Progressing
താമരശ്ശേരി രൂപതയുടെയും നഗരത്തിന്‍റെയും അഭിമാനവും തിലകക്കുറിയുമായി ഉയര്‍ന്നു നില്‍ക്കുന്ന മേരിമാതാ കത്തീഡ്രല്‍ ദൈവാലയത്തിന് 1960 കളില്‍ തുടങ്ങുന്ന ചരിത്രമുണ്ട്. താമരശ്ശേരിയില്‍ കത്തോലിക്കാ കുടുംബങ്ങളുടെ സാന്നിധ്യം 1960 കളിലാണ് ആരംഭിക്കുന്നത്. ആ കാലഘട്ടത്തില്‍ താമരശ്ശേരിയില്‍ താമസമാക്കിയ കുടുംബങ്ങള്‍ വളരെ വിരളമായിരുന്നു. എങ്കിലും ഒരു ദൈവാലയം സ്ഥാപിക്കുന്നതിനെപ്പറ്റി അവരുടെ കൂട്ടായ്മകള്‍ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളുടെ ഫലമായി പ്രാരംഭകാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആ കാലഘട്ടത്തില്‍ താമരശ്ശേരി പ്രദേശം തലശ്ശേരി രൂപതയുടെ അധീനതയിലായിരുന്നു. തലശ്ശേരി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവ് നല്‍കിയ സാമ്പത്തിക സഹായം ഉപയോഗിച്ച് 1976 ഒക്ടോബറില്‍ താമരശ്ശേരി ടൗണില്‍ എട്ടര സെന്‍റ് സ്ഥലം വാങ്ങി. താമരശ്ശേരി അന്ന് ഈരൂട് ഇടവകയുടെ ഭാഗമായിരുന്നു. ഈരൂട് പള്ളിയുടെ വികാരിയായിരുന്ന ബഹു. ജോണ്‍ മണലില്‍ അച്ചന്‍റെ നേതൃത്വത്തില്‍ 1976-ല്‍ തന്നെ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യകാല ഇടവകാംഗങ്ങളുടെ സാമ്പത്തിക സഹായവും ദൈവാലയ നിര്‍മ്മാണത്തിന് ഏറെ സഹായകരമായി. ബഹു. ജോണ്‍ മണലില്‍ അച്ചന് ശേഷം ഈരൂട് വികാരിയായി വന്ന ബഹു. ജോസഫ് കോഴിക്കോട്ടച്ചന്‍ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
1983-ല്‍ അന്നത്തെ പുതുപ്പാടി ഇടവക വികാരിയായിരുന്ന ബഹു. മൈക്കിള്‍ വടക്കേടത്തച്ചന് താമരശ്ശേരി പള്ളിയുടെ ഉത്തരവാദിത്ത്വവും കൂടി നല്‍കപ്പെട്ടു. അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിന്‍റെ സഹായവും താമരശ്ശേരി ഇടവകാംഗങ്ങള്‍ക്ക് പുറമെ, സമീപ ഇടവകകളിലെ കത്തോലിക്കാ കുടുംബങ്ങളില്‍ നിന്നും ലഭിച്ച സംഭാവനകളും ഉപയോഗിച്ച് ദൈവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1984 ജനുവരി 1 ന് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവ് താമരശ്ശേരി ദൈവാലയത്തിന്‍റെ കൂദാശകര്‍മ്മം നിര്‍വ്വഹിച്ചു; തുടര്‍ന്ന് ഞായറാഴ്ചകളില്‍ ദിവ്യബലിയര്‍പ്പണം ആരംഭിച്ചു.
1985-ല്‍ ഫാ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പുതുപ്പാടി ഇടവകയുടെ വികാരിയായി നിയമിതനായപ്പോള്‍ പള്ളിയുടെ സ്ഥലത്തോട് ചേര്‍ന്ന് കിടന്നിരുന്ന 15 സെന്‍റ് സ്ഥലം കൂടി വാങ്ങിച്ചു. ഇതിനാവശ്യമായ സാമ്പത്തികസഹായം അഭിവന്ദ്യ മാര്‍ വള്ളോപ്പിള്ളി പിതാവാണ് നല്‍കിയത്.
