാരിയായി സേവനം അനുഷ്ഠിച്ച പ്ലാത്തോട്ടത്തിലച്ചന്‍ സ്‌കൂളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
1974-ല്‍ വികാരിയായി എത്തിയ ഫാ. ജോര്‍ജ്ജ് ആശാരിപറമ്പില്‍ അച്ചന്റെ കാലത്താണ് പള്ളിയുടെ മുഖവാരവും പോര്‍ട്ടിക്കോയും നിര്‍മ്മി ച്ചത്. അള്‍ത്താരയില്‍ ഇന്ന് കാണുന്ന ക്രൂശിതരൂപം സ്ഥാപിച്ചതും പ ള്ളിക്ക് മുമ്പില്‍ റോഡരികില്‍ കുരിശിന്‍തൊട്ടി നിര്‍മ്മിച്ചതും ഇക്കാലത്താ ണ്. 1979 ല്‍ കുരിശുപള്ളി ജംഗ്ഷന്‍ മുതല്‍ താഴെ തിരുവമ്പാടി കവല വരെ റോഡിനു വീതി കൂട്ടാന്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധപ്ര വര്‍ത്തനം നടത്തി.
1981-ല്‍ ഫാ. ജേക്കബ്ബ് പുത്തന്‍പുര വികാരിയായി നിയമിതനാ യി. പഴയ പാരീഷ് ഹാളിന്റെ രണ്ടാം നിലവരെ നിര്‍മ്മിച്ചതും കൃഷിഭവന് 15 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയതും അച്ചന്റെ കാലത്താണ്. ഈ കാലത്താണ് കര്‍ഷക സമരം നടന്നത്. 1984-ല്‍ വികാരിയായി എത്തിയ ജോസഫ് അരഞ്ഞാണി, പുത്തന്‍പുര അച്ചന്‍ പാരിഷ് ഹാളിന്റെ മൂന്നാം നില പൂര്‍ത്തീകരിച്ചു. 1986 ജൂലൈ മൂന്നിന് താമരശ്ശേരി രൂപതയുടെ പ്രഥമ ഇടയനായി മാര്‍. സെബാസ്റ്റ്യന്‍ മങ്കുഴിക്കരി തിരുവമ്പാടി ദേവാലയത്തില്‍ വെച്ച് സ്ഥാനാരോഹണം നടത്തി. പ്രോ കത്തീഡ്രല്‍ എന്ന സ്ഥാനത്തേക്ക് ഇതോടെ ഉയര്‍ത്തപ്പെട്ടു. 1988 ല്‍ വികാരിയായി എത്തിയ ഫാ. ജോസഫ് മൈലാടൂര്‍ പുതിയ വൈദികമന്ദിരം പണിയുവാന്‍ തുടക്കം കുറിച്ചു. ഈ കാലത്താണ് മതസൗഹാര്‍ദത്തിന്റെ പ്രതീകമായി 5 നിലയുള്ള നിലവിളക്ക് ഇലഞ്ഞിക്കല്‍ ദേവീക്ഷേത്രത്തില്‍ നിന്ന് പള്ളിക്ക് ലഭിച്ചത്.
1984-ല്‍ വികാരിയായി എത്തിയ ജോസഫ് മാമ്പുഴ അച്ചന്‍ വിപുല മായ കരിസ്മാറ്റിക് കണ്‍വന്‍ഷനുകള്‍ക്ക് നേതൃത്വം കൊടുത്തു. ഇന്നത്തെ രീതിയിലുള്ള തിരുനാള്‍ പ്രദക്ഷിണത്തിനു രൂപം കൊടുത്തത് മാമ്പുഴ അച്ചനായിരുന്നു.
