Progressing

Parish History

സെൻറ് മേരീസ് ചർച്ച് കൂമൻകുളം

കോഴിക്കോട്‌-പാലക്കാട്‌ ജില്ലകളുടെ ഭാഗവും മലബാറിലെ പിന്നോക്ക പ്രദേശവുമായ ഏറനാട്‌, വള്ളുവനാട്‌ പ്രദേശങ്ങള്‍ അത്രയൊന്നും ഫലഭൂയിഷ്ഠമോ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതോ ആയിരുന്നില്ല.1963 കാലഘട്ടത്തില്‍ പുന്നമുട്ടില്‍ ചാക്കോയും കുടുംബവും തുടര്‍ന്ന്‌ വെള്ളുകുന്നേല്‍ കുടുംബക്കാരും പുളിക്കല്‍ സഹോദരന്മാരും മങ്കുഴി ഭാഗത്ത്‌ സ്ഥലം വാങ്ങി. കൂമംകുളം ഭാഗത്ത്‌ തുലാപ്പിള്ളില്‍, ഇലവുമ്മുട്ടില്‍, പട്ടരുകണ്ടത്തില്‍ എന്നീ കുടുംബങ്ങളും സ്ഥലംവാങ്ങി താമസവും കൃഷിയും ആരംഭിച്ചു. അതോടെ ചങ്ങനാശേരി അതിരുപതയില്‍പ്പെട്ട കുറുമ്പനാടം,കൂത്രപ്പള്ളി, തോട്ടയ്ക്കാട്‌, മാമ്മൂട്‌, നെടുങ്കുന്നം എന്നിവിടങ്ങളില്‍ നിന്നായി പല വീട്ടുകാരും ഇവിടെ എത്തിച്ചേര്‍ന്നു.

ആദ്യകാല കുടിയേറ്റക്കാരുടെ ദാരുണമായ സാഹചര്യങ്ങള്‍ ഇവിടെ വന്നവര്‍ക്ക്‌ അധികമൊന്നും അനുഭവിക്കേണ്ടിവന്നില്ല. ഇവിടെയുള്ളവര്‍ക്ക്‌ ആദ്യകാലങ്ങളില്‍ ആത്മീയ ആവശ്യങ്ങള്‍ക്ക്‌ മഞ്ചേരി ലത്തീന്‍ പള്ളിയും തൃക്കലങ്കോട്ടുള്ള കുരിശുപള്ളിയുമായിരുന്നു ആശ്രയം. പരിമിതമായ സൗകര്യങ്ങളെ അവിടെ ഉണ്ടായിരുന്നുള്ളൂ. മലപ്പുറം ജില്ലയുടെ രൂപീകരണത്തോടെ ബിസിനസ്സ്‌, ജോലി, കൃഷി തുടങ്ങിയ മേഖലകളിലായി കൂടുതല്‍ കുടുംബങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നു. 1963 ല്‍ പയ്യനാട്‌ ക്രേന്ദ്രമായി ഒരു പള്ളിക്ക്‌ തുടക്കമായി. നിലമ്പൂര്‍ പള്ളിയുടെ കുരിശുപള്ളി എന്ന നിലയ്ക്ക്‌ ഞായറാഴ്ചകളില്‍ കുര്‍ബാനയും മറ്റ്‌ അത്യാവശ്യ ശുശ്രൂഷകളും അവിടെ നടത്തിയിരുന്നു.