1986 ഏപ്രില്‍ 28 ന് തലശ്ശേരി രൂപത വിഭജിച്ച് താമരശ്ശേരി ആസ്ഥാനമാക്കി പുതിയ രൂപത നിലവില്‍ വന്നു. എറണാകുളം അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവ് 1986 ജൂലൈ 3ന് താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായി സ്ഥാനമേറ്റു. തൊട്ടടുത്ത ദിവസമായ ജൂലൈ 4ന് തന്നെ അഭിവന്ദ്യ മങ്കുഴിക്കരി പിതാവ് താമരശ്ശേരി ഇടവക ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. അന്നു മുതല്‍ താമരശ്ശേരി ദൈവാലയത്തില്‍ ദിവസേനയുള്ള ബലിയര്‍പ്പണം ആരംഭിച്ചു.
താമരശ്ശേരി രൂപത പ്രൊക്യുറേറ്റര്‍ ബഹു. ജോര്‍ജ്ജ് മഠത്തിപ്പറമ്പിലച്ചനും രൂപത ചാന്‍സലര്‍ ആയിരുന്ന ബഹു. ജോര്‍ജ്ജ് വലിയമറ്റത്തിലച്ചനും (തലശ്ശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത) പിന്നീട്, ചാന്‍സലറായ ബഹു. ജെയിംസ് മുണ്ടയ്ക്കലച്ചനും വികാരിമാരായി. ബഹു. മുണ്ടയ്ക്കലച്ചന്‍ ഇടവക സമൂഹത്തെ ആത്മീയമായി രൂപപ്പെടുത്തുന്നതില്‍ വളരെയധികം ശ്രദ്ധിച്ചു. ഒരു ഇടവകയുടെതായ സംവിധാനങ്ങള്‍ എല്ലാം ക്രമപ്പെടുത്തി, ഇടവകാതിര്‍ത്തി ഈങ്ങാപ്പുഴ വരെയാക്കി നിശ്ചയിച്ചു. തുടര്‍ന്ന് ഇടവക അജപാലനദൗത്യം ബഹു. ജോസഫ് കീലത്തച്ചനില്‍ അര്‍പ്പിതമായി.
കത്തീഡ്രല്‍ പള്ളിക്ക് ആവശ്യമായ സ്ഥലം, നിലവിലുള്ള പള്ളിയുടെ അടുത്തുതന്നെ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവ് വാങ്ങി. ബഹു. അഗസ്റ്റിന്‍ മണക്കാട്ടുമറ്റത്തിലച്ചനും, ബഹു. മാത്യു മറ്റക്കോട്ടിലച്ചനും, ബഹു. മാത്യു പനച്ചിപ്പുറം അച്ചനും ഇടവക വികാരിമാരായി. ബഹു. അഗസ്റ്റിന്‍ മണക്കാട്ടുമറ്റത്തിലച്ചന്‍ രണ്ടാം പ്രാവശ്യവും താമരശ്ശേരി ഇടവക വികാരിയായി നിയമിതനായി. അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവ് 1994 ജൂണ്‍ 11ന് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു.