1993-ല്‍ വികാരിയായി എത്തിയ ജോര്‍ജ് പരുത്തപ്പാറ അച്ചന്റെ കാലത്താണ് യു.പി. സ്‌കൂളിനു മുന്‍വശത്തെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചത്. 1994 ജൂണ്‍ 11 ന് അഭിവന്ദ്യ മങ്കുഴിക്കരി പിതാവ് ദിവംഗതനായ പ്പോള്‍ തിരുവമ്പാടി ദേവാലയത്തിലാണ് സംസ്‌ക്കാര കര്‍മ്മങ്ങള്‍ നടന്നത്. യു.പി. സ്‌കൂളില്‍ സുവര്‍ണ്ണ ജൂബിലി സ്മാരക കെട്ടിടം നിര്‍മ്മിച്ചതും കൂടരഞ്ഞി റോഡില്‍ ഘോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കുവാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും പരുത്തപ്പാറ അച്ചന്റെ കാലത്താണ്. 1995 ജൂലൈ 28 ന് രൂപതയുടെ രണ്ടാമത്തെ ഇടയനായി അഭിവന്ദ്യ തുങ്കുഴി പിതാവ് തിരുവമ്പാടി ദൈവാലയത്തില്‍ സ്ഥാനാരോഹണം നടത്തി. 1997-ല്‍ വികാരിയായി എത്തിയ ആന്റണി കൊഴുവനാല്‍ അച്ചന്‍ ഇടവകയുടെ സമഗ്ര പുരോഗതിക്ക് ഏറെ സംഭാവനകള്‍ ചെയ്തു. 1997 ഫെബ്രുവരി 13 ന് രൂപതയുടെ മൂന്നാമത്തെ ഇടയനായി അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്റെ സ്ഥാനാരോഹണം തിരുവമ്പാടി ദേവാലയത്തില്‍ നടന്നു. തിരുവമ്പാടിക്ക് പ്ലസ്ടു അനുവദിച്ചതും പുതിയ ഹൈസ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചതും ദേവാലയത്തിന്റെ ഇരുവശവും വീതി കൂട്ടിയതും അള്‍ത്താര നവീകരിച്ചതും അച്ചന്റെ നേതൃത്വത്തില്‍ ആയിരുന്നു.
ടൗണ്‍ കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹയുടെ നൊവേന ആരംഭിക്കുകയും ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് പവലിയന്‍ ചുറ്റുമതില്‍ എന്നിവ നിര്‍മ്മിക്കുകയും ചെയ്തു. കര്‍ഷക സ്വാശ്രയ പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുത്ത കൊഴുവനാല്‍ അച്ചന്‍ പുതിയ ജൈവ പച്ചക്കറി സംസ്‌ക്കാരത്തിലേക്ക് നാടിനെ കൊണ്ടുവന്നു.
2002-ല്‍ വികാരിയായി എത്തിയ സെബാസ്റ്റ്യന്‍ പൂക്കളത്തില്‍ അച്ചന്റെ കാലത്താണ് ഇടവകയുടെ വജ്ര ജൂബിലി സ്മാരകമായി സിമിത്തേരിയില്‍ ചാപ്പലും വൈദീക മന്ദിരത്തിന്റെ മുകള്‍ നിലയും നിര്‍മ്മിച്ചത്. ഇടവകയുടെ ബുള്ളറ്റില്‍ ഹൃദയനാദം ആരംഭിച്ചതും ഈ കാലത്താണ്. 2005-ല്‍ വികാരി ആയി എത്തിയ മാത്യു മുതിരചിന്തിയില്‍ അച്ചന്‍ പള്ളി അങ്കണത്തില്‍ രണ്ട് മിനിഹാളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ബ്ലോക്കും സിമിത്തേരിയില്‍ കല്‍കുരുശും സ്ഥാപിച്ചു. 2008-ല്‍ വികാരിയായി എത്തിയ ഫാ. തോമസ് കളപ്പുര ഹൈസ്‌കൂള്‍ റോഡിലെ പള്ളിക്കെട്ടിടത്തിനു രണ്ടാം നില നിര്‍മ്മിച്ചു. 2009-ല്‍ വികാരി ആയിരുന്ന ഫാ. ജോസഫ് കാപ്പില്‍ ഇടവകയുടെ ആത്മീയ രംഗത്ത് പുതിയ ഉണര്‍വ് നല്‍കി. അല്‍ഫോന്‍സ ഭവനപദ്ധതിയില്‍ 3 വീടുകള്‍ നിര്‍മ്മിക്കുവാന്‍ അച്ചന്‍ നേതൃത്വം നല്‍കി.