1972 ല്‍ പയ്യനാട്‌ കുരിശുപള്ളി ഒരു ഇടവകയായി ഉയര്‍ത്തപ്പെടുകയും ഫാ.മാത്യു മറ്റക്കോട്ടില്‍ വികാരിയായി ചുമതല ഏറ്റെടുക്കുകയും ചെയ്തു. കൂമംകുളം പ്രദേശത്തുള്ള ക്രൈസ്തവ കുടുംബങ്ങള്‍ പയ്യനാട്‌ ഇടവകയുടെ കീഴിലായെങ്കിലും ദുരവും യാത്രാ സൌകര്യമില്ലായ്മയും തിരുക്കര്‍മ്മങ്ങളില്‍ മുടങ്ങാതെപങ്കെടുക്കാനും ആത്മീയാവശ്യങ്ങള്‍ മുടക്കംകൂടാതെ നിര്‍വ്വഹിക്കാനും തടസ്സമായിരുന്നു. കൂട്ടികളുടെ വിശ്വാസപരിശീലനവും വി. കുര്‍ബാനയിലുള്ള പങ്കുചേരലും പരിമിതമായിരുന്നു. കുമംകുളം ക്രേന്ദമായി പള്ളിയ്ക്കു വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. മുപ്പതോളം കുടുംബങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു ഭവനങ്ങളില്‍ ഒരുമിച്ചുചേര്‍ന്ന്‌ പ്രാര്‍ത്ഥിക്കുകയും ആവശ്യങ്ങള്‍ അവതരിപ്പിക്കുകയും സഹായങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. 1974-1975 കാലഘട്ടത്തില്‍ പയ്യനാട്‌ വികാരിയായിരുന്ന ഫാ.മാത്യു. മറ്റക്കോട്ടിലിന്റെ നേതൃത്വത്തില്‍ പള്ളിക്കുവേണ്ടിയുളള ശ്രമങ്ങള്‍ ഈര്‍ജിതമാക്കി. ഇപ്പോഴത്തെ പള്ളിസ്ഥലം കൊക്കാവയലില്‍ ജോസഫിന്റെ പക്കല്‍ നിന്നു വിലയ്ക്കു വാങ്ങിയതാണ്‌. കുടുംബകൂട്ടായ്മയിലൂടെ സ്വരുപിച്ചതും ഇടവകക്കാര്‍ പൊതുവായി നല്‍കിയതുമായ തുക സ്ഥലം വാങ്ങാന്‍ മതിയാകുമായിരുന്നില്ല. തുക തികയ്ക്കുന്നതിനായി മരിയാപുരം, പന്തല്ലൂര്‍, നെന്മേനി, മണിമൂളി തുടങ്ങിയ ഇടവകകളില്‍നിന്നും പിരിവെടുക്കുകയുണ്ടായി. പള്ളിയ്ക്ക്‌ വേണ്ടിയുള്ള സ്ഥലം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞപ്പോള്‍ പള്ളി നിര്‍മ്മാണത്തിനുള്ള ശ്രമം ആരംഭിച്ചു.പൊതുപ്പണിയിലൂടെ ചെങ്കുത്തായ സ്ഥലം കിളച്ചുനിരത്തി തറയ്ക്കുള്ള പണി ആരംഭിച്ചു. തുലാപ്പിള്ളി അപ്പച്ചേട്ടന്‍, മാത്യുക്കുട്ടി. ഇലവുമ്മൂട്ടില്‍ കൊച്ചാപ്പിച്ചേട്ടന്‍, പാപ്പിച്ചി, പുളിക്കല്‍ കുട്ടന്‍ചേട്ടന്‍, ചക്കുങ്കല്‍കുട്ടന്‍ചേട്ടന്‍, വെള്ളുകുന്നേൽജോണ്‍ചേട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാട്ടുകല്ലുകൊണ്ട്‌ തറ കെട്ടി,മണ്‍കട്ട പിടിച്ച്‌ ഉണക്കിയെടുത്ത്‌ ഭിത്തികെട്ടി,കാട്ടുകമ്പുകളും മുളയും ഉപയോഗിച്ച്‌ മേല്‍ക്കുടും നിര്‍മ്മിച്ചു. തെങ്ങോല വെട്ടിയെടുത്ത്‌ മെടഞ്ഞ്‌ പള്ളി കെട്ടിമേഞ്ഞു. വീടുകളില്‍നിന്നും ചെറിയ മരത്തടികള്‍ ശേഖരിച്ച്‌ മില്ലില്‍ കൊണ്ടുപോയി ഉരുപ്പടിയാക്കി,ജനാലകളും കട്ടിളകളും വാതിലും ഉണ്ടാക്കി. പ്രതീക്ഷിച്ചതിലും നേരത്തെ ഭിത്തിയും തറയും മദ്ബഹായും തേച്ചുമിനുക്കി പള്ളി ഭംഗിയാക്കി. 1976 ജനുവരി 22 ന്‌ കുമംകുളം ഗ്രാമത്തിലെ കത്തോലിക്കവിശ്വാസികളുടെ ആത്മീയ സന്തോഷത്തിന്റെ

പൂര്‍ത്തീകരണമായി സെന്റ്‌ മേരീസ്‌ പള്ളിയുടെ കുദാശകര്‍മ്മം അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവ്‌ നിര്‍വ്വഹിച്ചു.


