Progressing

Parish History

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കിഴക്കിന്റെ മയ്യഴി എന്നറിയപ്പെടുന്ന പശുക്കടവിൽ ആവിലാവിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ നാമത്തിലുള്ള ദേവാലയം സ്ഥിതി ചെയ്യുന്നു. 1965 ൽ കള്ളുവേലിൽ മൈക്കിൾ കുരുവിള ദാനമായി നൽകിയ എട്ട് ഏക്കർ സ്ഥലം അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി  പിതാവ് വന്നു കാണുകയും പള്ളിക്ക് അനുമതി നൽകുകയും ചെയ്തു. താൽക്കാലികമായി ഉണ്ടാക്കിയ ഓല ഷെഡിൽ 1965 നവംബർ 30ന് കുണ്ടുതോട് പള്ളി വികാരിയായിരുന്ന ഫാദർ ജോസഫ് അരഞ്ഞാണി ഒലിക്കൽ ആദ്യ ദിവ്യബലി അർപ്പിച്ചു. 1967 നവംബർ 27ന് കുണ്ടുതോട് ഇടവകയുടെ കീഴിലായിരുന്ന പശുക്കടവ് മരുതോങ്കര ഇടവകയുടെ കീഴിലാക്കി. 1968 ൽ പശുക്കടവ് ഇടവക ആവുകയും ആദ്യ വികാരിയായി മരുതങ്കര ഇടവകയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന ഫാദർ ജോസഫ് വീട്ടിയാക്കൽ ചാർജ് എടുക്കുകയും ചെയ്തു . അച്ചന്റെ നേതൃത്വത്തിൽ 6 മാസം കൊണ്ട് പള്ളിമുറി പണിതീർത്തു. 1964ൽ ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു ജോൺ തട്ടുങ്കൽ പ്രഥമ മാനേജരും തോമസ് തോട്ടുങ്കൽ സെക്രട്ടറിയുമായിരുന്നു. നാട്ടുകാരുടെയും കമ്മിറ്റിക്കാരുടെയും അഭ്യർത്ഥന അനുസരിച്ച് 1966ൽ സ്കൂളിന്റെ മാനേജ്മെന്റ് മരുതോങ്കര പള്ളി വികാരിയായിരുന്ന ഫാദർ തോമസ് കരിങ്ങാട്ടിൽ ഏറ്റെടുത്തു. ഇപ്പോൾ സ്കൂൾ ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നു. 1977 ൽ ബഹു. ജോസഫ് കോഴിക്കോട്ടച്ചൻ സ്കൂൾ നെല്ലിക്കുന്നിൽ നിന്നും പശുക്കടവിലേക്ക് മാറ്റി സ്ഥാപിച്ച് സ്ഥിരം കെട്ടിടം പണിതു. 1982 -83 ൽ ബഹു ജോർജ് താമരശ്ശേരി അച്ചന്റെ കാലത്ത് എൽ പി സ്കൂൾ യുപി സ്കൂളിലായി ഉയർത്തപ്പെട്ടു. 1989ൽ ബഹു. ഫ്രാൻസിസ് കള്ളികാട്ടിൽ അച്ചന്റെ കാലത്ത് പള്ളിമുറി പുതുക്കി പണിതു. 1994 ൽ ബഹുമാനപ്പെട്ട അച്ചന്റെ പരിശ്രമം മൂലം പശുക്കടവ് പ്രദേശo വൈദ്യുതികരിച്ചു.. 1986 ബഹു. പോൾ കളപ്പുര അച്ചന്റെ കാലത്ത് എസ്. എച്ച് കോൺവെന്റ്  സ്ഥാപിതമായി. 2001ൽ വികാരിയായ ബഹുമാനപ്പെട്ട ഫാദർ.ജോർജ് കറുമാലി അച്ചന്റെ കാലത്താണ്  ഇന്നത്തെ മനോഹരമായ ഈ ദേവാലയം നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ഇപ്പോൾ വികാരിയായി ഫാദർ. സെബാസ്റ്റ്യൻ പാറത്തോട്ടത്തിൽ അച്ചൻ ഇടവക ജനത്തെ ശക്തമായ രീതിയിൽ നയിച്ചു കൊണ്ടിരിക്കുന്നു.