രൂപതാസ്ഥാപനത്തിന്‍റെ 10-ാം വാര്‍ഷികദിനമായ 1996 ജൂലൈ 3 ന് താമരശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനായ അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് കത്തീഡ്രല്‍ ദൈവാലയത്തിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. അന്നത്തെ പ്രൊക്യുറേറ്റര്‍ ബഹു. ജോസഫ് കാപ്പിലച്ചന്‍, ബഹു. അഗസ്റ്റിന്‍ മണക്കാട്ടുമറ്റത്തിലച്ചന്‍ എന്നിവര്‍ പള്ളിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാരംഭ ജോലികള്‍ക്ക് നേതൃത്വം നല്‍കി. അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായതിനെത്തുടര്‍ന്ന്, 1997 ഫെബ്രുവരി 13ന്, കല്ല്യാണ്‍ രൂപതയുടെ മെത്രാനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് താമരശ്ശേരി രൂപതയുടെ മൂന്നാമത്തെ മെത്രാനായി ഭരണസാരഥ്യം ഏറ്റെടുത്തു. 1997 ഡിസംബര്‍ 8 ന്, അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് കത്തീഡ്രല്‍ ദൈവാലയത്തിന്‍റെ അടിസ്ഥാന ശില പുനഃസ്ഥാപിച്ചു. വികാരി ജനറാള്‍ ഫാ. ജോസഫ് കീലത്ത്, കത്തീഡ്രല്‍ വികാരി ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസഫ് കാപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ദൈവാലയ നിര്‍മ്മിതിയിലുടനീളം ഇടവകാംഗങ്ങളുടെ പൂര്‍ണ്ണമായ പിന്തുണയും സഹായവും ഉണ്ടായിരുന്നു. 1999 ഡിസംബര്‍ 31 ന് ദൈവാലയത്തിന്‍റെ കൂദാശകര്‍മ്മം സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത മാര്‍ വര്‍ക്കി വിതയത്തില്‍ നിര്‍വ്വഹിച്ചു. പതിമൂന്ന് മെത്രാന്മാർ കൂദാശകര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു. മേഘാലയ ഗവര്‍ണര്‍ ശ്രീ. എം.എം. ജേക്കബ് മുഖ്യാതിഥിയായിരുന്നു. മനോഹരമായ കത്തീഡ്രല്‍ ദൈവാലയം രൂപകല്പന ചെയ്തത് പ്രശസ്ത ആര്‍ക്കീടെക്റ്റായ ശ്രീ. ആര്‍. കെ. രമേശ് ആണ്. മഹാജൂബിലി വര്‍ഷത്തില്‍ കത്തീഡ്രല്‍ പള്ളി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കത്തീഡ്രല്‍ ദൈവാലയം പരി. അമ്മയുടെ ദൈവ മാതൃത്വത്തിന് പ്രതിഷ്ഠിച്ചു.
2000 ഫെബ്രുവരി 24 ന് താമരശ്ശേരി കത്തീഡ്രല്‍ ദൈവാലയം ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. 2000 മെയ് മാസത്തില്‍ ബഹു. അഗസ്റ്റിന്‍ മണക്കാട്ടുമറ്റത്തിലച്ചന്‍ സ്ഥലം മാറിയപ്പോള്‍ ഫാ. പോള്‍ മൂശാരിയേട്ട് വികാരിയായി. രൂപത കേന്ദ്രത്തിന്‍റെ സഹായത്തോടെ വാങ്ങിയ വൈദിക മന്ദിരത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം 2001 മെയ് 17 ന് നടത്തി. ബഹുമാനപ്പെട്ട പോള്‍ മൂശാരിയേട്ടച്ചന്‍റെ കാലത്ത് നിര്‍മ്മാണപ്രവര്‍ത്തനമാരംഭിച്ച പാരിഷ് ഹാളിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം 2002 ഏപ്രില്‍ 22 ന് നടന്നു. 1994 ജൂണ്‍ 11ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവിന്‍റെ ഭൗതിക ശരീരം അടക്കം ചെയ്ത തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തില്‍ നിന്നും, 2002 ജൂണ്‍ 3 ന് പിതാവിന്‍റെ ഭൗതികാവിശിഷ്ടങ്ങള്‍ താമരശ്ശേരി കത്തീഡ്രല്‍ പള്ളിയുടെ മദ്ബഹക്കു മുമ്പില്‍ തയ്യാറാക്കിയ കബറിടത്തില്‍ സ്ഥാപിക്കപ്പെട്ടു. ദൈവാലയത്തിന്‍റെ താഴത്തെ നില സിമിത്തേരിയാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും 2004 ജൂലൈ 17 ന് സിമിത്തേരിക്ക് അനുവാദം ലഭിക്കുകയും ചെയ്തു. 2003 മെയ് മാസത്തില്‍ ഫാ. ജോസഫ് കാപ്പില്‍ വികാരിയായി. 2006 മെയ് 14 ന് ഫാ. ജോസഫ് കീലത്ത് രണ്ടാം പ്രാവശ്യവും വികാരിയായി നിയമിക്കപ്പെട്ടു. ഈ ഇടവകയുടെ ഭാഗമായിരുന്ന ബാലുശ്ശേരി, ഈങ്ങാപ്പുഴ പ്രദേശങ്ങള്‍ 2009ല്‍ ഇടവകകളായി. ബഹു. കീലത്തച്ചന്‍റെ നേതൃത്വത്തില്‍ നവീകരിക്കപ്പെട്ട വൈദികഭവനം 2008 ഡിസംബര്‍ 27 ന് അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് വെഞ്ചരിച്ചു.
