Progressing
കോഴിക്കോട് ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ കൂരാച്ചുണ്ടില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത് 1947 ജൂലൈ 3 ന് ഫാ. തോമസ് ആയല്ലൂര്‍ ആണ്. 1948 ഏപ്രില്‍ 5 ന് എലിമെന്ററി സ്കൂള്‍ ആരംഭിച്ചു. ഇപ്പോഴത്തെ പള്ളി പണി കഴിപ്പിച്ചത് മോണ്‍. തോമസ് മൂലക്കുന്നേലാണ്. 1969 മാര്‍ച്ച് 25 ന് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവ് പള്ളി കൂദാശ ചെയ്തു. 1973ല്‍ ഫാ. ജോര്‍ജ് നരിപ്പാറയുടെ പരിശ്രമഫലമായി കൂരാച്ചുണ്ടില്‍ വൈദ്യുതി ലഭിച്ചു, ആശുപത്രിയും സ്ഥാപിതമായി. 1978ല്‍ ഫാ. ജോസഫ് മാമ്പുഴയുടെ പരിശ്രമഫലമായി ഹൈസ്‌കൂള്‍ അനുവദിക്കുകയും അതിനുവേണ്ടി കെട്ടിടം പണിയിക്കുകയും ചെയ്തു. 1982ല്‍ ഫാ. ജോര്‍ജ് തെക്കുഞ്ചേരിയിൽ ഇപ്പോഴുള്ള പള്ളിമേട പണിയിച്ചു. 1984 ൽ യു.പി. സ്കൂളിന് 5 ക്ലാസ് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം പണിയിച്ചു. പള്ളിയുടെ മുന്‍വശത്തുള്ള ഗ്യാലറികള്‍ പണിയിച്ചത് ഫാ. ജോര്‍ജ് തടത്തിലിന്റെ കാലത്താണ്. പതിയില്‍ തോമസ് സൗജന്യമായി നല്‍കിയ സ്ഥലത്ത് 1990ല്‍ വി. യൂദാതദേവൂസിന്റെ നാമത്തില്‍ ചാപ്പല്‍ പണിയിച്ചത്. പള്ളിപ്പറമ്പ് കയ്യാലകള്‍ വച്ച് നവീകരിച്ചത് ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റമാണ്.
ഫാ. ജോര്‍ജ് കഴിക്കച്ചാലില്‍ വികാരിയായിരുന്നപ്പോള്‍ 1996-1997 ല്‍, ഇടവകയുടെ സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുകയും, പാരീഷ് ഹാളിന് സ്ഥലം വാങ്ങുകയും സിമിത്തേരി പുനരുദ്ധരിക്കുകയും ചെയ്തു. 2003ല്‍ പാരീഷ് ഹാൾ പണിയിക്കുകയും പതിയില്‍ ചാപ്പല്‍ പൊളിച്ച് കപ്പേളപ്പളളിയായി പുതുക്കിപ്പണിയുകയും ചെയ്തത് പിന്നീട് വികാരിയായി വന്ന ഫാ. തോമസ് വട്ടോട്ടുതറപ്പേലാണ്. 2006ല്‍ വികാരിയായ ബഹു. മാത്യൂ പുള്ളോലിക്കലാണ് പള്ളിയുടെ സീലിംഗ് ഇട്ടതും മദ്ബഹ നവികരിച്ചതും ഷോപ്പിംഗ് കോംപ്ലെക്സ്, സ്റ്റേജ്, മാതാവിന്റെ ഗ്രോട്ടോ എന്നിവ നിര്‍മ്മിച്ചതും യു.പി. സ്കൂളിനായി മുന്നു നില സ്‌കൂള്‍ കെട്ടിടത്തിന്റെ പണിക്ക് തുടക്കമിട്ടതും. 2009 മെയ് 17ന് വികാരിയായി ചുമതലയേറ്റ ഫാ. അബ്രാഹം വയലില്‍ സ്‌കൂളിന്റെ പണി പൂര്‍ത്തികരിച്ചു. ഡിസംബര്‍ 26 മുതല്‍ 29 വരെയുള്ള നാലു ദിവസങ്ങളിലായി ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ പ്രധാന തിരുന്നാള്‍ ആഘോഷിക്കുന്നു.
1959 ഒക്ടോബർ 17ന് തിരുഹൃദയ മഠം കൂരാച്ചുണ്ടില്‍ ആരംഭിച്ചു. 2009 ജനുവരി 7ന് തിരുഹൃദയ സന്യാസസമൂഹം കോഴിക്കോട് പ്രോവിന്‍സിന്റെ മേൽനോട്ടത്തിൽ സെന്റ് ജോസഫ്‌സ് ഹോം എന്ന പേരില്‍ വൃദ്ധസദനം ആരംഭിച്ചു.
ആത്മീയ നവികരണരംഗത്ത് ഒട്ടേറെ അല്മായ ച്രേക്ഷിതരെ ഈ ഇടവക സഭയ്ക്ക് നല്‍കിയിട്ടുണ്ട്. ഭക്തസംഘടനകളും സാന്ത്വനം പെയ്‌ൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയും സജീവമായി പ്രവര്‍ത്തിക്കുന്നു.