Progressing

Parish History

കോഴിക്കോട് ജില്ലയിൽ, മുക്കം പഞ്ചായത്തിൽപ്പെട്ട ഇടവകയാണ് മുക്കം. ഈ പ്രദേശത്തു താമസിച്ചിരുന്ന 18 ക്രിസ്തീയ കുടുംബങ്ങൾ ആദ്ധ്യാത്മിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി തേക്കുംകുറ്റി, വാലില്ലാപ്പുഴ, കല്ലുരുട്ടി എന്നീ ദൈവാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. 1979 നവംബർ 17 ന് തേക്കുംകുറ്റി  ഫത്തിമാ മാതാ പള്ളി വികാരി ഫാ. ജോസഫ്‌ പുതിയാകുന്നേലിന്റെ നേതൃത്വത്തിൽ മുക്കം ആസ്ഥാനമായി ഒരു ദൈവാലയം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജോസ് കാട്ടറാത്തു, തോമസ് തുരുത്തിമറ്റം, ജോസഫ്‌ കുടകശ്ശേരി, ജോസഫ്‌ കിഴുക്കരക്കാട്ട്, ജോർജ് മഠത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിമൂന്നര സെന്റ് സ്ഥലം മുക്കം ടൗണിൽ വാങ്ങി. 20,000 രൂപ സംഭാവന നൽകി ശ്രീമതി മേരി ഡിക്രൂസ് ഒരു കൊച്ചു ദൈവാലയം നിർമ്മിക്കാൻ സഹായിച്ചു.


1980 ഏപ്രിൽ 28 നു അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് ദേവാലയത്തിന്റെ കൂദാശ കർമ്മം നിർവഹിച്ചു. 1980 ജൂണിൽ സൺ‌ഡേസ്കൂൾ ആരംഭിച്ചു. ആ വർഷം തന്നെ സി.എം.സി സിസ്റ്റേഴ്സ് ഒരു നഴ്സറി സ്കൂളും ആരംഭിച്ചു. 1984 ൽ തേക്കുംകുറ്റി പള്ളി വികാരി ഫാ.ജോസഫ് കാപ്പിൽ മുക്കം പള്ളിയുടെയും ചുമതല ഏറ്റെടുത്തു. 1984ൽ സി.എം.സി. കോൺവെൻറ് സ്ഥാപിച്ചു. 1987ൽ വാലില്ലാപ്പുഴ പള്ളി വികാരി ഫാ.ആന്റണി കൊഴുവനാൽ മുക്കം ഇടവകയുടെയും ചുമതല നിർവഹിച്ചു. 1988 ൽ പള്ളിക്ക് വേണ്ടി 15 സെന്റ്‌ സ്ഥലം കൂടി വാങ്ങി.


ഫാ.ജോസഫ് കീലത്ത്, ഫാ.മാണി കണ്ടനാട്ട്, ഫാ.തോമസ് നാഗപറമ്പിൽ എന്നിവർ 1989 വരെയുള്ള കാലഘട്ടത്തിൽ ഇടവകയെ നയിച്ചു. 1989ൽ ഇടവകയെ പള്ളോട്ടയിൻ സന്യാസസമൂഹത്തെ ഏൽപ്പിച്ചു. ഫാ.ഡേവിസ് ഇടശ്ശേരി മുക്കം ഇടവകയുടെ ആദ്യ വികാരിയായി. 1989 ഡിസംബർ 10 നു എം.സ്.ജെ. കോൺവെൻറ് ആരംഭിച്ചു. 1991 മാർച്ച്‌ 21ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് പുതിയ ദേവാലയത്തിന് തറക്കല്ല് ഇടുകയും 1992 ഓഗസ്റ്റ്‌ 1 ന് അഭിവന്ദ്യ പിതാവ് ദേവാലയം ആശീർവദിച്ചു ദിവ്യബലി അർപ്പിക്കുകയും ചെയ്തു.


1993 ജൂൺ 12ന് ഫാ. പി. ഡി. ജോസഫ് ഇടവക വികാരിയായി ചാർജെടുത്തു. ഇടവകയെ യൂണിറ്റുകളായി തിരിച്ച് കുടുംബ കൂട്ടായ്മകൾക്കു അദ്ദേഹം രൂപം കൊടുത്തു. 1994 ഡിസംബർ 8ന് എം. എസ്. ജെ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ സ്ഥാപിതമായി. 1995 മാർച്ച്‌ 3ന് ഫാ. ജോസഫ് തറക്കുന്നേൽ വികാരിയായി. 1977 ൽ അഞ്ചു സെന്റ് സ്ഥലം കൂടി പള്ളിക്കു വാങ്ങി. 1996 മെയ്‌ 7 ന് പള്ളി ഓഡിറ്റോറിയം വെഞ്ചരിപ്പ് നടത്തി. 1997 ഒക്ടോബർ 25 ന് എഫ്. സി. സി കോൺവെൻറ് ആരംഭിച്ചു. 1999 ജൂലൈ 25 ന് ഫാ. ജോസഫ് പൂവക്കുളം വികാരിയായി സ്ഥാനമേറ്റു. 2000 ഏപ്രിൽ 20 ന് കല്ലുരുട്ടി സിമിത്തേരിയോട് ചേർന്ന് 25 സെന്റ് സ്ഥലം വാങ്ങി സിമിത്തേരി നിർമ്മാണം ആരംഭിച്ചു. 2002 ൽ ഫാ. സിബി വാഴയിൽ വികാരിയായി. തുടർന്ന് സൺ‌ഡേ സ്കൂളിന്റെ പണി ആരംഭിച്ചു. 2007 ൽ രൂപത വൈദികൻ ഫാ. തോമസ് ചക്കിട്ടമുറിയിൽ വികാരിയായി ചാർജെടുത്തു. തുടർന്ന് 2008 മെയ്‌ 4 ന് ഫാ. ബാബു ജോസഫ് ഇളംതുരുത്തിൽ വികാരിയായി. ബഹു. അച്ചന്റെ നേതൃത്വത്തിൽ ആത്മീയ പ്രവർത്തനങ്ങൾ ഇടവകയിൽ സജീവമായി.