Progressing

Parish History

സെന്‍റ് മേരീസ് ചര്‍ച്ച്

സെന്‍റ് മേരീസ് ഇടവക കാറ്റുള്ളമല

1949 ല്‍ സ്ഥാപിതമായ കൂരാച്ചുണ്ട് ഇടവകയില്‍ ഉള്‍പ്പെട്ടതായിരുന്നു കാറ്റുള്ളമല പ്രദേശം. ഈ പ്രദേശത്ത് തുണ്ടത്തില്‍ക്കാരുടെ സ്ഥലത്ത് പുതുപ്പറമ്പില്‍ കൊച്ചേട്ടന്‍റെ പ്രയത്നഫലമായി ഉണ്ടായ താല്‍ക്കാലിക ഷെഡ്ഡില്‍ 1952- ല്‍ ബഹുമാനപ്പെട്ട തയ്യിലച്ചന്‍ ആദ്യമായി വി. കുര്‍ബാന അര്‍പ്പിച്ചു. ഈ ഷെഡ്ഡില്‍ കാറ്റുള്ളമലയിലെ കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുവാനും തുടങ്ങി. ഒരു കുരിശുപള്ളിയെങ്കിലും പണിയുവാന്‍ നൂറ്റിയെണ്‍പത്തിയഞ്ച് രൂപ സമാഹരിച്ച് ഇപ്പോള്‍ കാറ്റുള്ളമലയില്‍ ലക്ഷംവീട് സ്ഥിതി ചെയ്യുന്ന പ്രദേശം വാങ്ങിക്കുവാന് ശ്രമിക്കുമ്പോഴാണ് പുത്തന്‍പുരയില്‍ ഔസേപ്പ് ചേട്ടന്‍ തന്‍റെ സമ്പാദ്യത്തിലുള്ള സ്ഥലം പള്ളി പണിയുന്നതിനുവേണ്ടി സൌജന്യമായി നല്‍കാമെന്ന് അറിയിച്ചത്. ആ നൂറ്റിയെണ്‍പത്തിയഞ്ച് രൂപ കൊണ്ട് പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചു. ഔസേപ്പ് ചേട്ടന്‍ നല്‍കിയ സ്ഥലത്ത് 1953 ല്‍ കരിങ്കല്‍ തൂണില്‍ ഒരു താല്‍ക്കാലിക കെട്ടിടം പണി തീര്‍ത്തു. പുതുപറമ്പില്‍ കൊച്ചേട്ടനാണ് ഇതിന് നേതൃത്വം വഹിച്ചത്. അദ്ദേഹത്തിന്‍റെ കൂടെ കൊച്ചുവീട്ടില്‍ ചാക്കോ ചേട്ടനും, മകന്‍ കൊച്ചേട്ടനും, പുത്തന്‍പുരയില്‍ ഔസേപ്പ് ചേട്ടനും, മുണ്ടക്കപ്പടവില്‍ ജോസഫ് ചേട്ടനും ഉണ്ടായിരുന്നു. തുടര്‍ന്ന് മദ്രാസ് സര്‍ക്കാരിലേക്ക് എല്‍.പി. സ്കൂള്‍ തുടങ്ങുന്നതിന് അപേക്ഷിക്കുകയും ചെയ്തു.

1953-ല്‍ തലശ്ശേരി രൂപത നിലവില്‍ വന്നു. അതുവരെ ലത്തീന്‍ റീത്തില്‍പ്പെട്ട കോഴിക്കോട് രൂപതയുടെ കീഴിലായിരുന്നു ഈ പ്രദേശങ്ങളെല്ലാം. 1955 ല്‍ കൂരാച്ചുണ്ട് പള്ളിയുടെ കീഴില്‍ ഒരു സ്റ്റേഷനായി കാറ്റുള്ളമല അംഗീകരിച്ചു. പിന്നീട് എല്ലാ ഞായറാഴ്ചയും കൂരാച്ചുണ്ടില്‍ നിന്ന് അച്ചന്‍ വന്ന് ഇവിടെ കുര്‍ബാന അര്‍പ്പിച്ചിരുന്നു. വീണ്ടും കാലങ്ങള്‍ പിന്നിട്ടതിനുശേഷമാണ് നമ്മുടെ മുന്‍ ദേവാലയത്തിന്‍റെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

1952 ല്‍ ആദ്യമായി റവ: ഫാ. വര്‍ഗീസ് തയ്യില്‍ താല്‍ക്കാലിക ഷെഡില്‍ കാറ്റുള്ളമലയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു.