ആദ്യത്തെ തിരുന്നാളാഘോഷത്തോടനുബന്ധിച്ച്‌ അഭിവന്ദ്യ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം നടന്നു. തുടര്‍ന്ന്‌ അഭിവന്ദ്യ പിതാവിന്റെ അദ്ധ്യക്ഷതയില്‍ ആദ്യത്തെ പൊതുയോഗം ചേര്‍ന്നു.പൊതുയോഗത്തില്‍ വച്ച്‌ പള്ളിയുടെ കമ്മറ്റിഅംഗങ്ങളെയും കൈക്കാരന്‍മാരെയും തെരഞ്ഞെടുത്തു.കൈക്കാരന്മാരായി തുലാപ്പിള്ളില്‍ വര്‍ഗീസും ഇലവുമ്മൂട്ടില്‍ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ ഞായറാഴ്ചകളിലും മതബോധന ക്ലാസ്സുകള്‍ നടത്തണമെന്ന അഭിവന്ദ്യ പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ഇടവകയിലെ മുഴുവന്‍ കുട്ടികളെയും പ്രായാടിസ്ഥാനത്തില്‍ വിവിധ ക്ലാസ്സുകളിലാക്കി വിശ്വാസ പരിശീലനം ആരംഭിച്ചു.ഒരു സ്വതന്ത്ര കുരിശുപള്ളിയായി പ്രവര്‍ത്തനം ആരംഭിച്ച ഈ ദൈവാലയത്തിന്‌ സമീപത്തായി സിമിത്തേരിക്കും സ്ഥലം നീക്കിവെച്ചിരുന്നു. സിമിത്തേരി നിര്‍മ്മാണത്തെ സംബന്ധിച്ച്‌ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ജോര്‍ജ്‌ കുത്തുകല്ലുങ്കല്‍ ഏതാനും കല്ലറകള്‍ കരിങ്കല്ലില്‍ പണിയുവാന്‍ സാമ്പത്തിക സഹായം നല്‍കി.അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവിനെ സന്ദര്‍ശിക്കാന്‍ വന്ന ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ നല്‍കിയ 2 5,000 ജര്‍മ്മന്‍ മാർക്ക് പള്ളിയുടെ പണിക്ക് വലിയ സഹായമായി. 1988 ല്‍ ബഹു. ജോണ്‍ മണലിലച്ചന്റെ കാലത്ത്‌ പുതിയ പള്ളിയുടെ പണി പൂര്‍ത്തിയാക്കി വെഞ്ചരിപ്പ്‌ നടത്തി. 1990 ല്‍ കുമംകുളം പള്ളിയെ ഇടവകയായി ഉയർത്തുകയും ഫാ. മാത്യു പുള്ളോലിക്കലിനെ വികാരിയായി നിയമിക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ക്രിസ്തുദാസിസന്ന്യാസിനികളുടെ ഒരു ശാഖാമഠം കുമംകുളത്ത്‌ സ്ഥാപിതമായി. തുടര്‍ന്ന്‌ ഫാ. ഫ്രാന്‍സിസ്‌ ഏഴാനിക്കാട്ട്‌ (എം.എസ്‌.ടി.) വികാരിയായി. യുവജന സംഘടനയുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടു. മറ്റു പൊതു ആവശ്യങ്ങള്‍ക്ക്‌ ഉപകരിക്കത്തക്കവിധം സണ്‍ഡേ സ്‌കൂള്‍കെട്ടിടം പണിതു. തുടര്‍ന്ന്‌ ഫാ. ജോര്‍ജ്‌ താമരശ്ശേരി വികാരിയായി വന്നു. ബഹു. ജോര്‍ജ്‌ അച്ചന്‍ പള്ളിപ്പറമ്പ്‌ നനയ്ക്കുവാനുള്ള ഡ്രിപ് ഇറിഗേഷന്‍ സംവിധാനം നടപ്പിലാക്കി. സങ്കീര്‍ത്തിയും അടുക്കളയും നിര്‍മ്മിക്കാന്‍ ആരംഭിച്ചു. പിന്നീട്‌ വികാരിയായി നിയമിതനായത്‌ ഫാ. ജോസഫ്‌ പുതക്കുഴിയാണ്‌. ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അച്ചന്‍ നേതൃത്വം നല്‍കി. സിമിത്തേരി വിപുലപ്പെടുത്തുകയും എല്ലാവര്‍ക്കുമായി കല്ലറകള്‍ ക്രമീകരിക്കുകയും ചെയ്തു.കുറച്ചുകാലം ഫാ. കുര്യാക്കോസ്‌ ചോംപ്ലാനി വികാരിയായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന്‌ ഫാ.അലക്സ്‌ മണക്കാട്ടുമറ്റം വികാരിയായി നിയമിതനായി.