Progressing

Parish History

സെൻറ് തോമസ് ഫൊറോന ദേവാലയം

         മലപ്പുറം ജില്ല ആസ്ഥാനത്ത് ജോലി ആവശ്യാർത്ഥം തിരുവിതാംകൂറിൽ നിന്നും സംസ്ഥാനത്തിൻ്റെ ഇതര ഭാഗങ്ങളിൽ നിന്നും വന്ന് താമസമാക്കിയിരുന്ന സീറോ മലബാർ സഭയിൽ പെട്ട കുടുംബങ്ങൾ തങ്ങളുടെ ആധ്യാത്മിക ആവശ്യങ്ങൾക്ക് ടൗണിലുള്ള ലത്തീൻ ദേവാലയത്തെയായിരുന്നു കാലങ്ങളായി ആശ്രയിച്ചിരുന്നത്. ജില്ലാ ആസ്ഥാനത്ത് സീറോമലബാർ സഭക്ക് ഒരു ദേവാലയം ആരംഭിക്കാനുള്ള പ്രാരംഭശ്രമങ്ങൾ 2002 വർഷത്തിൽ ആരംഭിച്ചിരുന്നു വെങ്കിലും 2004 ഫിബ്രവരി 1 ന് കൊണ്ടോട്ടി ഇടവക വികാരിയായിരുന്ന ഫാ. ജയിംസ് പുൽത്തകിടിയേൽ അച്ചൻ ഇക്കാര്യത്തിനായി നിയമിതനായതോടുകൂടി ഇതിനുള്ള പ്രവർത്തനം സജീവമായി.

2004 ജൂലൈ 4 ന് മലപ്പുറം മുൻസിപ്പൽ ബസ്റ്റാൻറ് ഓഡിറ്റോറിയത്തിൽ അന്നത്തെ ബിഷപ്പായിരുന്ന മാർ പോൾ ചിറ്റിലപ്പള്ളി പിതാവിൻ്റെ അധ്യക്ഷതയിൽ മലപ്പുറത്തെ സീറോ മലബാർ വിശ്വാസികളുടെ യോഗം ചേർന്നു. താമരശ്ശേരി രൂപതാകേന്ദ്രത്തിൽ നിന്നും പണം മുടക്കി മുൻസിപ്പൽ ബസ്റ്റാൻ്റിന് സമീപം ലത്തീൻ ദേവാലയ സെമിത്തേരിയോട് ചേർന്നുള്ള 70 സെൻ്റ് സ്ഥലം വാങ്ങി. അതിനോട് ചേർന്നുള്ള 75 സെൻ്റ് സ്ഥലം മഠം നിർമ്മിക്കാനായി ആരാധന സന്യാസിനി സമൂഹവും വാങ്ങി. 2004 നവംബർ 14 ന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വിശുദ്ധ തോമാസ്ലീഹയുടെ നാമധേയത്തിൽ ദേവാലയവും, വൈദിക ഭവനവും നിർമ്മിക്കാൻ തീരുമാനിച്ചു. അഭിവന്യ മാർ പോൾ ചിറ്റിലപ്പള്ളി പിതാവ് 2004 ഡിസംബർ 14 ന് താല്കാലിക ദേവാലയത്തിൻ്റെ ശിലാസ്ഥാപനം നടത്തി. ദേവാലയ നിർമ്മാണത്തിനായി തുക വിശ്വാസികളിൽ നിന്ന് സംഭാവനയായും പരസ്പര സഹായ നിധികൾ വഴിയും സ്വരൂപിക്കാനും ദൈനംദിന ചിലവുകൾക്ക് വരിസംഖ്യ പിരിക്കുവാനും ആരംഭിച്ചു. 2005 ഏപ്രിൽ 3 ന് അഭിവന്യ പോൾ ചിറ്റിലപ്പള്ളി പിതാവ് ദേവാലയത്തിൻ്റെ കൂദാശകർമ്മം നിർവ്വഹിച്ചു.