2010-ല്‍ വികാരിയായി എത്തിയ ഫ്രാന്‍സിസ് വെള്ളംമാക്കല്‍ അച്ചന്‍ പുതിയ പാരിഷ് ഹാളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഹയര്‍ സെക്കറി സ്‌കൂളില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കാനും, ദേവാലയ അള്‍ത്താര നവീകരിക്കുവാനും അച്ചന്‍ നേതൃത്വം നല്‍കി.
2013-ല്‍ ഇടവകയുടെ വികാരിയായി ശുശ്രൂഷ ആരംഭിച്ച അബ്രാഹം വള്ളോപ്പിള്ളി അച്ചന്റെ നേതൃത്വത്തില്‍ ഒട്ടേറെ നേട്ടം കൈവരിക്കാന്‍ ഇടവകയ്ക്ക് സാധിച്ചു. ടൗണ്‍ കപ്പേളയുടെ സമീപം കൂടുതല്‍ സ്ഥലം വാങ്ങി കപ്പേള നവീകരിച്ചു. ഇടവകക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ആധുനിക പാരിഷ് ഹാളിന്റെ രണ്ട് നിലകള്‍ പൂര്‍ത്തിയാക്കി വെഞ്ചരിച്ചു. യു.പി. സ്‌കൂളിലെ പഴയ കെട്ടിടം പൂര്‍ണ്ണമായി ഒഴിവാക്കി പുതിയ രണ്ട് ബ്ലോക്കുകളും ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയ ബ്ലോക്കും നിര്‍മ്മിച്ചു. പള്ളിയുടെ മുന്‍വശത്തായി പുതിയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. ഇടവകയ്ക്ക് പുത്തന്‍ ഉണര്‍വും പുതിയ ദിശാബോധവും നല്‍കുവാന്‍ വള്ളോപ്പിള്ളി അച്ചന്റെ കാലത്ത് സാധിച്ചു.
2018-ല്‍ വികാരിയായി എത്തിയ ബഹു. ജോസ് ഓലിയക്കാട്ടില്‍ അച്ചന്‍ ഇടവകയുടെ സമഗ്ര പുരോഗതിക്ക് ഉതകുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു. പള്ളിയുടെ മുമ്പിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം ഘട്ടനിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്ലാറ്റിനം ജൂബിലി സ്മാരകം ഷോപ്പിംഗ് കോംപ്ലക്‌സ് ആയി ഉദ്ഘാടനം ചെയ്തു. സിമിത്തേരിയുടെ പരിസരങ്ങള്‍ കെട്ടി സംരക്ഷിക്കുകയും ഹയര്‍ സെക്കറി സ്‌കൂളില്‍ ലബോറട്ടറി സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും പുതിയ ടോയ്‌ലെറ്റ് ബ്ലോക്കുകള്‍ നിര്‍മ്മിക്കുവാനും നേതൃത്വം നല്‍കി. ദേവാലയത്തിലെ അള്‍ത്താര, പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ശില്‍പ്പ ഭംഗിയും ആത്മീയ ചൈതന്യവുമുള്ള വിധത്തില്‍ പൂര്‍ണമായി നവീകരിച്ചു. ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളേയും മരിച്ചുപോയവരേയും ഓരോ ദിവസത്തെ ദിവ്യബലിയിലും അനുസ്മരിക്കുന്ന പതിവ് ജോസച്ചന്‍ ആണ് ആരംഭിച്ചത്. ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ആശയം അവതരിപ്പിച്ചത് ഓലിയക്കാട്ടില്‍ അച്ചന്‍ ആയിരുന്നു. ഇടവകാ സമൂഹത്തില്‍ ആത്മീയ-ഭൗതീക ഉണര്‍വ് ഉണ്ടാകുന്ന വിധത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ രൂപകല്‍പ്പന ചെയ്യുകയും വലിയ ദൈവാനുഗ്രഹത്തിന്റെയും ജനകീയ പങ്കാളിത്വത്തിന്റെയും അവസരമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷപരിപാടികള്‍ ക്രമീകരിക്കുകയും ചെയ്തു.
