Progressing
കോഴിക്കോട് ജില്ലയിൽ, കോടഞ്ചേരി പഞ്ചായത്തിൽ ഇരുവഴിഞ്ഞിപ്പുഴയുടെയും ചാലിയപ്പുഴയുടെയും മദ്ധ്യ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് നെല്ലിപ്പൊയിൽ, അദ്ധ്വാനശീലരും ദൈവവിശ്വാസികളുമായ ജനങ്ങൾ അധിവസിക്കുന്ന നെല്ലിപ്പൊയിൽ തികച്ചും ഒരു കാർഷിക മേഖലയാണ്. വൈവിധ്യമാർന്ന കാർഷിക വിളകളാൽ സമ്പന്നമാണ് ഈ പ്രദേശം. വ്യത്യസ്‌ത ക്രൈസ്‌തവ വിഭാഗങ്ങളുടെ സംഗമവേദിയായ ഈ പ്രദേശം മതമൈത്രിയുടെയും പരസ്‌പരസഹകരണത്തിന്റെയും വിളഭൂമിയാണ്. ഇത്രമാത്രം ക്രൈസ്‌തവ ആരാധനാലയങ്ങളുള്ള സ്ഥലം വേറെ ഇല്ലെന്നുതന്നെ പറയാം. ഹൃദയഹാരിയായ ഈ പ്രദേശത്ത് തലയെടുപ്പോടെനില്ക്കുന്ന മനോഹരമായ ഒരു ദൈവാലയമാണ് വി. സ്‌നാപകയോഹന്നാൻ്റെ നാമേധയത്തിലുള്ള മഞ്ഞുവയൽ കത്തോലിക്കപള്ളി.
കോടഞ്ചേരി പഞ്ചായത്തിൽ 4,5,6,7,8 വാർഡുകളിൽപ്പെട്ട ഈ ഇടവക, പുലിക്കയം മുതൽ കൂരോട്ടുപാറവരെയും ചെമ്പുകടവ് മുതൽ പുല്ലൂരാംപാറവരെയും വ്യാപിച്ചു കിടക്കുന്നു. കോടഞ്ചേരി, ചെമ്പുകടവ്, വലിയകൊല്ലി, പുല്ലൂരാംപാറ, ആനക്കാംപൊയിൽ എന്നീ ഇടവകകളുമായി മഞ്ഞുവയൽ ഇടവക അതിരുകൾ പങ്ക് വയ്ക്കുന്നു.
ലോകമഹായുദ്ധങ്ങളേൽപ്പിച്ച ആഗോള മാന്ദ്യവും തത്ജന്യ ക്ഷാമവും കഷ്‌ടതകളും മൂലം കിഴക്കൻ മലയോര പ്രദേശങ്ങളിൽ അതിജീവനത്തിനായി മുന്നിട്ടിറങ്ങിയവരിൽ മഹാഭൂരിപക്ഷം സുറിയാനി ക്രിസ്ത്യാനികളായിരുന്നു. കന്നിമണ്ണ് തേടി മലബാറിലേക്കുള്ള യാത്രയിൽ ഇവരെ വരവേറ്റത് വന്യമൃഗങ്ങളും മാരകരോഗങ്ങളുമായിരുന്നു. ഇല്ലായ്‌മയും വല്ലായ്‌മയും ഇവരുടെ കൂടപ്പിറപ്പായി. പട്ടിണിയും അകാലമൃത്യുവും നിത്യസംഭവങ്ങളായി ഈ പ്രതികൂല സാഹചര്യത്തിലും ഇവരെ പിടിച്ചു നിർത്തിയത് ഇസ്രായേൽ ജനത്തെ വാഗ്ദത്ത ഭൂമിയിലേക്ക് ആനയിച്ച ദൈവത്തിലുള്ള പ്രത്യാശ ഒന്നു മാത്രമായിരുന്നു.
ഈ പ്രദേശത്തിൻ്റെ ആദ്യകാല ജന്മി മണ്ണിടത്തിൽ രാമനുണ്ണിയായിരുന്നു. പിന്നീട് ഈ പ്രദേശം ഉണിക്കാട്ട് തങ്കം എന്ന ഗൗരിയമ്മയുടെ കൈവശത്തിലെത്തുകയും അവരിൽ നിന്ന് കൊയപ്പത്തൊടി അഹമ്മദ്‌കുട്ടി ഹാജി ഓടച്ചാർത്തിന് വാങ്ങുകയും ചെയ്‌തു. കൊയപ്പത്തൊടിയിൽ നിന്നാണ് ഭൂമി കൃഷിക്കാർ വിലയ്ക്ക് വാങ്ങിയത്.
