Progressing
ഇടവക ചരിത്രം
മലപ്പുറം ജില്ലയിൽ, കൊണ്ടോട്ടി താലൂക്കിൽ സെന്റ് പോൾസ് ദൈവാലയം രൂപത ഭവനത്തിൽ നിന്നും 55 കിലോമിറ്റർ അകലെ സ്ഥിതി ചെയ്യുന്നു. വിവിധ സ്ഥലങ്ങളിൽ ജോലി സംബന്ധമായിവന്നു താമസിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. ഏതാണ്ട് 20 കിലോമീറ്റർ ചുറ്റളവിലായി ഇടവകാംഗങ്ങൾ താമസിക്കുന്നു. അടുത്തെങ്ങും ദൈവാലയം ഇല്ലാതിരുന്നതിനാൽ മഞ്ചേരി, മലപ്പുറം, മാവൂർ, തേഞ്ഞിപ്പലം തുടങ്ങിയ ഇടവകകളെയാണ് ഇവിടെയുളളവർ ആശ്രയിച്ചിരുന്നത്. ഇടവകാംഗങ്ങളുടെ ആവശ്യപ്രകാരം 1998 തുടങ്ങി എടവണ്ണപ്പാറയിൽ ഒരു വാടക കെട്ടിടത്തിൽ മാവൂർ വികാരിയായിരുന്ന ബഹു. ജയിംസ് പുൽത്തകിടിയിലച്ചൻ ദിവ്യബലി അർപ്പിക്കുവാൻ ആരംഭിച്ചു. സ്ഥലപരിമിധി പരിഗണിച്ച് പുതിയ സൗകര്യം കണ്ടെത്തുവാൻ തീരുമാനിച്ചു. തദവസരത്തിൽ ഡോ: ജോർജ്ജ് ചുങ്കത്ത് കോടങ്ങാടുള്ള തന്റെ വസതിയിൽ സൗകര്യം നൽകുവാൻ സന്നദ്ധനായി. മൂന്നു വർഷത്തോളം അദ്ദേഹ ത്തിന്റെ വസതിയിൽ ബഹു. ജയിംസച്ചൻ ദിവ്യബലി അർപ്പിച്ചു. മഞ്ചേരി, മലപ്പുറം, തേഞ്ഞിപ്പലം, ഇടവകകളിൽ വികാരിമാരായിരുന്ന ബഹു. വൈദികർ അജപാലന ശുശ്രൂഷയിൽ സഹായിച്ചു.
2001 ഒക്ടോബർ 7 ന് അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പള്ളി പിതാവ് ഡോ. ജോർജിന്റെ വസതിയിൽ ദിവ്യബലിയർപ്പിച്ചു. ഇവിടുത്തെ ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി കോഴിക്കോട് മലപ്പുറം ഹൈവേയിൽ തലേക്കരയിൽ 30 സെന്റ് സ്ഥലം വാങ്ങിക്കുകയും ദൈവാലയത്തിന്റെ പണിയാരംഭിക്കുകയും ചെയ്‌തു. ജനങ്ങളുടെ പൂർണ്ണമായ സഹകരണവും താൽപര്യവും ഉണ്ടായിരുന്നതിനാൽ 2003 ജൂൺ മാസത്തോടെ പണിപൂർത്തിയായി. വി. പൗലോസിന്റെ നാമധേയത്തിൽ ജൂൺ 29 ന് വി. പത്രോസ്, വി പൗലോസ് ശ്ലീഹന്മാരുടെ തിരുന്നാൾ ദിനത്തിൽ അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് പള്ളിയുടെ കൂദാശകർമ്മം നിർവ്വഹിച്ചു. ബഹു. ജയിംസ് പുൽത്തകിടിയിലച്ചനെ കൊണ്ടോട്ടി ഇടവക ചാർജ്ജ് ഏൽപിക്കുകയും ചെയ്‌തു.
2004 മെയ് മാസത്തിൽ ഇടവകയിൽ സേവനമനുഷ്ടിക്കുന്നതിനായി മരിയഹൃദയ പു ത്രിമാർ സന്നദ്ധത പ്രകടിപ്പിക്കുകയും കോൺവെന്റിന്റെ ആശീർവാദകർമ്മം 2004 നവംബർ 25 ന് അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് നിർവ്വഹിക്കുകയും ചെയ്‌തു. 2005 ജൂൺ മാസത്തിൽ കുട്ടികൾക്കായി ഡേ കെയർ സെന്ററും, നേഴ്‌സറി സ്കൂളും, 2005 ഒക്ടോബർ മാസത്തിൽ വനിതാഹോസ്‌റ്റലും ആരംഭിച്ചു.
2005 മെയ് മാസത്തിൽ ബഹു. ജോസഫ് അടിപ്പുഴയച്ചൻ വികാരിയായി ചാർജെജ്ജ ടുത്തു. ആരോഗ്യപരമായ കാരണങ്ങളാൽ 2005 ആഗസ്റ്റ് മാസത്തിൽ ജോസച്ചൻ സ്ഥലംമാറി പോവുകയും 2006 ഫെബ്രുവരി 5 ന് തോമസ് ചക്കിട്ടമുറിയിലച്ചൻ ചാർജെടുക്കുകയും ചെയ്‌തു. 2006 ഫെബ്രുവരി 5 ന് അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് കൊണ്ടോട്ടി സെന്റ് പോൾസ് പള്ളിയെ ഇടവകയായി പ്രഖ്യാപിച്ചു. ബഹു തോമസച്ചന്റെ മേൽനോട്ടത്തിൽ ദൈവാലയത്തിന്റെ മുഖവാരം നിർമ്മിച്ചു. 2009 മെയ് മുതൽ 2012 മെയ് മാസം വരെ ജോർജ്ജ് മംഗലപ്പള്ളിയച്ചൻ വികാരിയായിരുന്നു. തുടർന്നുള്ള രണ്ട് വർഷക്കാലം തോമസ് തേവടിയിലച്ചന്റെ സേവനക്കാലമായിരുന്നു. 2014 മെയ് 10 ന് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവ് ചുവപ്പുങ്കൽ തോമസച്ചനെ കൊണ്ടോട്ടിയുടെ പുതിയ അജപാലകാനായി നിയമിച്ചു. ഈ കാലയളവിൽ അൾത്താര നവീകരിക്കുകയും പള്ളിയുടെ ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിക്കുയും ചെയ്‌തു. പള്ളിവരാന്തയുടെ ടൈൽവർക്കുകളും മതബോധനാവശ്യങ്ങൾക്കുള്ള ഹാൾ നിർമ്മാണവും അതോടൊപ്പം പൂർത്തിയായി. വിശ്വാസപരിശീലന പരിപാടികളും, വിവിധ ഭക്തസംഘടനകളും ഇടവകയിൽ സജീവമായി. ഗായകസംഘത്തിന്റെയും ആൾത്താര സംഘത്തിന്റെയും ശുശ്രൂഷകൾ ഉയർന്ന നിലവാരത്തിലെത്തി. സ്നേഹക്കൂട് എന്ന ആശയത്തെ ഇടവകയിലാവിഷ്‌ക്കരിക്കന്നതിനുള്ള പ്രഥമ നടപടികൾ ആരംഭിച്ചു. എല്ലാവർഷവും ജനുവരി മാസത്തിൽ അവസാന വെള്ളി ശനി ഞായർ ദിവസങ്ങളിൽ ഇടവകയുടെ തിരുന്നാൾ ആഘോഷിച്ചുവരുന്നു.