Progressing

Parish History

ലിറ്റിൽ ഫ്ലവർ ദേവാലയം

കൊയിലാണ്ടി താലൂക്കിൽപ്പെട്ട അത്തോളി, കുന്ന ത്തറ പ്രദേശത്ത് 1945 ൽ ആദ്യ കുടിയേറ്റം ആരംഭിച്ചു. ഏകദേശം 15 കുടുംബങ്ങൾ ഇവിടെ കുടിയേറി പാർത്തു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി പ്രദേശത്തുനിന്നുള്ളവരായിരുന്നു ആദ്യകുടിയേറ്റക്കാർ. യാത്രാസൗകര്യമില്ലാത്ത ഈ പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയം എലത്തൂർ നിന്നുള്ള ബോട്ടുസർവ്വീസായിരുന്നു. അല്ലെങ്കിൽ കൊയിലാ ണ്ടി, പൂക്കാട്ട്, ഉള്ളിയേരി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കാൽനടയാത്ര.


ഒരു ആരാധനാലയം നിർമ്മിക്കുന്നതിനുവേണ്ടി എല്ലാവരുടെയും സഹകരണത്തോടെ കുന്നത്തറ ഭാഗത്ത് പുഴയോട് ചേർന്ന് നാലര ഏക്കർ സ്ഥലം വാങ്ങിച്ചു. ഈ പ്രദേശത്ത് കുടിയേറിപ്പാർത്ത ക്രിസ്ത്യാനികളുടെ ആത്മീയ കാര്യങ്ങൾ നിറവേറ്റാൻ വേണ്ട സഹായം ചെയ്‌തുതരണമെന്ന് 1948 മെയ് 29 ന് കോഴിക്കോട് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് അൾദോ മരിയ പത്രോണി പിതാവിനോട് അപേക്ഷിച്ചു. 1948 ആഗസ്റ്റ് 28 ന് അഭിവന്ദ്യ പത്രോണി പിതാവ്, പള്ളിയ്ക്കുവേണ്ടി വാങ്ങിയ സ്ഥലം സന്ദർശിക്കുകയും പള്ളി പണിയാനുള്ള അനുവാദം നല്കുകയും ചെയ്തു. ജനങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറ വേറ്റിക്കൊടുക്കുവാൻ വെസ്റ്റ്ഹിൽ പള്ളി വികാരിയെ ചുമതലപ്പെടുത്തി. പള്ളി പണി പൂർത്തിയാകുന്നതുവരെ മാസത്തിൽ രണ്ടു ഞായറാഴ്‌ച, സൗകര്യമുള്ള ഏതെങ്കിലും വീടുകളിൽ ബഹു. വൈദികർ വി. കുർബാന അർപ്പിച്ചിരുന്നു. പള്ളി വക സ്ഥലത്ത് നിർമ്മിച്ച ദൈവാലയത്തിൽ 1950 മാർച്ച് 26 ന് വെസ്റ്റ് ഹിൽ പള്ളി വികാരിയായിരുന്ന ഇറ്റലിക്കാരൻ ഫാ. ബാൻഫി എസ്.ജെ ആദ്യത്തെ ദിവ്യബലിയർപ്പിച്ചു. സെന്റ് മേരീസ് ചർച്ച് കുന്നത്തറ എന്ന പേരിലാണ് ഈ പള്ളി അറിയപ്പെട്ടിരുന്നത്.


തലശ്ശേരി രൂപത നിലവിൽ വന്നതോടെ കോഴിക്കോട് രൂപതയിൽ നിന്നുള്ള ബഹു. അച്ചന്മാർ വി. കുർബാനയർപ്പിക്കുവാൻ വരാതെയായി. ഏകദേശം 3 വർഷത്തേയ്ക്ക് തിരുക്കർമ്മങ്ങൾ നടത്തിയിരുന്നില്ല. തിരുക്കർമ്മങ്ങൾ മുടക്കം കൂടാതെ നടത്തുവാൻ ആവശ്യമായ ക്രമീകരണം ചെയ്തുതരണമെന്ന് അപേക്ഷിച്ചുകൊണ്ട് പള്ളിക്കമ്മറ്റിക്കാർ തലശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിനെ സന്ദർശിച്ചു. വിശ്വാസികളുടെ താത്പര്യം പരിഗണിച്ച് അഭിവന്ദ്യപിതാവ് കുന്നത്തറ സെന്റ് മേരീസ് പള്ളിയെ കോഴിക്കോട് അമലാപുരി പള്ളിയുടെ കുരിശു പള്ളിയായി അംഗീകരിച്ചു. തിരുക്കർമ്മങ്ങൾ നടത്താൻ വികാരിയെ ചുമതലപ്പെടുത്തി.


വിശ്വാസികളുടെ യാത്രാസൗകര്യവും മറ്റും പരിഗണിച്ച് ഉള്ളിയേരി- കോഴിക്കോട് റോഡിൽ, ഉള്ളിയേരിയിൽ നിന്ന് സുമാർ 3 കിലോമീറ്റർ തെക്ക് മാറി കൂമുള്ളി എന്ന സ്ഥലത്ത് വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ ഒരു പള്ളി പണിയുവാൻ ഫാ. ജോസഫ് മറ്റത്തിൽ സി.എം.ഐ യുടെ നേതൃത്വത്തിൽ തീരുമാനിച്ചു. 1987 മെയ് 23 ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് പള്ളിയുടെ ആശീർവ്വാദകർമ്മം നിർവ്വഹിച്ചു. ലിറ്റിൽ ഫ്ളവർ ചർച്ച് കൂമുള്ളി എന്ന പേരിൽ ഇതിനെ ഒരു സ്വതന്ത്ര ഇടവകയായി അംഗീകരിച്ചു. നിലവിലുണ്ടായിരുന്ന കുന്നത്തറ സെന്റ് മേരീസ് പള്ളി സിമിത്തേരി ചാപ്പലായി നിലനിർത്തി. കൂമുള്ളി ഇടവകയിൽ ഇപ്പോൾ 52 വീട്ടുകാരുണ്ട്.