കുടിയേറ്റക്കാരുടെ ശക്തി സ്രോതസ് എക്കാലത്തും ദൈവാലയങ്ങളും വൈദികനേതൃത്വവും ആയിരുന്നല്ലോ. കാടും മേടും പുഴയും കടന്ന് പുല്ലൂരാംപാറ, കോടഞ്ചേരി പള്ളികളിൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ പോവുക എന്നത് അക്കാലത്ത് അതീവ ദുഷ്‌ക്കരമായിരുന്നു. അതിനാൽ നെല്ലിപ്പൊയിൽ നിവാസികൾക്ക് സ്വന്തമായി ഒരു ദൈവാലയം ഉണ്ടാകേണ്ടത് ആവശ്യമായി വന്നു.
നെല്ലിപ്പൊയിൽ നിവാസികൾ പള്ളിയ്ക്കുവേണ്ടി ആദ്യം സ്ഥലം കണ്ടെത്തിയത് മഞ്ഞുവയൽ ഭാഗത്തായിരുന്നു. മഞ്ഞുവയലാകട്ടെ പുല്ലൂരാംപാറ പള്ളിയുടെ അധികാര പരിധിയിലും പള്ളിനിർമ്മാണത്തിന് ആദ്യപടിയായി പുളിയ്ക്കത്തടം പാപ്പച്ചനിൽ നിന്ന് സ്ഥലം വാങ്ങുകയും അവിടെ ഒരു ഷെഡ് നിർമ്മിക്കുകയും ചെയ്തു. പിന്നീട് ഏതാണ്ട് 3 വർഷത്തോളം തുടർച്ചയായി ഷെഡ്ഡിലേയ്ക്ക് പന്തൽ പ്രദക്ഷിണം നടത്തുകയും ചെയ്തിരുന്നു.
ഈ കാലയളവിൽ പുല്ലൂരാംപാറ പള്ളി പണിയാരംഭിച്ചതിനാൽ പള്ളി അധികാരികൾക്ക് മഞ്ഞുവയലിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സാധിച്ചില്ല. തന്മൂലം വിശ്വാസികൾ കോടഞ്ചേരി പള്ളിയിലെ വികാരിയായിരുന്ന ബഹു. ജോർജ് പുന്നക്കാട്ടച്ചനെ സമീപിക്കുകയും നെല്ലിപ്പൊയിലിൽ ദൈവാലയത്തിന്റെ ആവശ്യകതയെക്കുറച്ച് സംസാരിക്കുകയും ചെയ്തു.
ബഹു. പുന്നക്കാട്ടച്ചൻ നെല്ലിപ്പൊയിൽ സന്ദർശിക്കുകയും കാര്യങ്ങൾ ബോദ്ധ്യപ്പെടുകയും ഈ വിഷയം കോടഞ്ചേരി പള്ളി പൊതുയോഗത്തിൽ അവതരിപ്പിക്കുക ചെയ്തു. പള്ളിക്കുവേണ്ടി പുതുതായി സ്ഥലം കണ്ടെത്തിയത് കോടഞ്ചേരി ഇടവകയുടെ പരിധിയിലുള്ള നെല്ലിപ്പൊയിൽ പ്രദേശത്താണ്. പള്ളിയുടെ സ്ഥാനം മഞ്ഞുവയലിൽ നിന്ന് നെല്ലിപ്പൊയിലിലേക്ക് മാറ്റിയെങ്കിലും മഞ്ഞുവയൽ പള്ളി എന്നു തന്നെ വിളിച്ചുപോന്നു. നാല് വ്യക്തി കളിൽ നിന്നായി 6 ഏക്കർ സ്ഥലമാണ് ദൈവാലയ നിർമ്മിതിക്കായി വാങ്ങിയത്. അതിൽ 1 ഏക്കർ സ്ഥലം മണ്ണൂർ ഉലഹന്നാനിൽ നിന്ന് സംഭാവനയായി ലഭിച്ചു. ഈ സ്ഥലം തന്നതിൽ 3 മുസ്ലീം സഹോദരന്മാരും ഉൾപ്പെടുന്നു.
