Progressing

Parish History

ഹോളി ഫാമിലി ചര്‍ച്ച്‌

താമരശേരി രൂപതയിലെ ദേവാലയങ്ങളില്‍ പൗരാണികപ്രാധാന്യംകൊണ്ട് അഞ്ചാം സ്ഥാനത്താണ് പടത്തുകടവ് തിരുക്കുടുംബ ദേവാലയം. മലബാര്‍ കുടിയേറ്റം തുടങ്ങി ഏറെ വൈകാതെതന്നെ പടത്തുകടവ് പ്രദേശത്തേക്കും കുടിയേറ്റം നടന്നു. 1938-ല്‍ ഇവിടേക്ക് കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുകയും താമസം ആരംഭിക്കുകയും ചെയ്തു. പുരയിടത്തില്‍ തോമസ്, പുല്ലാട്ട് ജോസഫ് എന്നിവരായിരുന്നു ആദ്യം വന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടെ രൂപംകൊണ്ട ക്രൈസ്തവസമൂഹം തങ്ങളുടെ ക്രൈസ്തവ വിശ്വാസപൈതൃകം സംരക്ഷിക്കുന്നതിനും ദൈവാരാധന നടത്തുന്നതിനുമുള്ള സാഹചര്യങ്ങള്‍ ക്രമീകരിക്കുന്നതില്‍ ശ്രദ്ധിച്ചുതുടങ്ങി.

മലബാറിലെ കുടിയേറ്റക്കാരായ സുറിയാനി കത്തോലിക്കരുടെ ആധ്യാത്മിക, അജപാലന ശുശ്രൂഷകള്‍ക്ക് ആദ്യകാലത്ത് നേതൃത്വം നല്‍കിയത് കോഴിക്കോട് രൂപതയായിരുന്നു. പടത്തുകടവിന്റെ അയല്‍ദേശമായ മരുതോങ്കരയില്‍ 1932-ല്‍ ദേവാലയം സ്ഥാപിതമായി. 

കോഴിക്കോട് രൂപതാ വൈദികര്‍ സമയാസമയങ്ങളില്‍ ഇവിടെ വരികയും വിശുദ്ധ ബലിയര്‍പ്പിക്കുകയും ചെയ്തിരുന്നു. തദവസരങ്ങളില്‍, പടത്തുകടവില്‍ ദേവാലയം ഇല്ലാതിരുന്നതിനാല്‍ വിശ്വാസികളുടെ അഭ്യര്‍ത്ഥനമാനിച്ച് അവരുടെ ഭവനങ്ങളിലും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചിരുന്നു. 

1940-കളില്‍ കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ പടത്തുകടവില്‍ ദേവാലയം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രദേശത്തെ ആദ്യ താമസക്കാരായ പുരയിടത്തില്‍ തോമസ്, പുല്ലാട്ട് ജോസഫ് എന്നിവര്‍ ദേവാലയത്തിനായി നല്‍കിയ സ്ഥലത്ത് വിശ്വാസികള്‍ ചേര്‍ന്ന് താല്തക്കാലിക ഷെഡ് നിര്‍മിക്കുകയും തിരുക്കുടുംബത്തിന്റെ രൂപം സ്ഥാപിക്കുകയും ചെയ്തു. എല്ലാ ഞായറാഴ്ചകളിലും വിശ്വാസികള്‍ ഈ ഷെഡില്‍ സമ്മേളിക്കുകയും വൈദികരില്ലാതെതന്നെ സമൂഹപ്രാര്‍ത്ഥന നടത്തുകയും ചെയ്തുപോന്നു. 

