Progressing

Parish History

സെൻ്റ് മേരീസ് ചർച്ച്, പയ്യനാട്

ദൈവജനതയുടെ ചരിത്രം കുടിയേറ്റത്തിന്റെ ചരിത്രമാണ് ദൈവ പരിപാലനയിൽ മാത്രം ആശ്രയിച്ച് യാത്ര ആരംഭിക്കുകയും ദേശങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്ത പൂർവ്വപിതാക്കളുടെ പാരമ്പര്യമാണത്. പച്ച മനുഷ്യന്റെ വേവലാതികളുടെയും അലച്ചിലുകളുടെയും കഥ പറയുന്ന കുടിയേറ്റ ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച ഒരു നാടാണ് നമ്മുടെ പയ്യനാട് 

 പോരാട്ടങ്ങളുടെയും അധിനിവേശങ്ങളുടെയും കഥയല്ല പയ്യനാടിന്റെ ക്രൈസ്തവ സമൂഹത്തിന് പറയാനുള്ളത് മറിച്ച് മണ്ണിൽ പണിയെടുത്ത് ജീവിതം പുലർത്താൻ ഇറങ്ങിയ നേരിന്റെ മനുഷ്യരുടെ ജീവിതങ്ങളാണ്. കൃഷിഭൂമി തേടിയും ജീവിതാഭിവൃത്തി തേടിയും ഈ മണ്ണിൽ എത്തിയ കുടുംബങ്ങളിലൂടെ ഇവിടെ സുറിയാനി ക്രൈസ്തവസമൂഹം വളർന്നു.

 സ്വാതന്ത്ര്യാനന്തര കാലത്തിന്റെ സമ്മാനമായി 1953ല്‍ തലശ്ശേരി രൂപത സ്ഥാപിതമായതോടെ സുറിയാനി ക്രൈസ്തവ സമൂഹം 40 കിലോമീറ്റർ അകലെയുള്ള മണിമൂളി ഇടവകയുടെ കീഴിലായി.

 1972ൽ പയ്യനാട് നിലമ്പൂരിൽ നിന്നും സ്വതന്ത്രമാക്കി ഇടവകയായി ഉയർത്തപ്പെട്ടു.

 ഫാ.ജോർജ് കഴിക്കച്ചാലിൽ അച്ഛന്റെ കാലത്താണ് മഞ്ചേരി പയ്യനാട് റോഡിൽ റോഡ് വശത്തായി പഴുക്കത്തറ കുഞ്ഞുമത്തായിൽ നിന്ന് 10 സെന്റ് സ്ഥലം വാങ്ങിയതും തുടർന്ന് പള്ളി നിർമ്മിക്കുകയും അതിന്റെ വിശുദ്ധ കുർബാന അർപ്പിക്കാൻ ആരംഭിക്കുകയും ചെയ്തു.

1972ൽ പയ്യനാട് സെന്റ് മേരിസ് ദേവാലയത്തിലെ ആദ്യ വികാരിയായി ഫാ.മാത്യു മറ്റക്കോട്ടിൽ നിയമിതനായി ഈ കാലയളവിൽ അച്ഛൻ പള്ളിമുറി ഉണ്ടാക്കുകയും അതിൽ താമസം ആരംഭിക്കുകയും ചെയ്തു.

1980ൽ ഫാ.ജോൺ മണലിൽ വികാരിയായി വന്നു . അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പള്ളി വൈദ്യുതീകരിച്ചത്. അതുപോലെതന്നെ വേദപാഠ ഷെഡിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതും മണലിൽ അച്ഛന്റെ നേതൃത്വത്തിലാണ്. തുടർന്ന് പള്ളിക്കടുത്ത് സെമിത്തേരിക്ക് അനുവാദം ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

1985ൽ ഫാ.ജോർജ് കാശാങ്കുളം സി എം ഐ വികാരിയായി ചുമതലയേറ്റു. അച്ഛന്റെ കാലത്താണ് പള്ളിക്കെട്ടിടത്തിന്റെ നീളം കൂടുകയും പള്ളിയിലേക്ക് കയറാനുള്ള പ്രയാസം ഒഴിവാക്കാനായി നട കെട്ടുകയും ചെയ്തത്.

1990ൽ റവ:ഫാ.ജോസഫ് കോഴിക്കോട്ട് വികാരിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാലത്താണ് മഞ്ചേരി പള്ളിക്കായി സെമിത്തേരിക്ക് സ്ഥലം തിരിച്ചുകൊടുക്കുകയും പയ്യനാട്കാർക്കായി കല്ലറകൾ തീർക്കുകയും ചെയ്തു. ഇതേ കാലയളവിൽ തന്നെയാണ് ഇടവകയിൽ ബഹുമാനപ്പെട്ട എം എസ് എം ഐ സന്യാസി സമൂഹത്തിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തത്.

1995ൽ ഫാ.ജോസഫ് കാളക്കുഴി വികാരിയായി നിയമിതനാവുകയും ഇക്കാലയളവിൽ പുതിയൊരു പള്ളിമുറിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

1999 വന്ന ഫാ.ദേവസ്യ വലിയപറമ്പിൽ അച്ഛന്റെ കാലത്ത് പള്ളിമുറിയുടെ നിർമ്മാണം പൂർത്തീകരിച്ചു. അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പള്ളി പിതാവ് വെഞ്ചിരിപ്പ് ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു.