താമരശ്ശേരി ഗവ. ആശുപത്രിയിലെ രോഗികള്‍ക്കും അവരുടെ കൂട്ടുകിടപ്പുകാര്‍ക്കും 2006 മെയ് മുതല്‍ കത്തീഡ്രലിലെ വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി നിത്യേന ഉച്ചഭക്ഷണം നല്കുന്നതിന് തുടക്കംകുറിച്ചു. ഈ സേവനം ഇപ്പോള്‍ 'ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ചാരിറ്റബിള്‍ ട്രസ്റ്റ്' വഴിയാണ് നടത്തി വരുന്നത്. 'വോയ്സ് ഓഫ് മേരിമാത' എന്ന പേരില്‍ പാരിഷ് ബുള്ളറ്റിന്‍ 2009 മെയ് മാസം മുതല്‍ പ്രസിദ്ധീകരിക്കുന്നു. അല്‍ഫോന്‍സാ വര്‍ഷം, രൂപതാ ജൂബിലി വര്‍ഷം, പ്രേഷിത വര്‍ഷം എന്നിവയോടനുബന്ധിച്ച് രൂപതാ തലത്തില്‍ നടത്തിയ കലാ സാഹിത്യ മത്സരങ്ങള്‍ക്ക് രൂപതയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചതും താമരശ്ശേരി ഇടവകയ്ക്കാണ്. അഭിവന്ദ്യ ചിറ്റിലപ്പിള്ളി പിതാവ് 2010 ഏപ്രില്‍ 08ന് തന്‍റെ രൂപതാസാരഥ്യം അഭിവന്ദ്യ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിനെ ഏല്പിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു.
മാരകമായ രോഗങ്ങള്‍, ഗുരുതരമായ അപകടങ്ങള്‍ എന്നിവകൊണ്ട് ബുദ്ധിമുട്ടുന്ന ഇടവകാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 2010 ല്‍ 'മേരിമാതാ ചാരിറ്റബിള്‍ ഫണ്ട്' രൂപീകരിക്കുകയുണ്ടായി. വളരെ നല്ല രീതിയില്‍ ഇന്നും ഈ സഹായവിതരണം നടന്നുവരുന്നു. ഇടവകാംഗങ്ങളുടെ ഒരു വലിയ സ്വപ്നമായിരുന്നു, ദേശീയപാത 212 ല്‍ നിന്ന് കത്തീഡ്രല്‍ ദൈവാലയത്തിലേക്ക് നേരിട്ടുള്ള ഒരു റോഡ്. 2011 ഫെബ്രുവരി 5 ന് അഭിവന്ദ്യ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവ് പുതിയ റോഡിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
2013 ല്‍ ബഹു. തോമസ് നാഗപറമ്പില്‍ അച്ചന്‍ കത്തീഡ്രല്‍ വികാരിയായി നിയമിതനായി. നിലവിലുണ്ടായിരുന്ന പാരീഷ് ഹാള്‍ പൊളിച്ച് നൂതന സൗകര്യങ്ങളോടുകൂടി പുതിയ പാരിഷ്ഹാള്‍ നിര്‍മ്മിച്ചത് അച്ചന്‍റെ കാലത്താണ്. 2018 ല്‍ ബഹു. മാത്യു മാവേലി അച്ചന്‍ കത്തീഡ്രല്‍ ദൈവാലയത്തിന്‍റെ വികാരിയായി നിയമിക്കപ്പെട്ടു.
