Progressing

Parish History

St.Thomas Church

ചരിത്രം


1923ൽ മംഗലാപുരത്തു നിന്നു വേർതിരിഞ്ഞ് കോഴിക്കോട് കേന്ദ്രമാക്കി ലത്തീൻ രൂപതയുണ്ടാക്കി. ആദ്യമെത്രാനായ പോൾ പെരീനി എസ്.ജെയുടെ മെത്രാഭിഷേകച്ചടങ്ങു  മുതൽ സി.എം.ഐ സഭയുമായുള്ളബന്ധം ആരംഭിച്ചു. 1926ൽ തന്നെ അദ്ദേഹം കോഴിക്കോട്ട് ഒരാശ്രമം തുടങ്ങാനായി ക്ഷണിച്ചിരുന്നു. അതു നടപ്പായത് 1935ൽ ആണ്. ചെറുവണ്ണൂരിലായിരുന്നു തുടക്കം. എന്നാൽ 1936ൽ കടലുണ്ടിയിൽ സ്ഥലം വാങ്ങി സി.എം.ഐ ആശ്രമം തുടങ്ങുകയും 1949 വരെ പ്രവർത്തിച്ചശേഷം ചെറുവണ്ണൂർ കോഴിക്കോട് രൂപതയെ തിരിച്ചേൽപ്പിക്കുകയും ചെയ്തു. 1950 കളിലാണ് ബഹു. ഹൊർമീസ് പെരുമാലിൽ സി.എം.ഐ കോഴിക്കോട് രൂപതയെ സാഹിത്യ-സാംസ്കാരിക കാര്യങ്ങളിൽ സഹായിക്കാനായി കോഴിക്കോട്ടെത്തിയത്. കത്തീഡ്രലിൽ താമസിച്ചുകൊണ്ട് ഈ രംഗത്ത് പല പ്രവർത്തനങ്ങളും ചെയ്തു  വരവെയാണ് രൂപതയ്ക്കു വേണ്ടി പ്രകാശം,ക്രിസ്റ്റഫർ മാസികകൾ ആരംഭിച്ചത്. 1953 ൽ സി.എം.ഐ സഭ മൂന്ന് പ്രോവിൻസുകളായി വിഭജിക്കപ്പെട്ടു. കോട്ടയം പ്രോവിൻസിലെ അംഗമായിരുന്ന അദ്ദേഹത്തെ മലബാർ ഭാഗത്തുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കുവാൻ  പറ്റിയ ഒരു സ്ഥാപനത്തിനു സ്ഥലം കോഴിക്കോട്ട് കണ്ടെത്തുവാൻ പ്രേരിപ്പിച്ചതു പോലെ അദ്ദേഹവും ഇതേ കാര്യത്തിൽ തനിക്കുള്ള താൽപ്പര്യം അധികാരികളുമായി പങ്കു വച്ചു. ബഹു. ഹൊർമീസച്ചൻ ഈ സമയത്തിനുള്ളിൽ കോഴിക്കോട്ട് ജനശ്രദ്ധ നേടിയ വൈദികനായി മാറിയിരുന്നു. സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന തെരുവത്ത് രാമനും ശ്രീ എം.സി. എബ്രഹാമുമായുള്ള സൗഹൃദം സ്ഥലാന്വേഷണത്തിൽ സഹായകമായി. കോഴിക്കോട് നാലാം റെയിൽവേ ഗേറ്റിനു സമീപമുള്ള ഇന്നത്തെ അമലാപുരിയുടെ സ്ഥലം കണ്ടെത്തി. ശ്രീ. എം.എൻ. നായരുടെ പുത്രി ശ്രീമതിവി.ജെ. നെടുങ്ങാടിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു പയറ്റു വളപ്പും നെല്ലൂളിപ്പറമ്പും. 1954 ഏപ്രിൽ നാലിന് ഈ സ്ഥലം വാങ്ങുകയും "മാതാവിന്റെ പട്ടണം'എന്നർഥമാകുന്ന അമലാപുരി എന്നദ്ദേഹം പേരു നൽകുകയും ചെയ്തു. താമസിയാതെ സാൻതോം കാർമൽ' എന്ന സി.എം.ഐ സ്ഥാപനത്തിനു തുടക്കം കുറിച്ചു. അടുത്ത മാസം തന്നെ തോമാ ശ്ലീഹായുടെ നാമത്തിൽ പണിയാനുദ്ദേശിക്കുന്ന പള്ളിക്ക് 1954 ഡിസംബർ 21ന് കോഴിക്കോട് രൂപതയുടെ മെത്രാൻ അഭിവന്യ അൽദോ മരിയ പത്രോണി വെഞ്ചരിച്ച് തറക്കല്ലിട്ടു. 1955 ഡിസംബർ 21ന് പണി പൂർത്തിയാക്കിയ പള്ളി തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ അഭിവദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി കൂദാശകർമം ചുരുങ്ങിയ നാളുകൾക്കുള്ളിൽ അമലാപുരി പള്ളി ജനത്താൽ ശ്രദ്ധിക്കപ്പെട്ടു.