ബഹു. അച്ചന്‍ സങ്കീര്‍ത്തിയും മദ്ബഹയും പുനര്‍നിര്‍മ്മിച്ചു. അച്ചന്റെ പൌരോഹിത്യ സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി പള്ളിയ്ക്കു മുമ്പില്‍ റോഡ്‌ സൈഡില്‍ മാതാവിന്റെ ഗ്രോട്ടോയും ആമ്പല്‍കുളവും നിര്‍മ്മിച്ചു. ആരില്‍നിന്നും സഹായവും സ്വീകരിക്കാതെ അച്ചന്‍ സ്വന്തം ചെലവിലാണ്‌ ഈ പണികള്‍ നടത്തിയത്‌. തുടര്‍ന്ന്‌ ബഹു. ഡോമനിക്ക്‌ മുട്ടത്തുകുടിയിലച്ചന്‍ വികാരിയായി വന്നു. ഇടവകയില്‍ ആത്മീയമായ ഉണര്‍വ്വ്‌ വളര്‍ത്തിയെടുക്കാന്‍ അച്ചന്‍ നേതൃത്വം നല്‍കി. പിന്നീട്‌ ബഹു. മാത്യു മറ്റക്കോട്ടിലച്ചന്‍ വികാരിയായി വീണ്ടും നിയമിതനായി. ഇടവകയിലെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും അച്ചന്‍ നേതൃത്വം നല്‍കി. കുരിശിങ്കല്‍ ഭാഗത്തെ കുരിശടിയുടെ നിര്‍മ്മാണം, പള്ളി നവീകരണം എന്നിവ പൂര്‍ത്തിയാക്കി.നീണ്ട 9 വർഷത്തെ നിസ്വാർത്ഥമായ സേവനത്തിനു ശേഷം മാറിയ മറ്റക്കോട്ടിലച്ചന് ശേഷം ഫാ.ജോസഫ് ചുണ്ടയിൽ നിയമിതനായി.അച്ചൻ ഇടവകയിലെ യുവജനങ്ങളെ ചേർത്തുനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ഒരു പുതിയ പള്ളി പണിയുക എന്ന ലക്‌ഷ്യം ഇടവകയെ ബോധ്യപ്പെടുത്താനും അതിനു വേണ്ടി പ്രവർത്തനങ്ങൾ ആരംഭിക്കാനും അച്ചന് കഴിഞ്ഞു. ജോസഫ് ചുണ്ടയിൽ അച്ചന് ശേഷം ഫാ. ജോർജ് വെള്ളാരംകാലായിൽ നിയമിതനായി. ഇടവക സേവനത്തോടൊപ്പം ഉപരി പഠനവും നടത്തിയിരുന്ന ജോർജ് അച്ചൻ ഇടവകയിലെ മാതൃവേദിയും കെസിവൈഎമ്മും പ്രവർത്തന സജ്ജമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. ഒരു പുതിയ ദേവാലയം പണിയുക എന്ന ആശയത്തെ മുൻ നിർത്തി ധനസമാഹരണം ആരംഭിക്കാനും അദ്ദേഹത്തിനു സാധിച്ചു. പിന്നീട് നിയമിതനായ ഫാ.അഗസ്റ്റിൻ മച്ചുകുഴിയിൽ കൊറോണ കാലത്തും ഇടവകയുടെ ആത്മീയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. അപ്പോഴേക്കും പുതിയ ദേവാലയം പണിയുക എന്ന ഇടവകയുടെ ആവിശ്യം ശക്തിപ്പെട്ടു.അച്ചൻ ധന സമാഹരണത്തിനു വേണ്ടി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. തുടർന്ന് ആരംഭിച്ച മാസത്തിലൊരിക്കൽ നടത്തുന്ന ദേവാലയ നിർമാണ സ്തോത്രകാഴ്ചയും ലേലവും ശക്തമായി മുന്നോട്ട് പോകുന്നു. അഗസ്റ്റിൻ അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച മരിയൻ പരസ്പര സഹായ നിധി പദ്ധതിയും വിജയകരമായി നടന്നു കൊണ്ടിരിക്കുന്നു. ഈ സമയത്തു തന്നെ ഇടവകയിലെ ഒരു നിർധന കുടുംബത്തിന് ഒരു വീട് നിർമിച്ചു നൽകാനും അച്ചന് സാധിച്ചു. പുതിയ പള്ളിയുടെയും പള്ളി മുറിയുടെയും പ്ലാൻ വരക്കുകയും അതിനു അനുവാദം വാങ്ങുവാനും അച്ചന് കഴിഞ്ഞു. പള്ളിനിർമാണത്തിനായി വിവിധ പദ്ധതികളിലൂടെ ഒരു വലിയ തുക സമാഹരിച്ച ശേഷം അച്ചൻ ഇടവകയിലെ സേവനം അവസാനിപ്പിച്ചു. തുടർന്ന് ചുമതലയേറ്റ ഫാ. ജോസഫ് ഏഴാനിക്കാട്ട് ആണ് നിലവിലെ വികാരി. അച്ചന്റെ നേതൃത്വത്തിൽ ഇടവക, ദേവാലയ നിർമാണം എന്ന വലിയ സ്വപ്നത്തിലേക്ക് ചുവടുകൾ വെയ്ക്കുന്നതോടൊപ്പം ആത്മീയമായും മുന്നേറിക്കൊണ്ടിരിക്കുന്നു.