Progressing

Parish History

സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച് - കാളികാവ്‌

ഇടവക ചരിത്രത്തിലൂടെ...


മലപ്പുറം ജില്ലയിലെ പഴയ ഏറനാട് താലൂക്കില്‍ നിന്ന് രൂപീകരിച്ച നിലമ്പൂര്‍ താലൂക്കില്‍ കാളികാവ് പഞ്ചായത്തില്‍ കാളികാവ് കരുവാരകുണ്ട് സംസ്ഥാനപാതയ്ക്ക് അഭിമുഖമായി ചെങ്കോട് എന്ന സ്ഥലത്ത് കാളികാവ് പള്ളി സ്ഥിതി ചെയ്യുന്നു. 

തെക്കുനിന്നുള്ള കര്‍ഷകരുടെ കുടിയേറ്റം 1939 ല്‍ ഇവിടെ ആരംഭിച്ചു. കാഞ്ഞിരപ്പള്ളിക്കാരന്‍ പള്ളിവാതുക്കല്‍ പി.സി ജോര്‍ജ് ആയിരുന്നു ആദ്യകുടിയേറ്റക്കാരന്‍ പിന്നീട് കുരിശുകുന്നേല്‍ തോമസ്, വെട്ടിക്കല്‍ തോമസ്, മാളിയേക്കല്‍ പുല്ലന്‍ തോമസ്, നരിക്കാട്ട് മാത്യു, തറപ്പേല്‍ ജോണ്‍, പുന്നയ്ക്കാത്തടം പാപ്പു, പിണക്കാട്ട് ജോസഫ്, പൂവ്വക്കോട്ടില്‍ വര്‍ക്കി തുടങ്ങി പലരും കുടിയേറ്റക്കാരായി എത്തി. വ്യവസായി ആയിരുന്ന കുരുവിത്തടം ഐസക്ക് കാളികാവില്‍ തോട്ടം വാങ്ങി വന്‍തോതില്‍ ഉള്ള കുടിയേറ്റം പക്ഷേ കാളികാവില്‍ ഉണ്ടായില്ല. കൂടാതെ അധ്യാപക ജോലിക്കായി കുറെ പേര്‍ കാളികാവില്‍ വരികയും താമസിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് കാളികാവില്‍ പള്ളി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. മലയടിവാരത്തില്‍ പള്ളിക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങിയിരുന്നു. പ്രസ്താവിച്ചവരില്‍ ചിലര്‍ പള്ളി പണിയുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനായി കുരുവിത്തടം ഐസക്കിനെ കണ്ടു. അരിമണല്‍ ആശ്രമവാസിയും അടയ്ക്കാക്കുണ്ട് പള്ളിയുടെ ചുമതലക്കാരനുമായിരുന്ന ബഹു മാനുവല്‍ മുണ്ടന്‍വേലിയില്‍ അച്ഛന്‍ ofm cap ഇവരോടൊപ്പം ഉണ്ടായിരുന്നു. പള്ളിക്ക് മെയിന്‍ റോഡില്‍ സ്ഥലം വാങ്ങാനും പള്ളി പണിയാനും അദ്ദേഹം തയ്യാറാവുകയും നാട്ടുകാരുടെ സഹകരണത്തോടെ പള്ളി പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.

പുതിയ കെട്ടിടം ഉണ്ടാക്കുന്നതിന് മുമ്പ് സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടത്തില്‍ 1975 ഡിസംബര്‍ മൂന്നിന് ഇടവക മധ്യസ്ഥന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ദിനത്തില്‍ ബഹു. മാനുവല്‍ അച്ഛന്റെ കാര്‍മികത്വത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. പള്ളി ആരംഭിക്കുന്നതിനുള്ള അനുമതിയും മറ്റും അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവാണ് നല്‍കിയത്. പള്ളിക്ക് വേണ്ട സ്ഥലം തെക്കഞ്ചേരി കോയ ഹാജിയില്‍ നിന്നാണ് വാങ്ങിയത്. 1979 ഫെബ്രുവരി 29 ന് പുതിയ പള്ളി മന്ദിരത്തിന്റെ തറക്കല്ലിടുകയും പണി ആരംഭിക്കുകയും ചെയ്തു. ഇപ്പോഴത്തെപള്ളി കെട്ടിടം 1977 സെപ്റ്റംബര്‍ ഒന്നാം തീയതി അഭിവന്ദ്യ മാര്‍ വള്ളോപ്പിള്ളി പിതാവ് കൂദാശ ചെയ്തു. ബഹു. മാനുവേല്‍ കപ്പൂച്ചില്‍ അച്ഛനും നാട്ടുകാരില്‍ പിണക്കാട്ട് ജോസഫ്, പൂവക്കോട്ടില്‍ വര്‍ക്കി, ജോണ്‍ തറപ്പേല്‍, എബ്രഹാം പള്ളിവാതുക്കല്‍, ജോസഫ് പുന്നയ്ക്കാതടം, മാണി ചാണ്ടിക്കൊല്ലിയില്‍ എന്നിവരും പ്രത്യേകം സ്മരണാര്‍ഹരാണ്. 


2001 ആഗസ്റ്റില്‍ ഇടവകയില്‍ ക്ലാരിസ്റ്റ് ഫ്രാന്‍സിസ്‌ക്കന്‍ മിഷണറീസ് ഓഫ് ദി മോസ്റ്റ് ബ്ലസ്ഡ് സാക്രമെന്റ് സന്യാസ സമൂഹത്തിന്റെ മഠം സ്ഥാപിതമായി. 2003 ജൂണ്‍ രണ്ടിന് മഠത്തിന്റെ കീഴില്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ ഈ സ്‌കൂള്‍ കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നു.