2005 മെയ് 15 ന് മലപ്പുറം സെൻ്റ് തോമസ് ഇടവക സ്ഥാപിതമായപ്പോൾ ബഹു. ജെയിംസ് പുൽത്തകിടിയേൽ അച്ചനെ പ്രഥമവികാരിയായി നിയമിച്ചു. 2006 മെയ് 14 ന് ബഹു. ജോർജ് തോട്ടക്കരയച്ചനേയും 2007 ജനുവരി 21 ന് ബഹു . സെ ബാസ്റ്റ്യൻ പുളിക്കലച്ചനേയും വികാരിയായി നിയമിച്ചു.

        2010 വർഷത്തിൽ മരിയാപുരം ഫൊറോനയെ വിഭജിച്ച് മലപ്പുറം മേഖലയായും തുടർന്ന് 2012-ൽ മലപ്പുറം ആസ്ഥാനമായി പുതിയ ഫൊറോനയും നിലവിൽ വന്നു.

2010 മെയ് മാസത്തിൽ പുതിയ ദേവാലയം നിർമ്മിക്കുന്നതിനായി ഫാ. സ്റ്റീഫൻ ജയരാജ് O.F.M Cap നിയമിതനായെങ്കിലും പലവിധ കാരണങ്ങളാൽ പുതിയ ദേവാലയ നിർമ്മാണം സാധ്യമായില്ല. തുടർന്ന് 2011 ൽ ഫാ. തോമസ് കൊച്ചു പറമ്പിൽ അച്ചനു 2012-ൽ ഫാ. എഫ്രേം പൊട്ടനാനിക്കൽ അച്ചനും 2014- ൽ ഫാ. മാത്യു കണ്ടശ്ശാംകുന്നേൽ അച്ചനും വികാരിമാരായി നിയമിതരായി. 2017 മെയ് മുതൽ 2023 മെയ് വരെ വികാരിയായിരുന്ന ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ അച്ചൻ്റെ നേതൃത്വത്തിൽ നഗരമധ്യത്തിൽ ദേവാലയ നിർമ്മാണത്തിനായി പുതുതായി സ്ഥലം വാങ്ങാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല. 2023 ജനുവരിയിൽ നിലവിലുള്ള ദേവാലയത്തിൻ്റെ പുറംഭാഗം മോടിപിടിപ്പിക്കുകയും തുടർന്ന് 2023 മെയ് മാസം ചാർജ് എടുത്ത നിലവിലെ വികാരി ഫാ. മാത്യു നിരപ്പേൽ, ദേവാലയത്തിൻ്റെ

ഉൾഭാഗം മോടിപിടിപ്പിക്കുകയും ചെയ്തു.

മലപ്പുറം ഇടവകയിലെ അജപാലന ശുശ്രൂഷയിൽ സഹായിക്കാൻ 2005-ൽ ആരാധനാ സന്യാസിനി സമൂഹത്തിൻ്റെ ഒരു മഠം കോട്ടപ്പടിയിലെ ഒരു വാടക വീട്ടിൽ ആരംഭിച്ചു. തുടർന്ന് മഠത്തിനായി വാങ്ങിയ സ്ഥലത്ത് SABS മഠവും, സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളും നിർമ്മിക്കുകയും ആയത് 26.5.2008 ന് അഭിവന്ദ്യ പോൾ ചിറ്റിലപ്പള്ളി പിതാവ് വെഞ്ചരിപ്പ് കർമ്മം നടത്തുകയും ചെയ്തു. നിലവിൽ കോൺവെൻ്റിൽ 3 സിസ്റ്റേഴ്സും സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 7 വരെ ക്ലാസ്സുകളും നടക്കുന്നുണ്ട്.

2004-ൽ സ്ഥാപിതമായ ഈ ദേവാലയത്തിന് ദൈവാനുഗ്രഹങ്ങളും നേട്ടങ്ങളും ധാരാളമായി ഉണ്ടെങ്കിലും മതിയായ വാഹനസൗകര്യം ഉള്ള സ്ഥലത്ത് നല്ലൊരു പുതിയ ദേവാലയം എന്ന സ്വപ്നം ഇപ്പോഴും സാക്ഷാത്കാരമാകാതെ കിടക്കുന്നു.