1955 ല്‍ കൂരാച്ചുണ്ട് ഇടവകയുടെ കീഴില്‍ സ്റ്റേഷന്‍ പള്ളിയായി അംഗീകരിക്കപ്പെട്ടു. എല്ലാ ഞായറാഴ്ചകളിലും വി. കുര്‍ബാന ആരംഭിച്ചു.

1957 ജൂണ്‍ 1 ന് കാറ്റുള്ളമലയില്‍ സ്കൂള്‍ അനുവദിച്ചു.

1966 ഏപ്രില്‍ 4 ന് കാറ്റുള്ളമല സ്വതന്ത്ര ഇടവകയായി. കൂരാച്ചുണ്ട് പള്ളി വികാരിയായിരുന്ന മോണ്‍. മൂലക്കുന്നേല്‍ അച്ചനാണ് ഇടവകയുടെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. കൂരാച്ചുണ്ട് പള്ളിയിലെ അസിസ്റ്റന്‍റ് വികാരിയായിരുന്ന ബഹു. ജോസഫ് കൊട്ടുകാപ്പിള്ളി അച്ചനെ ഇടവകയുടെ പ്രഥമ വികാരിയായി അഭിവന്ദ്യ മാര്‍ വള്ളോപ്പിള്ളി പിതാവ് നിയമിച്ചു. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കാറ്റുള്ളമല പള്ളിക്ക് യാതനകളുടേയും വേദനകളുടേയും ബാലപീഡകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്.

1987-90 കാലഘട്ടത്തില്‍ പള്ളിമുറി നിര്‍മ്മിച്ചു. ഇടവകയില്‍ തിരുഹൃദയമഠം ആരംഭിച്ചു,

1997 മാര്‍ച്ച് 23 ന് മാര്‍ പോള്‍ ചിറ്റിലപ്പള്ളി പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു.

2000 ജനുവരി 15 ന് ദേവാലയത്തിന്‍റെ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു. ദേവാലയ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് റവ: ഫാ. പോള്‍ പുത്തന്‍പുര ആയിരുന്നു.

പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആദര്‍ശത്തില്‍ അടിയുറച്ചുനിന്നതിന്‍റെ ഫലമായി സ്ഥാപിക്കപ്പെട്ട നിര്‍മ്മല എല്‍.പി. സ്കൂള്‍ പിന്നീട് നിര്‍മ്മല യുപി സ്കൂളായി മാറി.

2012-17 ഫാ മാത്യു നിരപ്പേല്‍ അച്ചന്‍റെ കാലഘട്ടത്തിലാണ് നിര്‍മ്മല യു.പി. സ്കൂളിനെ പള്ളിയോട് ചേര്‍ന്നുള്ള സ്ഥലത്ത് മാറ്റി സ്ഥാപിച്ചത്.

ഫാ മാത്യു നിരപ്പേല്‍ അച്ചന്‍റെ കാലഘട്ടത്തിലാണ് പരിശുദ്ധ കന്യാമറിയ ത്തിന്‍റെ രൂപം പ്രതിഷ്ഠിച്ച് ഒരു ഗ്രോട്ടോ പള്ളിയുടെ മുന്‍ഭാഗത്ത് താഴെ റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ചത്.

ഊളേരിയില്‍ ബോസ് പൊന്നെടുത്താം കുഴി പള്ളിക്ക് സംഭാവനയായി കുരിശുപള്ളി പണിയാന്‍ കൊടുത്ത സ്ഥലത്ത് ബഹു. കുര്യാക്കോസ് കൊച്ചു കൈപ്പേല്‍ അച്ചന്‍റെ കാലഘട്ടത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ ഒരു കുരിശുപള്ളി നിര്‍മ്മിക്കുകയും അവിടെ എല്ലാ ബുധനാഴ്ചയും വൈകുന്നേരം 5 മണിക്ക് നൊവേനയും വി. കുര്‍ബാനയും നടത്തുകയും ചെയ്യുന്നുണ്ട്.

18 യൂണിറ്റുകളിലായി 250 കുടുംബങ്ങള്‍ ഇന്ന് കാറ്റുള്ളമല ഇടവകയില്‍ ഉണ്ട്.

റോഡുകളും പാലങ്ങളും വൈദ്യുതിയും ഫോണും കാറ്റുള്ളമലയെ വികസനത്തിന്‍റെ പാതയിലേക്ക് നയിച്ചു. കാറ്റുള്ളമലയുടെ വികസനത്തിനായി വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ച ബഹു. വൈദികരെ നിറമിഴി കളോടും നന്ദിയോടും കൂടെ ഓര്‍ക്കുന്നു.