1962 ൽ ഇപ്പോൾ വിമലാ യൂ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് ഒരു ഷെഡ് നിർമ്മിച്ച് അതിൽ ദിവ്യബലി അർപ്പിച്ചാണ് ആദ്യ തുടക്കം. 1963 ജൂലൈ 3-ാം തീയതി കുരിശുപള്ളി മാത്രമായിരുന്ന മഞ്ഞുവയൽ പള്ളിയെ ഇടവകയായി ഉയർത്തിക്കൊണ്ട് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് കല്പന പുറപ്പെടുവിച്ചു. ഇടവകയായി ഉയർത്തിയെങ്കിലും സ്ഥിരം വികാരി ഇല്ലാതിരുന്നതിനാൽ രണ്ട് വർഷത്തോളം കോടഞ്ചേരി പള്ളിയിൽ നിന്നും ബഹു. വൈദികർ ഇവിടെ വന്ന് ദിവ്യബലി അർപ്പിച്ചിരുന്നു.
1965 മെയ് മാസത്തിൽ മഞ്ഞുവയൽ ഇടവകയുടെ പ്രഥമ വികാ രിയായി ബഹു. തോമസ് കൊച്ചു പറമ്പിലച്ചൻ നിയമിതനായി. ഭരണ സൗകര്യത്തിനായി മഞ്ഞുവയൽ, നെല്ലിപ്പൊയിൽ, കാട്ടിപ്പൊയിൽ, അടിമണ്ണ്, പുലിക്കയം, മുരിക്കുംചാൽ, കുരങ്ങൻപാറ എന്നിങ്ങനെ ഏഴ് വാർഡുകളായി ഇടവകയെ തിരിക്കുകയും തന്നാണ്ട് കൈക്കാരന്മാരായി കുന്നേൽ ആഗസ്‌തി ദേവസ്യായെയും കരിനാട്ട് മത്തായിയെയും തെരഞ്ഞെടുക്കുകയും ചെയ്തു. ഇടവകയുടെ വളർച്ചയ്ക്കനുസരിച്ച് പുതുതായി 9 വാർഡു, കൾ ഉൾപ്പെടുത്തി. അതിൽ ഉൾപ്പെട്ടിരുന്ന ചെമ്പുകടവ്, ജീരകപ്പാറ എന്നീ വാർഡുകൾ പുതുതായി രൂപപ്പെട്ട ചെമ്പുകടവ് ഇടവകയുടെ ഭാഗമായി തീർന്നു.
1973 ൽ എസ്.എ.ബി.എസ്. കോൺവെന്റ്റ് സ്ഥാപിതമായി. മഞ്ഞുമല കുരിശുപള്ളി 2008 ൽ ഇടവകയായി.കൂരോട്ടുപാറ, മുണ്ടൂർ, കാട്ടിപ്പൊയിൽ എന്നീ ഭാഗത്തുള്ള 100 ലേറെ കുടുംബങ്ങളുടെ ആത്മീയ ശുശ്രൂഷയെ ഉദ്ദേശിച്ച് ഒരു ദൈവാലയം പണിയാൻ 2009 ൽ 3 ഏക്കർ 15 സെൻ്റ് സ്ഥലം വാങ്ങി. കൂരോട്ടുപാറ ഇടവകയായി.
ഫാ. തോമസ് കൊച്ചുപറമ്പിൽ (1965 - 1970)
ഫാ. ജോസഫ് കാളക്കുഴി (1970 -1972)
ഫാ. കുര്യാക്കോസ് കവളക്കാട്ട് (1972-1973)
ഫാ. മാത്യു തെക്കുഞ്ചേരിക്കു ന്നേൽ (1973-1980)
ഫാ. ജോർജ് കഴിക്കച്ചാലിൽ (1980 -1983)
ഫാ. അഗസ്റ്റിൻ കിഴുക്കാരക്കാട്ട് (1983-1984)
ഫാ. എഫ്രേം പൊട്ടനാനിയ്ക്കൽ (1984-1988)
ഫാ. പോൾ പുത്തൻപുര (1988-1992)
ഫാ. സെബാസ്റ്റ്യൻ ഇളംതുരുത്തിൽ (1992-1997)
ഫാ. മാത്യു പുളിമൂട്ടിൽ (1997-2001)
ഫാ. ജോസഫ് അരഞ്ഞാണിയോലിക്കൽ (2001-2005)
ഫാ. ജോസഫ് മണ്ണഞ്ചേരി (2005-2008)
ഫാ. ജെയിംസ് വാമറ്റത്തിൽ (2008-)
ഫാ. മാത്യു നിരപ്പേൽ
ഫാ. ജോൺസൺ നന്തളത്ത്
ഫാ. കുര്യാക്കോസ് മുഖാലയിൽ
ഫാ. ജോർജ് വരിക്കാശ്ശേരിൽ
ഫാ. അഗസ്റ്റിൻ പാലത്തുംതലക്കൽ
ഫാ. ജോസഫ് കളത്തിൽ