2002ൽ ഫാ.ജോസഫ് അടിപ്പുഴ വികാരിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാലയളവിൽ വേദപാഠ ഷെഡിന്റെ പിൻഭാഗത്തുള്ള 14 സെന്റ് സ്ഥലം വാങ്ങുകയും പള്ളിയുടെ അറ്റകുറ്റപ്പണികൾ ചെയ്യിപ്പിക്കുകയും ചെയ്തു.

2004ൽ ഫാ.അഗസ്റ്റിൻ പാറ്റാനിയിൽ പുതിയ വികാരിയായിനിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുതിയ ഒരു ദേവാലയത്തെക്കുറിച്ച് ചിന്തിക്കുകയും അതിന്റെ പ്രാരംഭമെന്നോണം ദേവാലയ നിർമ്മാണ പ്രാർത്ഥന ചൊല്ലാൻ തുടങ്ങുകയും ചെയ്തു. ഇക്കാലയളവിൽ തന്നെയാണ് പള്ളിമലയിൽ റബ്ബർ തൈ നട്ടതും റോഡിനോട് ചേർന്ന് മതിൽ നിർമ്മിച്ച് ഗേറ്റ് സ്ഥാപിച്ചതും ഗേറ്റിന് ഇരുവശവും ആയി മാതാവിന്റെയും യൗസേപ്പിതാവിന്റെയും രൂപങ്ങൾ സ്ഥാപിക്കുകയും ചെയ്തത്.

2008ൽ ഫാ.ജോസ് മണ്ണഞ്ചേരിയിൽ പുതിയ വികാരിയായി നിയമിതനായി പള്ളി നിർമ്മാണത്തിന്റെ ഉത്തരവാദിത്വവുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. പ്രാരംഭഘട്ടം എന്നോണം നിലവിൽ ഉണ്ടായിരുന്ന ദേവാലയം പൊളിച്ചു നീക്കുകയും തിരുകർമ്മങ്ങൾ താൽക്കാലികമായി സൺഡേ സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. 25- 03-2012 ന് അഭിവന്ദ്യ മാർ റെമിജിയോസ് പിതാവ് പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടത്തി, പിന്നീട് 2016 ഒക്ടോബറോടുകൂടി ദേവാലയ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആയി തീർന്നത്.2017 ഏപ്രിൽ 27ാം തീയതി അതിമനോഹരമായ പുതിയ ദേവാലയം കൂദാശ ചെയ്യപ്പെട്ടു.

2017ൽ ഫാ.ജോർജ് മുണ്ടക്കൽ പുതിയ വികാരിയായി നിയമിതനായി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ഗേറ്റ് മുതൽ പള്ളിമുറി വരെയുള്ള പാത ഇന്റർലോക്ക് പതിപ്പിച്ചത്.പള്ളിമലയിൽ പുതിയതായി 600 റബർ തൈകൾ നട്ടതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.

2020ൽ ഫാ.ജോസ് ചിറകണ്ടത്തിൽ പുതിയ വികാരിയായി നിയമിതനായി. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പള്ളി സെമിത്തേരിയുമായി ബന്ധപ്പെട്ട പണികൾ നടത്തുകയും പുതിയതായി 24 കല്ലറകൾ പണിയുകയും ചെയ്തു.

2022ൽ ഫാ.ഫ്രാൻസിസ് പുതിയേടത്ത് പുതിയ വികാരിയായി നിയമിതനായി. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പള്ളിയുടെ അക്കൗണ്ട്സും മറ്റു കാര്യങ്ങളും ഡിജിറ്റലൈസേഷൻ ചെയ്യുകയും ചെയ്തു. പയ്യനാട് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടന്നതും, പള്ളിയുടെ പെയിന്റിംഗ് നടത്തിയതും ,പള്ളിയിലേക്ക് പുതിയ ഒരു മണി സ്ഥാപിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ചെയ്തതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.

2024 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ഫാ.തോമസ് വട്ടോട്ട് തറപ്പേൽ ഇടവകയുടെ താൽക്കാലിക വികാരിയായി ചുമതലയേറ്റു.

2024 മെയ് മാസം ഫാ.സെബാസ്റ്റ്യൻ പനമറ്റംപറമ്പിൽ പുതിയ വികാരിയായി നിയമിതനായി.വികാരിയായി ചുമതലയേറ്റ ഉടനെ തന്നെ പള്ളിയിലേക്ക് പുതിയൊരു മണി വാങ്ങിക്കുകയും അത് സ്ഥാപിക്കുകയും ചെയ്തു. പള്ളിയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഇപ്പോൾ ചെയ്തുവരുന്നു.

ഇടവകയുടെ അഭിമാനമായ പള്ളിക്ക് ഏറെ പ്രാധാന്യം ഉണ്ടെങ്കിലും ഇടവകയുടെ ശക്തി ഈശോ കാണിച്ചുതന്നത് നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നതും ദൈവാനുഗ്രഹത്തിന്റെ ഉറവിടമായി നിൽക്കുന്നതുമായ സ്നേഹ കൂട്ടായ്മയാണ് പാപമോചനത്തിലൂടെ ദൈവവുമായി രമ്യത പെടുന്നതിനും ജീവിത ഭാരങ്ങൾ ഇറക്കിവെച്ച് ആശ്വാസം നേടുന്നതിനും ഈ ദേവാലയം കാരണമാകട്ടെ.