2020 സെപ്തംബര്‍ 6-ാം തിയ്യതി അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പിതാവിന്‍റെ ഭൗതികശരീരം പിതാവിന്‍റെ കാലഘട്ടത്തില്‍ തന്നെ നിര്‍മ്മിച്ച കത്തീഡ്രല്‍ ദൈവാലയത്തില്‍ സംസ്കരിച്ചു.
താമരശ്ശേരി ഇടവകയില്‍ ഇപ്പോള്‍ 308 കുടുംബങ്ങളാണ് ഉള്ളത്. ഇടവകയിലെ 17 കുടുംബക്കൂട്ടായ്മ യൂണിറ്റുകളിലും എല്ലാ മാസവും കൃത്യമായി കൂട്ടായ്മകള്‍ നടത്തിവരുന്നു. ഇടവകയില്‍ 7 സന്യാസിനീ ഭവനങ്ങളും അവയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഉണ്ട്. ഇടവകയുടെ നേതൃത്വത്തില്‍ അല്‍ഫോന്‍സ ബുക്ക് സ്റ്റാള്‍ പള്ളിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.
2007 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ കത്തീഡ്രല്‍ അസി. വികാരിമാരായിരുന്ന ഫാ. ജോര്‍ജ്ജ് കുറ്റിക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട്, ഫാ. അഗസ്റ്റിന്‍ കിഴുക്കരക്കാട്ട്, ഫാ. ജോര്‍ജ്ജ് മുണ്ടയ്ക്കല്‍, ഫാ. കുര്യാക്കോസ് പാലക്കീല്‍, ഫാ. ജോര്‍ജ് മക്കനാല്‍ സി.എം.ഐ., ഫാ. അഗസ്റ്റിന്‍ പന്നിക്കോട്ട്, ഫാ. മാത്യു ചെമ്പുതൂക്കില്‍, ഫാ. സെബാസ്റ്റ്യന്‍ മുരിങ്ങയില്‍, ഫാ. ജോസഫ് വടക്കേല്‍, ഫാ. ജിന്‍റോ ജീസസ് , ഫാ. തോമസ് കടപ്ലാക്കല്‍, ഫാ. നിതീഷ് OFM, ഫാ. തോമസ് പുലയംപറമ്പിൽ എന്നിവരുടെ സേവനവും ഇടവകയുടെ വളര്‍ച്ചയെ ഗണ്യമായി സഹായിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ വികാരി ഫാ. മാത്യു പുളിമൂട്ടിൽ 2022 ൽ ഇടവകയുടെ ചുമതല ഏറ്റെടുത്തു. അസിസ്റ്റന്റ് വികാരിയായി ഫാ. ജോർജ് നരിവേലിൽ 2024 ൽ ചാർജ് എടുത്തു. അച്ചന്മാരുടെ നേതൃത്വത്തില്‍ ഒത്തൊരുമയോടെ, ഒരു കുടുംബമായി ഇടവക ഇന്നും മുന്നേറിക്കൊണ്ടിരിക്കുന്നു.
ഇടവകയുടെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍
ദൈവാലയം ആരംഭിച്ച വര്‍ഷം : 1984 ജനുവരി 1
ഇടവക സ്ഥാപിച്ച വര്‍ഷം : 1984 ജൂലൈ 4
കത്തീഡ്രല്‍ ദൈവാലയ കൂദാശ : 1999 ഡിസംബര്‍ 31
താമരശ്ശേരി ദൈവാലയം
ഫൊറോനയായി ഉയര്‍ത്തിയത് : 2000 ഫെബ്രുവരി 24