1946-ല്‍ പടത്തുകടവിനെ ഇടവകയാക്കുകയും ഫാ. ജോസഫ് ചുങ്കത്തിനെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു. 1949-ല്‍ പടത്തുകടവ് സ്വതന്ത്ര ഇടവകയായി ഉയര്‍ത്തപ്പെടുകയും ഫാ. ജോസഫ് കിഴക്കെഭാഗത്തിനെ വികാരിയായി നിയമിക്കുകയും ചെയ്തു. 1953-ല്‍ തലശേരി രൂപത സ്ഥാപിതമായതോടെ ഇടവകയുടെ ഭരണച്ചുമതല സിഎംഐ സഭാ വൈദികരെ ഏല്‍പിച്ചു. തുടര്‍ന്ന് സിഎംഐ വൈദികരായ ഫാ. ബെര്‍ത്തലോമിയോ, ഫാ. എപ്പിഫാനോസ്, ഫാ. ഫൗസ്റ്റീന്‍, ഫാ. മനേത്തൂസ് എന്നിവര്‍ ഇടവകയില്‍ സേവനം ചെയ്തു. ഫാ. ജോസഫ് കുറ്റാരപ്പിള്ളി, ഫാ. ജോര്‍ജ് സ്രാമ്പിക്കല്‍, ഫാ. ജോസഫ് മാണിക്കത്താഴെ, ഫാ. ഫിലിപ് മുറിഞ്ഞകല്ലേല്‍, ഫാ. ജോണ്‍ കടുകന്‍മ്മാക്കല്‍, ഫാ. ജോണ്‍ കളരിപ്പറമ്പില്‍, മോണ്‍. ഫ്രാന്‍സിസ് ആറുപറയില്‍, ഫാ. ജോസഫ് അരഞ്ഞാണിപുത്തന്‍പുരയില്‍, ഫാ. മാത്യു പൊയ്യക്കര, ഫാ. ഫ്രാന്‍സിസ് കള്ളികാട്ട്, ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍, ഫാ. ജോസഫ് അരഞ്ഞാണിഓലിക്കല്‍, ഫാ. ജോസഫ് മഞ്ഞക്കഴക്കുന്നേല്‍, ഫാ. ജോണ്‍ മണലില്‍, ഫാ. തോമസ് കൊച്ചുപറമ്പില്‍, ഫാ. ബിജു ചെന്നിക്കര, ഫാ. ജോസഫ് വടക്കേല്‍ എന്നിവര്‍ ഇടവകയുടെ സാരഥ്യം കാലാകാലങ്ങളില്‍ ഏറ്റെടുത്തു.

ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കലാണ് ആണ് ഇപ്പോഴത്തെ വികാരി. 

1948 ജനുവരി 12-ന് മദ്രാസ് സര്‍ക്കാരിന്റെ അംഗീകാരമുള്ള ഹോളി ഫാമിലി എലിമെന്ററി സ്‌കൂള്‍ സ്ഥാപിതമായി. 1956-ല്‍ ഈ സ്‌കൂള്‍ യു.പി. സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1983-ല്‍ ഹോളി ഫാമിലി ഹൈസ്‌കൂളും 2014-ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സ്ഥാപിതമായി. 1973-ല്‍ മലയാളം നഴ്‌സറി സ്‌കൂള്‍ തുടങ്ങി. ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം എല്‍കെജിയും യുകെജിയും ഇവിടെ പ്രവര്‍ത്തിക്കുന്നു.നിലവിലെ ദേവാലയം പണികഴിപ്പിച്ചത് 1998 മുതല്‍ 2002 വരെ വികാരിയായിരുന്ന ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ടാണ്.

ഫാ. ജസ്റ്റിന്‍ കോയിപ്പുറം, ഫാ. ജോസഫ് പുല്ലാട്ട്, ഫാ. വര്‍ക്കി തെങ്ങനാകുന്നേല്‍, ഫാ. മാത്യു മണിയമ്പ്രായില്‍, ഫാ. ചെറിയാന്‍ ഒളവക്കുന്നേല്‍ എന്നീ ആറു വൈദികര്‍ പടത്തുകടവ് ഇടവകയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചവരാണ്. വിവിധ സന്യാസിനി സഭകളിലായി 25 സിസ്റ്റേഴ്‌സ് സേവനമനുഷ്ഠിക്കുന്നു.

ഇടവകയുടെ നേതൃത്വത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നത്. മറ്റു ആത്മീയ സംഘടനകള്‍ക്കൊപ്പം ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കരിസ്മാറ്റിക് പ്രാര്‍ത്ഥനാകൂട്ടായ്മ ഇടവകയുടെ വലിയ ശുശ്രൂഷകളിലൊന്നാണ്.