1983 ഏപ്രില്‍ 17ന് ബഹുമാനപ്പെട്ട മാത്യു ഓണയത്താന്‍കുഴിയച്ചന്‍ വികാരി ആയിരിക്കുമ്പോള്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവ് പള്ളിമേട വെഞ്ചരിച്ചു. ബഹു. അലക്‌സ് മണക്കാട്ടുമറ്റത്തില്‍ അച്ഛന്റെ കാലത്താണ് പള്ളിയങ്കണം തീര്‍പ്പാക്കിയതും റോഡില്‍ നിന്നുള്ള കരിങ്കല്‍ നടകളും സെമിത്തേരിയും കല്ലറകളും നിര്‍മ്മിച്ചത്. ബഹുമാനപ്പെട്ട ആന്റോ ജോണ്‍ മൂലയില്‍ അച്ഛന്റെ കാലത്ത് സണ്‍ഡേ സ്‌കൂളിന് വേണ്ടിയുള്ള ഇരുനില കെട്ടിടം പണിപൂര്‍ത്തിയാക്കുകയും.

പാരിഷ് ഹാളിന്റെ വെഞ്ചരിപ്പു കര്‍മ്മം 2007 ഏപ്രില്‍ 20 ന് അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് നിര്‍വഹിച്ചു. അന്നേ ദിവസം തന്നെ പുതിതായി സ്ഥാപിച്ച ബലിപീഠത്തിന്റെ കൂദാശകര്‍മ്മവും പിതാവ് നിര്‍വഹിച്ചു.

ഇടവകയില്‍ ഭക്തസംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

കുറച്ച് കാലം മുമ്പ് വരെ കാളികാവ് പള്ളിയുടെ ഭരണചുമതലയില്‍ ഉണ്ടായിരുന്ന വാണിയമ്പലം സെന്റ് മേരീസ് ചര്‍ച്ച് 2007 ഫെബ്രുവരി 11 ന് സ്വതന്ത്ര ഇടവകയായി മാറുകയും പുതിയ വികാരിയെ അവിടേക്ക് നിയമിക്കുകയും ചെയ്തു. സിമിത്തേരി സൗകര്യങ്ങള്‍ അവിടെ ലഭ്യമല്ലാത്തതിനാല്‍ കാളികാവ് ഇടവക പള്ളിയുടെ സിമിത്തേരി ഇപ്പോഴും ഉപയോഗിച്ച് വരുന്നു.


1973 ല്‍ സ്‌നേഹസദന്‍ എന്ന പേരില്‍ ആരംഭിച്ച കപ്പൂച്ച്യന്‍ ആശ്രമം ഈ ഇടവകയിലെ അരിമണലില്‍ സ്ഥിതി ചെയ്യുന്നു. 1982 മുതല്‍ ഈ ആശ്രമം യേശുനിവാസ് എന്ന പേരില്‍ അറിയപ്പെടുന്നു.


ഇടവകയില്‍ സേവനം അനുഷ്ഠിച്ച വൈദികര്‍

ഫാ. മാനുവല്‍ മുണ്ടന്‍ വേലിയില്‍ ofm cap (1975 -1977), ഫാ. അഗസ്റ്റിന്‍ നടുവിലെകൂറ്റ് (1977-1978), ഫാ. ജോര്‍ജ് കഴിക്കച്ചാലില്‍ (1978-1981), ഫാ. മാത്യു ഓണയാത്താന്‍കുഴി (1981-1984), ഫാ. സൈമണ്‍ വള്ളോപ്പിള്ളി (1984-1987), ഫാ. മാത്യു തെക്കഞ്ചേരികുന്നേല്‍ (1987-1991), ഫാ. മാത്യു പൊയ്യക്കര (1991), ഫാ. കുര്യാക്കോസ് ചേബ്ലാനി (1991-1992), ഫാ. തോമസ് പേടിക്കാട്ടുകുന്നേല്‍ (1992), ഫാ. ദേവസ്യ വലിയപറമ്പില്‍ (1992-1995), ഫാ. അലക്‌സ് മണക്കാട്ടുമറ്റം (1995-2001), ഫാ. ജോസഫ് തുരുത്തിയില്‍ (2001), ഫാ. സെബാസ്റ്റ്യന്‍ വെള്ളാരംകുന്നേല്‍ (2001-2004), ഫാ. ആന്റോ ജോണ്‍ മൂലയില്‍ (2004-2008), ഫാ. സെബാസ്റ്റ്യന്‍ ഇളംതുരുത്തിയില്‍ (2008-2011), ഫാ. ജെയിംസ് പുല്‍തകിടിയേല്‍ (2011-2014), ഫാ. ജോസഫ് അരഞ്ഞാണിയോലിക്കല്‍ (2014-2016), ഫാ. ജോജോ എടക്കാട്ട് (2016-2019), ഫാ. അബ്രഹാം മഴുവഞ്ചേരിയില്‍ (2019- 2020),ഫാ അന്വേഷ് പാലക്കീല്‍ (2020) ഫാ. മാത്യു കണ്ടശാംകുന്നേല്‍ (2020-2023), ഫാ. ഡൊമിനിക്ക് മുട്ടത്തുകുടിയില്‍ (2023-2024) എന്നിവര്‍ ഇടവകയില്‍ സേവനം ചെയ്തു പോയവരാണ്. ഇപ്പോള്‍ വികാരിയായി ഫാ. ജോസഫ് കൂനാനിക്കല്‍ സേവനം ചെയ്തു വരുന്നു...