ജൂബിലി ആഘോഷത്തിനു തുടക്കമായി ഹരിതായാനം - തിരുവമ്പാടി ഫെസ്റ്റ് മൂന്ന് ദിവസങ്ങളിലായി നടത്തി. കാർഷിക-വ്യവസായ -കരകൗശല - പുഷ്പഫല- പെറ്റ്സ് - ഓട്ടോഷോ പ്രദർശന-വിപണന മേള ആയി നടത്തിയ ഹരിതായനം തിരുവമ്പാടിയിൽ ചരിത്രം സംഭവം ആയിരുന്നു.
ജൂബിലി ആഘോഷ സമാപനം
ജൂബിലി ആഘോഷ സമാപന സമ്മേളനം ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജൂബിലി സ്മാരകമായി ദേവാലയത്തിൻ്റെ അൾത്താര നവീകരണം, നിത്യാരാധന ചാപ്പൽ, ജൂബിലി ഷോപ്പിങ് കോംപ്ലക്സ്, ജൂബിലി ഭവന പദ്ധതി എന്നിവയും , സിസ്റ്റേഴ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ഹോം മിഷൻ, വിവിധ മത്സരങ്ങൾ, വൈദീക - സമർപ്പിത സംഗമം, പൂർവ കൈക്കാരൻമാരുടെ സംഗമം,വ്യാപാരി സംരംഭ സംഗമം, പെൻഷനേഴ്സ് സംഗമം, അധ്യാപക - ഉദ്യോഗസ്ഥ സംഗമം, മതാധ്യാപക - ഭക്ത സംഘടന പ്രതിനിധി സംഗമം, ജനപ്രതിനിധി സംഗമം എന്നിവ സംഘടിപ്പിച്ചു. ഇടവകയുടെ ആത്മീയ ഉണർവിനും, കൂട്ടായ്മയുടെ പ്രൗഡിയും വിളിച്ചറിയിച്ച പരിപാടികളാണ് ഒരു വർഷം കൊണ്ട് നടത്തിയത്.
ജോസച്ചന് ശേഷം വികാരിയായി എത്തിയ തോമസ് നാഗപറമ്പിൽ അച്ചൻ്റെ നേതൃത്വത്തിൽ ഇടവകയുടെ സമഗ്ര വളർച്ചക്കുള്ള പദ്ധതികൾ ആവിഷ്കരിച്ചു. പാരിഷ് ഹാളിൻ്റെ പരിസരവും സിമിത്തേരി പരിസരവും മനോഹരമാക്കുകയും സിമിത്തേരിയിൽ പുതിയ കല്ലറകളുടെ നിർമാണം എർത്തീകരിക്കുകയും ചെയ്തു. പള്ളി അങ്കണത്തിലെ പാർക്കിങ് ഗ്രൗണ്ട് ഇൻ്റർലോക്ക് ചെയ്തു മനോഹരമാക്കി. ഇടവകസ്ഥാപനത്തിൻ്റെ 80-ാം വാർഷിക സ്മാരകമായി പുതിയ പള്ളിമുറി നിർമാണത്തിനു നേതൃത്വം നൽകി.
വികാരിയച്ചൻ മാരോടു ചേർന്ന് അതാത് കാലത്ത് പ്രവർത്തിച്ച അസി.വികാരിമാരും കൈക്കാരൻമാരും പരിഷ് കൗൺസിൽ അംഗങ്ങളും ഇടവകയുടെ വളർച്ചക്ക് പിൻബലം ഏകിയവരാണ്. സി എം സി പ്രൊവിൻഷ്യൽ ഹൗസ് - 6 കോൺവൻ്റ്, ആൻസില ഭവൻ കോൺവൻ്റ്, ക്രിസ്തുദാസി (കെയ്റോസ് ) കോൺവൻ്റ് എന്നിവയും ഇടവകയിൽ പ്രവർത്തിക്കുന്നു.
80വർഷത്തിനിടയിൽ 25 വൈദീകരും 88 സിസ്റ്റേഴ്സും ഇടവകയിൽ നിന്ന് ഉണ്ടായി. ദൈവപരിപാലനയുടെ വഴികളിലൂടെ നടന്നു കയറിയ ഒരു ജനതയുടെയും നാടിൻ്റെയും മുന്നേറ്റത്തിൻ്റെ കഥയാണ് തിരുവമ്പാടി തിരുഹൃദയ ഇടവകയുടെ ചരിത്രം.